ന്യൂഡല്‍ഹി: സസ്‌പെന്‍ഷനിലായ ജെഡി(എസ്) നേതാവ് പ്രജ്വല്‍ രേവണ്ണ ഉള്‍പ്പെട്ടതായി ആരോപിക്കപ്പെടുന്ന രണ്ടാമത്തെ ബലാത്സംഗ കേസ് രജിസ്റ്റര്‍ ചെയ്തത...
ന്യൂഡല്‍ഹി: സസ്‌പെന്‍ഷനിലായ ജെഡി(എസ്) നേതാവ് പ്രജ്വല്‍ രേവണ്ണ ഉള്‍പ്പെട്ടതായി ആരോപിക്കപ്പെടുന്ന രണ്ടാമത്തെ ബലാത്സംഗ കേസ് രജിസ്റ്റര്‍ ചെയ്തതായി റിപ്പോര്‍ട്ട്. തട്ടിക്കൊണ്ടുപോയ ശേഷം പ്രജ്വല്‍ രേവണ്ണ തന്നെ ബലാത്സംഗം ചെയ്‌തെന്ന് ആരോപിച്ച് ഒരു യുവതികൂടി പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നത്.
പ്രജ്വല്‍ രേവണ്ണക്കെതിരെ 376(2)(എന്‍) ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ഏപ്രില്‍ 26ന് നടന്ന കര്‍ണാടകയിലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന് മുന്നോടിയായി പ്രജ്വല്‍ രേവണ്ണ ലൈംഗികമായി ചൂഷണം ചെയ്തതായി ആരോപിക്കപ്പെടുന്ന സ്ത്രീകളുടെ നിരവധി വീഡിയോകള്‍ പ്രചരിക്കാന്‍ തുടങ്ങി.
കര്‍ണാടക എംഎല്‍എ എച്ച്ഡി രേവണ്ണയുടെ മകന്‍ പ്രജ്വല്‍ രേവണ്ണ നിലവില്‍ ഒളിവിലാണ്. ഇയാള്‍ക്കെതിരെ ഇന്റര്‍പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ബലാത്സംഗം, ഭീഷണിപ്പെടുത്തല്‍, ബ്ലാക്ക്മെയില്‍ ചെയ്യല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ നേരിടുന്നത്.
രേവണ്ണ നിരവധി സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്ന് ബിജെപി നേതൃത്വത്തെ അറിയിച്ച ബിജെപി നേതാവ് ദേവരാജെ ഗൗഡയെ ലൈംഗികാരോപണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ചിത്രദുര്‍ഗ ജില്ലയ്ക്ക് സമീപം ഇന്നലെ രാത്രിയോടെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍, പ്രജ്വലിന്റെ ഡ്രൈവര്‍ കാര്‍ത്തിക്കിന്റെ പക്കല്‍ പ്രജ്വല്‍ രേവണ്ണയുടെ അശ്ലീല വീഡിയോകള്‍ അടങ്ങിയ പെന്‍ഡ്രൈവ് ഉണ്ടെന്ന് ഗൗഡ അവകാശപ്പെട്ടു.
COMMENTS