ആലപ്പുഴ: കള്ളക്കടല്‍ പ്രതിഭാസത്തില്‍ ആലപ്പുഴയില്‍ കടല്‍ക്ഷോഭം ശക്തം. ടെട്രാപോഡുകള്‍ കടലെടുത്തു. പുന്നപ്ര വളഞ്ഞവഴിയില്‍ നിരവധി വീടുകള്‍ തകര്...
ആലപ്പുഴ: കള്ളക്കടല്‍ പ്രതിഭാസത്തില്‍ ആലപ്പുഴയില്‍ കടല്‍ക്ഷോഭം ശക്തം. ടെട്രാപോഡുകള്‍ കടലെടുത്തു. പുന്നപ്ര വളഞ്ഞവഴിയില്‍ നിരവധി വീടുകള്‍ തകര്‍ച്ചാ ഭീഷണിയിലായി. കോടികള്‍ ചെലവഴിച്ച് സ്ഥാപിച്ച ടെട്രാപോഡുകള്‍ കടലെടുത്തു. ഞായറാഴ്ച ഉച്ചക്ക് ശേഷമാണ് ഇവിടെ കടല്‍ക്ഷോഭം ശക്തമായത്.
ഇവിടെ സ്ഥാപിച്ച ടെട്രാപോഡുകള്‍ക്ക് മുകളിലൂടെയാണ് തിരമാല ആഞ്ഞടിക്കുന്നത്. നിരവധി വൃക്ഷങ്ങളും കടപുഴകി വീണു. ശക്തമായ കടലേറ്റത്തില്‍ നിരവധി വീടുകളും തകര്‍ച്ചാ ഭീഷണിയിലാണ്. പുലിമുട്ടോട് കൂടിയ കടല്‍ഭിത്തി നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് പല തവണ എം.എല്‍.എ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടും പ്രയോജനമുണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ആറാട്ടുപുഴ തൃക്കുന്നപ്പുഴ പഞ്ചായത്തുകളിലെ തീരമേഖലയിലും കടല്‍ക്ഷോഭം ശക്തമാണ്.
തീരദേശ റോഡിലേക്ക് കടല്‍വെള്ളം ശക്തമായി അടിച്ചു കയറുന്നുണ്ട്. ആറാട്ടുപുഴ എം ഇ എസ് ജംഗ്ഷന്, തൃക്കുന്നപ്പുഴ ഗസ്റ്റ് ഹൗസ് ജംഗ്ഷന് എന്നിവിടങ്ങളില്‍ തോട്ടപ്പള്ളി-വലിയഴിക്കല്‍ തീരദേശ റോഡ് അപകട ഭീഷണി നേരിടുന്നു. ആറാട്ടുപുഴ ബസ് സ്റ്റാന്‍ഡ്, ലക്ഷം വീട് ഭാഗം, എ സി പള്ളി മുതല്‍ വടക്കോട്ട് എം ഇ എസ് ജങ്ഷന് വരെയും കാര്‍ത്തിക ജംഗ്ഷന്, പത്തിശ്ശേരില്‍ ജങ്ഷന് വടക്ക് ഭാഗത്തും തൃക്കുന്നപ്പുഴ പഞ്ചായത്തില്‍ മൂത്തേരില്‍ ജംഗ്ഷന് മുതല്‍ മതുക്കല്‍ ജംഗ്ഷന് വരെയുള്ള ഭാഗത്തും കടല്‍ക്ഷോഭം ദുരിതം വിതയ്ക്കുന്നുണ്ട്.
മണ്ണ് വീണ് മൂടിയ റോഡില്‍ ജെ.സി.ബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യാന്‍ അധികൃതര്‍ എത്തിയെങ്കിലും പ്രദേശവാസികള്‍ തടഞ്ഞു. തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ താല്‍ക്കാലിക പരിഹാരം കാണാമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇത് പാലിക്കാത്തതാണ് നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണം.
Key Words: Rough Sea, Alappuzha
COMMENTS