അഭിനന്ദ് ന്യൂഡൽഹി : നീണ്ട ആശയക്കുഴപ്പത്തിനൊടുവിൽ ഉത്തർപ്രദേശിലെ റായ്ബറേലി സീറ്റിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മത്സരിക്കുമെന്ന് ഉറപ്പായി. വയ...
അഭിനന്ദ്
ന്യൂഡൽഹി : നീണ്ട ആശയക്കുഴപ്പത്തിനൊടുവിൽ ഉത്തർപ്രദേശിലെ റായ്ബറേലി സീറ്റിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മത്സരിക്കുമെന്ന് ഉറപ്പായി. വയനാട്ടിൽ ഇതിനകം തന്നെ മത്സരിച്ച രാഹുൽ റായ്ബറേലിയിലെയും വിജയിക്കുകയാണെങ്കിൽ രണ്ടിൽ ഒരു സീറ്റ് രാജി വയ്ക്കേണ്ടി വരും.
രാഹുൽ നേരത്തെ മത്സരിച്ചു തോറ്റ അമേഠിയിൽ കോൺഗ്രസ് കുടുംബത്തിൻറെ വിശ്വസ്തനായ കെഎൽ ശർമ മത്സരിക്കും.
രണ്ട് സീറ്റിലും ഇന്നാണ് നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള അവസാന ദിനം.
രാഹുലിന്റെ അമ്മ സോണിയാ ഗാന്ധി ആയിരുന്നു റായ് ബറേലി സീറ്റിൽ നേരത്തെ മത്സരിച്ച് വിജയിച്ചിരുന്നത്. ഇക്കുറി സോണിയാ ഗാന്ധി രാജ്യസഭയിലേക്ക് മാറിയിരിക്കുകയാണ്. അമ്മയ്ക്കുവേണ്ടി 10 വർഷമായി മണ്ഡലത്തിലെ കാര്യങ്ങൾ നോക്കി നടത്തിയിരുന്ന മകൾ പ്രിയങ്കാ ഗാന്ധി റായ് ബറേലിയിൽ മത്സരിക്കുമെന്നായിരുന്നു കരുതിയിരുന്നത്.
എന്നാൽ, കുടുംബത്തിൽ എല്ലാവരും മത്സര രംഗത്ത് ഇറങ്ങുന്നത് കുടുംബവാഴ്ച എന്ന ദുഷ്പേരിന് കാരണമാകുമെന്ന് രാഹുൽ ഭയന്നു. ഇതോടെയാണ് പ്രിയങ്ക മത്സരരംഗത്ത് നിന്ന് ഒഴിവായത്.
രാഹുൽ അമേഠിയിൽ മത്സരിക്കും എന്നായിരുന്നു ഇന്നലെ രാത്രി വരെയും ശ്രുതിയുണ്ടായിരുന്നത്. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോട് കഴിഞ്ഞതവണ രാഹുൽ അമേഠിയിൽ പരാജയപ്പെടുകയായിരുന്നു. ഇക്കുറിയും അമേഠിയിൽ മത്സരിക്കാൻ സ്മൃതി വെല്ലുവിളിച്ചെങ്കിലും രാഹുൽ അത് സ്വീകരിക്കാതെ ഒഴിഞ്ഞു മാറുകയായിരുന്നു.
പ്രിയങ്കയുടെ ഭർത്താവ് റോബർട്ട് വധേര അമേഠിയിൽ മത്സരിക്കാൻ താല്പര്യം പ്രകടിപ്പിച്ചിരുന്നു. ഇതിനോട് പക്ഷേ രാഹുലും സോണിയയും അനുകൂലിച്ചില്ല.
യുപിയിൽ മത്സരിക്കാൻ രാഹുലിന് താല്പര്യമില്ലായിരുന്നു എന്നാണ് അദ്ദേഹവുമായി അടുപ്പമുള്ള വൃത്തങ്ങൾ പറയുന്നത്. എന്നാൽ, ബിജെപിയുടെ മുന്നേറ്റത്തെ തടുക്കാൻ യുപിയിൽ രാഹുൽ മത്സരിക്കണമെന്ന് കോൺഗ്രസും സഖ്യകക്ഷികളും ആവശ്യപ്പെട്ടു. ഈ സമ്മർദ്ദത്തിന് വഴങ്ങിയാണ് രാഹുൽ മത്സരിക്കാൻ തയ്യാറായത്.
COMMENTS