ന്യൂഡല്‍ഹി: രാജ്യത്തെ പതിനെട്ടാം ലോക്‌സഭയിലേക്കുള്ള ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. 10 സംസ്ഥാനങ്ങളിലും ...
ന്യൂഡല്‍ഹി: രാജ്യത്തെ പതിനെട്ടാം ലോക്‌സഭയിലേക്കുള്ള ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. 10 സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 92 മണ്ഡലങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുജറാത്തിലെ 25 മണ്ഡലങ്ങള്‍, കര്‍ണാടകത്തിലെ 14 മണ്ഡലങ്ങള്‍, മധ്യപ്രദേശിലെ 8 മണ്ഡലങ്ങള്‍, യു പിയിലെ 10 മണ്ഡലങ്ങള്‍, മഹാരാഷ്ട്രയിലെ 11 മണ്ഡലങ്ങള്‍ എന്നിവിടങ്ങളിലും ഇന്ന് ജനവിധി കുറിക്കും. അസം (4 സീറ്റുകള്‍), ബീഹാര്‍ (5), ഛത്തീസ്ഗഡ് (7), ഗോവ (2), ഗുജറാത്ത് (26), കര്‍ണാടക (14), മധ്യപ്രദേശ് (8), മഹാരാഷ്ട്ര (11) ഉത്തര്‍പ്രദേശ് (10), പശ്ചിമ ബംഗാള്‍ (4), ദാദ്ര ആന്‍ഡ് നഗര്‍ ഹവേലി, ദാമന്‍ ദിയു (2) എന്നിങ്ങനെയാണ് മൂന്നാം ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളുടേയും കേന്ദ്രഭരണ പ്രദേശത്തിന്റെയും സീറ്റുകള്‍.
ഇന്നത്തെ തിരഞ്ഞെടുപ്പോടെ 543 പാര്‍ലമെന്റ് സീറ്റുകളില്‍ പകുതിയിലധികവും പോളിംഗ് അവസാനിക്കും. അതായത് ഇന്നത്തോടെ രാജ്യം ഇനി ആരുടെ കൈകളിലെന്നതിന്റെ കാര്യത്തില്‍ ഒരു വിധി എഴുതി എന്ന് കണക്കാക്കാം. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളുകയും മറ്റ് മത്സരാര്‍ത്ഥികള്‍ സ്ഥാനമൊഴിയുകയും ചെയ്തതോടെ സൂറത്ത് സീറ്റില്‍ ബിജെപി എതിരില്ലാതെ വിജയിച്ചു.
മൂന്നാം ഘട്ട തിരഞ്ഞെടുപ്പ് ബിജെപി ശക്തികേന്ദ്രമായ പ്രദേശങ്ങളിലാണ് എന്നതും ശ്രദ്ധേയമാണ്. 2019-ല്‍ ഇന്ന് വോട്ടെടുപ്പ് നടക്കുന്ന 93 സീറ്റുകളില്‍ 72ലും പാര്‍ട്ടി വിജയിച്ചിരുന്നു. അതില്‍ 26 എണ്ണം ഗുജറാത്തില്‍ മാത്രമായിരുന്നു. ബിജെപിയുടെ സഖ്യകക്ഷിയായ ജനതാദള്‍ സെക്യുലറിനെ ബാധിച്ച വന്‍ ലൈംഗിക വിവാദം കണക്കിലെടുത്ത് ബിജെപി മികച്ച പ്രകടനം കാഴ്ചവച്ച മറ്റൊരു സംസ്ഥാനമായ കര്‍ണാടക ഇക്കുറി തിരിച്ചടി നേരിടുമോ എന്നാണ് നേതാക്കള്‍ ഉറ്റുനോക്കുന്നത്. അതേസമയം, മഹാരാഷ്ട്രയില്‍ 48 സീറ്റുകളില്‍ 11 എണ്ണത്തിലും വോട്ടെടുപ്പ് നടക്കുന്നുണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സംസ്ഥാനം കണ്ട രാഷ്ട്രീയ മാറ്റങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ വിധി ആര്‍ക്കൊപ്പമെന്ന് പ്രവചിക്കുക പ്രയാസമാണ്. അമ്മാവന്‍ ശരദ് പവാറിന്റെയും അനന്തരവന്‍ അജിത് പവാറിന്റെയും നേതൃത്വത്തിലുള്ള വിഭാഗങ്ങള്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന പോരാട്ടങ്ങള്‍ക്കാണ് മഹാരാഷ്ട്ര വിധി എഴുതുക. മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്ന് രണ്ടാം ഘട്ടത്തില്‍ നടക്കേണ്ടിയിരുന്ന തിരഞ്ഞെടുപ്പ് മാറ്റിവച്ച മധ്യപ്രദേശിലെ ബേതുളിലും ഇന്ന് പോളിംഗ് നടക്കും.
കേന്ദ്രമന്ത്രിമാരായ അമിത് ഷാ, ജ്യോതിരാദിത്യ സിന്ധ്യ, പ്രഹ്ലാദ് ജോഷി, മധ്യപ്രദേശിലെ വിദിഷയില്‍ നിന്നുള്ള മുന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ എന്നിവരാണ് ഈ ഘട്ടത്തിലെ പ്രധാന സ്ഥാനാര്‍ത്ഥികള്‍. മാത്രമല്ല, ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയില്‍ നിന്നുള്ള സമാജ്വാദി പാര്‍ട്ടിയുടെ ഡിംപിള്‍ യാദവ്, പശ്ചിമ ബംഗാളിലെ ബെര്‍ഹാംപൂരില്‍ നിന്നും കോണ്‍ഗ്രസിന്റെ അധീര്‍ രഞ്ജന്‍ ചൗധരി, മധ്യപ്രദേശിലെ രാജ്ഗഢില്‍ നിന്നും ദിഗ്വിജയ സിംഗ്, മഹാരാഷ്ട്രയിലെ ബാരാമതിയില്‍ നിന്നുള്ള എന്‍സിപിയുടെ സുപ്രിയ സുലെ, അസമിലെ ധുബ്രിയില്‍ നിന്നും എഐഡിയുഎഫിന്റെ പെര്‍ഫ്യൂം വ്യവസായി ബദറുദ്ദീന്‍ അജ്മല്‍ ഉള്‍പ്പെടെയുള്ള പ്രധാന പ്രതിപക്ഷ അംഗങ്ങള്‍ ഇന്ന് മത്സരരംഗത്തുണ്ട്. മെയ് 13 നാണ് നാലാം ഘട്ട തിരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം ജൂണ്‍ ഒന്നിന് അവസാനിക്കുകയും ജൂണ്‍ 4 ന് വോട്ടെണ്ണല്‍ നടക്കുകയും ചെയ്യും.
Key Words: Lok Sabha Election, Polling,Vote, Amith Shah
COMMENTS