ന്യൂഡല്‍ഹി: ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ട ഇറാന് പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മൃതദേഹം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഒപ്പം മരണപ്...
ന്യൂഡല്‍ഹി: ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ട ഇറാന് പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മൃതദേഹം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഒപ്പം മരണപ്പെട്ട മറ്റുള്ളവരുടെ മൃതദേഹ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്.
ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ തബ്രിസ് നഗരത്തിലേക്ക് കൊണ്ടുപോയതായി ഇറാനിയന്‍ റെഡ് ക്രസന്റ് തലവന്‍ പിര്‍-ഹുസൈന് കോളിവാന്‍ഡ് പറഞ്ഞു. മാത്രമല്ല, തിരച്ചിലും, രക്ഷാപ്രവര്‍ത്തനവും അവസാനിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.
റൈസി, വിദേശകാര്യ മന്ത്രി അബ്ദുള്ളാഹിയന്, മൂന്ന് ഇറാനിയന്‍ ഉദ്യോഗസ്ഥര്‍, ഒരു ഇമാം, ഫ്ലൈറ്റ്, സെക്യൂരിറ്റി ടീം അംഗങ്ങള്‍ എന്നിവരുള്‍പ്പെടെ ആകെ ഒമ്പത് പേരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നതെന്ന് ഇറാനിയന്‍ മാധ്യമങ്ങളെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. മൂന്ന് ഉദ്യോഗസ്ഥരില്‍ ഒരാള്‍ കിഴക്കന്‍ അസര്ബൈജാന് പ്രവിശ്യയുടെ ഗവര്‍ണര്‍ മാലെക് റഹ്മതി ആയിരുന്നു.
രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ പര്‍വതമേഖലയിലെ ജോല്‍ഫയില്‍ ഞായറാഴ്ചയാണ് ഹെലികോപ്റ്റര്‍ തകര്‍ന്നത്. റൈസിയും മറ്റുള്ളവരും അസര്‍ബൈജാനുമായുള്ള ഇറാന് അതിര്‍ത്തി സന്ദര്‍ശിച്ച് മടങ്ങുന്നതിനിടെയാണ് സംഭവം.
ഇറാന് പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി, തിരഞ്ഞെടുപ്പ് നടക്കുന്നത് വരെ വൈസ് പ്രസിഡന്റ് മുഹമ്മദ് മൊഖ്ബര്‍ രാജ്യത്തിന്റെ ആക്ടിംഗ് പ്രസിഡന്റായി പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപിച്ചു. 50 ദിവസത്തിനകം പുതിയ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും. ഖമേനി അഞ്ച് ദിവസത്തെ പൊതു ദുഃഖാചരണവും പ്രഖ്യാപിച്ചു.
COMMENTS