Attempted assassination against Slovakian Prime Minister Robert Fico. Reports say that he was shot more than once and his condition is critical.
ബ്രാറ്റിസ് ലാവ: സ്ലോവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയ്ക്കു നേരേ വധശ്രമം. ഒന്നിലേറെ തവണ വെടിയേറ്റ അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു. അദ്ദേഹത്തിന് അടിവയറ്റില്‍ നാലു തവണ വെടിയേറ്റതായാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.
സെന്‍ട്രല്‍ സ്ലോവാക് പട്ടണമായ ഹാന്‍ഡ്ലോവയില്‍ നടന്ന ഒരു സര്‍ക്കാര്‍ യോഗത്തിന് ശേഷം പുറത്തേയ്ക്കിറങ്ങുമ്പോഴാണ് വെടിയേറ്റത്. സാംസ്‌കാരിക കേന്ദ്രത്തിന് പുറത്തുള്ള തെരുവില്‍ പ്രധാനമന്ത്രിയെ അഭിവാദ്യം ചെയ്യാന്‍ കാത്തുനിന്ന ജനക്കൂട്ടത്തിനിടയില്‍ തോക്കുധാരിയും ഉണ്ടായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഫിക്കോയെ ആദ്യം ഒരു പ്രാദേശിക ആശുപത്രിയിലേക്ക് കൊണ്ടുപോയി, തുടര്‍ന്ന് ഹെലികോപ്റ്ററില്‍ 30 കിലോമീറ്റര്‍ അകലെയുള്ള ബന്‍സ്‌ക ബൈസ്ട്രിക്കയിലെ ഒരു പ്രധാന ട്രോമ സെന്ററിലേക്ക് മാറ്റി.
തോക്കുധാരിയെന്ന് സംശയിക്കുന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തതായി സ്ലോവാക് പ്രസിഡന്റ് സുസാന കപുട്ടോവ പറഞ്ഞു.
സംഭവസ്ഥലത്ത് നിന്നുള്ള ഒരു വീഡിയോയില്‍ നിലത്തുകിടക്കുന്ന ഒരാളെ പൊലീസ് തടഞ്ഞുവച്ചിരിക്കുന്നത് കാണാം. അക്രമിയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ഫിക്കോയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ വെബ്സൈറ്റിലും പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ നടന്നതു വധശ്രമമാണെന്നു വ്യക്തമാക്കിയിട്ടുണ്ട്.
''അദ്ദേഹത്തിന് ഒന്നിലധികം തവണ വെടിയേറ്റു, ഇപ്പോള്‍ ജീവന്‍ അപകട നിലയിലാണ്. അടുത്ത ഏതാനും മണിക്കൂറുകള്‍ നിര്‍ണായകമാണ്,'' പ്രസ്താവനയില്‍ പറയുന്നു.
ആക്രമണത്തില്‍ മറ്റാര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് സ്ലോവാക് തൊഴില്‍ മന്ത്രി എറിക് ടോമാസ് പറഞ്ഞു. അടിയന്തര ചികിത്സ വേണ്ടതിനാലാണ് പ്രധാനമന്ത്രിയെ തലസ്ഥാന നഗരമായ ബ്രാറ്റിസ്ലാവയ്ക്ക് പകരം ബന്‍സ്‌ക ബൈസ്ട്രിക്കയിലേക്ക് കൊണ്ടുപോയതെന്ന് ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.
എന്നും വിവാദങ്ങളുടെ കൂട്ടുകാരനാണ് ഫിക്കോ. ഉക്രെയ്‌നിനുള്ള പാശ്ചാത്യ പിന്തുണയെ വിമര്‍ശിക്കുന്നയാളാണ് അദ്ദേഹം. കഴിഞ്ഞ ഒക്ടോബറിലാണ് ഫിക്കോ സ്ലൊവാക്യന്‍ പ്രധാനമന്ത്രിയായി മൂന്നാം തവണയും വിജയിച്ചത്.
തിരഞ്ഞെടുപ്പിന് മുന്നോടിയായി, ഫിക്കോ റഷ്യയോടുള്ള അനുഭാവം പരസ്യമായി പ്രകടിപ്പിച്ചിരുന്നു. വ്ളാഡിമിര്‍ പുടിനെ പ്രകോപിപ്പിച്ചതിന് ഉക്രേനിയന്‍ നേതൃത്വത്തെ അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.
ഫിക്കോ മുമ്പ് ഒരു ദശാബ്ദത്തിലേറെ സ്ലോവാക്യയുടെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചിരുന്നു. ആദ്യം 2006 നും 2010 നും ഇടയിലും പിന്നീട് 2012 മുതല്‍ 2018 വരെയും. അന്വേഷണാത്മക പത്രപ്രവര്‍ത്തകന്‍ ജാന്‍ കുസിയാക്കിന്റെയും പ്രതിശ്രുത വധുവിന്റെയും കൊലപാതകത്തില്‍ ആഴ്ചകള്‍ നീണ്ട പ്രതിഷേധത്തെത്തുടര്‍ന്ന് 2018 മാര്‍ച്ചില്‍ അദ്ദേഹം രാജിവയ്ക്കാന്‍ നിര്‍ബന്ധിതനായി.
ഫിക്കോയുമായും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ടങഋഞ യുമായും നേരിട്ട് ബന്ധമുള്ളവര്‍ ഉള്‍പ്പെടെ രാജ്യത്തെ ഉന്നതര്‍ക്കിടയിലെ അഴിമതിയെക്കുറിച്ച് കുസിയാക് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
''പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയ്ക്കെതിരായ നീചമായ ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായി യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ ട്വീറ്റ് ചെയ്തു.
Summary: Attempted assassination against Slovakian Prime Minister Robert Fico. Reports say that he was shot more than once and his condition is critical.
COMMENTS