തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ പേരില്‍ മഞ്ഞപ്പിത്തം സ്ഥിരീകരിക്കുന്നതില്‍ ആശങ്ക. എറണാകുളം വേങ്ങൂരില്‍ മാത്രം 180 പേര്‍ക്കാണ് രോഗം സ്ഥി...
തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ പേരില്‍ മഞ്ഞപ്പിത്തം സ്ഥിരീകരിക്കുന്നതില്‍ ആശങ്ക. എറണാകുളം വേങ്ങൂരില്‍ മാത്രം 180 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ളത്തില്‍ നിന്നാണ് ഇവര്‍ക്ക് രോഗബാധയുണ്ടായത്. രണ്ട് പഞ്ചായത്തുകളിലായി രണ്ടു പേര്‍ ഇതിനകം മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചിട്ടുണ്ട്. അമ്പതോളം പേര്‍ വിവിധ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.
സന്നദ്ധ സംഘടനകളുടേയും വിദ്യാര്‍ത്ഥികളുടേയും സഹായത്തോടെ ബോധവത്ക്കരണം ആരോഗ്യ വകുപ്പ് ശക്തമാക്കിയിട്ടുണ്ട്. പ്രദേശത്ത് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് രണ്ടു പേര്‍ മരിച്ചിരുന്നു. നിലമ്പൂര്‍ താലൂക്കിലാണ് രണ്ട് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പോത്തുകല്‍ കോടാലിപൊയില്‍ സ്വദേശി ഇത്തിക്കല്‍ സക്കീറാണ് രാവിലെ മരിച്ചത്. മഞ്ഞപ്പിത്തം കരളിനെ ബാധിച്ച് ചികിത്സയിലിരിക്കെയാണ് അന്ത്യം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീട് കാളികാവ് സ്വദേശി ചന്ദ്രന്റെ മകന്‍ ജിഗിന്റെ (14) മരണവാര്‍ത്തയും വന്നു. ഭിന്നശേഷിക്കാരനായ കുട്ടി രോഗബാധയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. കുട്ടിയുടെ പിതാവും സഹോദരനും രോഗബാധയെ തുടര്‍ന്ന് ചികിത്സയിലാണ്. ഇതോടെ അതീവ ജാഗ്രതയിലാണ് മേഖല. ജില്ലയില്‍ വൈറല്‍ ഹെപ്പറ്റൈറ്റിസ് രോഗം പടരുകയാണ്. കഴിഞ്ഞ 5 മാസത്തിനിടെ 8 പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 3000 ത്തിലധികം കേസുകളും റിപ്പോര്‍ട്ട് ചെയ്തു.
മഴ തുടങ്ങിയാല്‍ രോഗവ്യാപനം കൂടുതല്‍ വേഗത്തിലാവാന്‍ സാധ്യത ഉണ്ടെന്ന മുന്നറിയിപ്പാണ് ആരോഗ്യ വകുപ്പ് നല്‍കുന്നത്. വീടുകയറിയുള്ള ബോധവല്‍ക്കരണം, ക്ലോറിനേഷന്‍ മുതലായ മുന്‍കരുതലുകള്‍ കൈക്കൊള്ളുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
Key Words: Hepatitis, Kerala,Vengur
COMMENTS