തിരുവനന്തപുരം: സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ അന്തരിച്ചു. 70 വയസ്സായിരുന്നു. അര്‍ബുദം ബാധിച്ച് ചികിത്സയിലിരിക്കെ വൈകുന്നേരം അഞ്ചരയ...
തിരുവനന്തപുരം: സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ അന്തരിച്ചു. 70 വയസ്സായിരുന്നു. അര്‍ബുദം ബാധിച്ച് ചികിത്സയിലിരിക്കെ വൈകുന്നേരം അഞ്ചരയോടെ തിരുവനന്തപുരത്തു വെച്ചായിരുന്നു അന്ത്യം.
1981 മുതല്‍ ചലച്ചിത്ര രംഗത്ത് സജീവമായിരുന്ന ഹരികുമാര്‍ 20 ഓളം സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. സുകൃതം, ഉദ്യാനപാലകന്‍, എഴുന്നള്ളത്ത് തുടങ്ങി ഹിറ്റ് ചിത്രങ്ങളുടെ സൃഷ്ടാവാണ് ഹരികുമാര്‍.
1981ല്‍ പുറത്തിറങ്ങിയ 'ആമ്പല്‍പ്പൂവ്' ഹരികുമാറിന്റെ ആദ്യ ചിത്രമാണ്. ജഗതി, സുകുമാരി എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. 1994ല്‍ പുറത്തിറങ്ങിയ 'സുകൃതം ഹരികുമാറിന്റെ ശ്രദ്ധേയ ചിത്രങ്ങളില്‍ ഒന്നാണ്. മമ്മൂട്ടി, ഗൗതമി എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങള്‍. ചിത്രത്തിന് ഏറ്റവും മികച്ച മലയാള സിനിമയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ദേശീയ അന്തര്‍ദേശീയ അവാര്‍ഡും ആറ് സ്റ്റേറ്റ് അവാര്‍ഡും നേടിയ ഹരികുമാര്‍ എട്ട് ഡോക്യുമെന്ററിയും രണ്ട് ടെലിഫിലിമും സംവിധാനം ചെയ്തിട്ടുണ്ട്. രാച്ചിയമ്മ എന്ന ടെലിഫിലിം സ്റ്റേറ്റ് അവാര്‍ഡ് നേടിയിരുന്നു. നിരവധി ഫിലിം ഫെസ്റ്റിവലുകളിലും നാഷണല്‍ അവാര്‍ഡ് നിര്‍ണയത്തിലും ജൂറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം പാങ്ങോട് സ്വദേശിയാണ്.
സ്‌നേഹപൂര്‍വം മീര (1982), ഒരു സ്വകാര്യം (1983), അയനം (1985), പുലി വരുന്നേ പുലി (1985), ജാലകം (1987), ഊഴം (1988), എഴുന്നള്ളത്ത് (1991), ഉദ്യാനപാലകന്‍ (1996), സ്വയംവരപന്തല്‍ (2000), പുലര്‍വെട്ടം (2001), പറഞ്ഞുതീരാത്ത വിശേഷങ്ങള്‍ (2007), സദ്ഗമയ (2010), ജ്വാലാമുഖി, കാറ്റും മഴയും, ക്ലിന്റ് തുടങ്ങിയവയാണ് മറ്റ് ചിത്രങ്ങള്‍. സുരാജ് വെഞ്ഞാറമൂട്, ആന്‍ അഗസ്റ്റിന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ 'ഓട്ടോറിക്ഷാക്കാരന്റെ ഭാര്യ' ആണ് അവസാന ചിത്രം.
Key Words: Director Harikumar, Passed away , Movie
COMMENTS