ന്യൂഡല്‍ഹി: ഇറാന് പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു. മോശം കാലാവസ്ഥയെ തുടര്‍ന്ന് ഇറാനിലെ ഈസ്റ്റ് അസര്‍...
ന്യൂഡല്‍ഹി: ഇറാന് പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു. മോശം കാലാവസ്ഥയെ തുടര്‍ന്ന് ഇറാനിലെ ഈസ്റ്റ് അസര്ബൈജാന് പ്രവിശ്യയില്‍ ജോള്‍ഫയ്ക്കടുത്തു വനമേഖലയില്‍ ഹെലികോപ്റ്റര്‍ ഇടിച്ചിറക്കേണ്ടിവന്നെന്നാണ് ഇറാന് വാര്‍ത്താ ഏജന്‍സി വിശദീകരിക്കുന്നത്. ഇറാന് വിദേശകാര്യമന്ത്രിയും ഹെലികോപ്റ്ററില്‍ ഒപ്പമുണ്ടായിരുന്നു.
ഇടതൂര്‍ന്ന മൂടല്‍മഞ്ഞില്‍ പര്‍വതപ്രദേശങ്ങളിലൂടെ സഞ്ചരിക്കുന്നതിനിടെ ഇറാന്റെ കിഴക്കന്‍ അസര്ബൈജാന് പ്രവിശ്യയില്‍ കാണാതായ ഹെലികോപ്ടറിനെക്കുറിച്ച് സൂചന ലഭിച്ചതായി വിവരം. ഞായറാഴ്ച തകര്‍ന്നുവീണ് കാണാതായ ഹെലികോപ്ടറില്‍ ഇറാന് പ്രസിഡന്റ് ഇബ്രാഹിം റെയ്സിയും വിദേശകാര്യ മന്ത്രി ഹുസൈന് അമിറാബ്ദൊല്ലാഹിയനും ഉണ്ടായിരുന്നുവെന്ന് ഇറാന് സ്ഥിരീകരിച്ചിരുന്നു. ഇവരടങ്ങുന്ന സംഘം അസര്ബൈജാന് അതിര്‍ത്തി സന്ദര്‍ശിച്ച് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.
വെല്ലുവിളി നിറഞ്ഞ കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നതായി സംസ്ഥാന വാര്‍ത്താ ഏജന്‍സിയായ ഐആര്‍എന്‍എ റിപ്പോര്‍ട്ട് ചെയ്തു. അതിനിടെ ഇറാന്റെ കിഴക്കന്‍ അസര്ബൈജാന് മേഖലയിലെ റെഡ് ക്രസന്റ് മേധാവിയെ ഉദ്ധരിച്ച് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം തെരച്ചില്‍ പ്രവര്‍ത്തനത്തില്‍ സഹായിക്കുന്ന ഒരു തുര്‍ക്കി ഡ്രോണിന് അപകടത്തില്‍പ്പെട്ട ഹെലികോപ്ടറിനെ കുറിച്ച് സൂചന ലഭിച്ചതായി വിവരമുണ്ട്. ഡ്രോണ്‍ എന്തോ കത്തുന്നതായി കണ്ടെത്തിയ ചൂട് പുറത്തുവിടുന്ന പ്രദേശത്തേക്ക് അന്വേഷണ സംഘം രക്ഷാപ്രവര്‍ത്തകരെ അയച്ചിട്ടുണ്ട്. തവാല്‍ എന്ന പ്രദേശത്താണ് ലൊക്കേഷനെന്ന് ഉദ്യോഗസ്ഥന് പറഞ്ഞു. രക്ഷാസേന സംഭവസ്ഥലത്തേക്ക് നീങ്ങുന്നതായി ഇറാന്റെ പ്രസ് ടിവിയും റിപ്പോര്‍ട്ട് ചെയ്തു.
COMMENTS