ന്യൂഡല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെ പോളിംഗ് ശതമാനം 40 കടന്നിട്ടുണ്ട്. അതിന...
ന്യൂഡല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെ പോളിംഗ് ശതമാനം 40 കടന്നിട്ടുണ്ട്. അതിനിടെ കനത്ത ചൂട് വോട്ടെടുപ്പിനെ സ്വാധീനിച്ചതായും റിപ്പോര്‍ട്ടുണ്ട്. വോട്ടെടുപ്പിനിടെ ആന്ധ്ര പ്രദേശിലും പശ്ചിമ ബംഗാളിലും സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്തു. ഉത്തര്‍ പ്രദേശില്‍ ബിജെപി കള്ളവോട്ട് ചെയ്യുന്നു എന്ന ആരോപണവുമായി സമാജ്വാദി പാര്‍ട്ടി രംഗത്തെത്തി.
ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലെ പോളിംഗ് ബൂത്തില്‍ വൈഎസ്ആര്‍സിപി നിയമസഭാംഗം ശിവകുമാര്‍ ഒരാളെ തല്ലുകയും തല്ലുകൊണ്ട വോട്ടര്‍ എം.എല്‍.എയെ തിരികെ തല്ലുകയും ചെയ്തതോടെ വലിയ രീതിയിലുള്ള സംഘര്‍ഷത്തിന് വഴിയൊരുക്കി. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. പോളിംഗ് ബൂത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍ അക്രമം തടയാന്‍ ശ്രമിക്കുന്നതിനിടെ ശിവകുമാറും അനുയായികളും ഇയാളെ മര്‍ദിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.
ലോക്‌സഭ തിരഞ്ഞെടുപ്പും നിയമസഭ തിരഞ്ഞെടുപ്പും ഒരുമിച്ച് നടക്കുന്ന ആന്ധ്ര പ്രദേശില്‍ പരക്കെ അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചിറ്റൂര്‍, കടപ്പ, അനന്തപൂര്‍, പല്‍നാട് ജില്ലകളിലെ വിവിധ ബൂത്തുകളില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് - ടിഡിപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. പശ്ചിമ ബംഗാളിലെ ദുര്‍ഗാപൂരിലും ബിര്‍ഭുമിലും ടിഎംസി - ബിജെപി സംഘര്‍ഷം ഉണ്ടായി. ദുര്‍ഗാപൂരില്‍ കേന്ദ്ര സേനയുടെ സഹായത്തോടെ ബിജെപി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നാണ് ടിഎംസി ആരോപണം. ബിര്‍ഭുമിലല്‍ ബിജെപി സ്റ്റാള്‍ തകര്‍ത്തു.
ഉത്തര്‍ പ്രദേശിലെ നിരവധി ബൂത്തുകളിലും ബിജെപി കള്ള വോട്ടുകള്‍ ചെയ്യുന്നതായി സമാജ്വാദി പാര്‍ട്ടി ആരോപിച്ചു. മന്‍സൂര്‍ഗഞ്ചില്‍ വോട്ടിംഗ് മെഷീനില്‍ തിരിമറി നടത്തിയെന്നും ആരോപണം ഉണ്ട്. ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥി മാധവി ലത വോട്ടര്‍മാരുടെ തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിച്ചത് വാക്ക് തര്‍ക്കത്തില്‍ കലാശിച്ചു.
COMMENTS