ന്യൂഡല്‍ഹി: ഇന്ത്യ സഖ്യത്തിനെതിരായും പ്രത്യേകിച്ച് കോണ്‍ഗ്രസിനെതിരായും നടത്തിയ പ്രസംഗത്തില്‍ കയറിക്കൂടിയ ഇസ്ലാം വിരുദ്ധത പരക്കെ വിമര്‍ശനത്ത...
ന്യൂഡല്‍ഹി: ഇന്ത്യ സഖ്യത്തിനെതിരായും പ്രത്യേകിച്ച് കോണ്‍ഗ്രസിനെതിരായും നടത്തിയ പ്രസംഗത്തില്‍ കയറിക്കൂടിയ ഇസ്ലാം വിരുദ്ധത പരക്കെ വിമര്ശനത്തനിടെയാക്കിയെങ്കിലും സമാന പ്രസംഗം ഇന്നലെയും മോദി ആവര്‍ത്തിച്ചു. ഇക്കുറി മുസ്ലീംമെന്ന പരാമര്‍ശം ഒഴിവാക്കിയാണ് പ്രധാനമന്ത്രി പ്രസംഗിച്ചതെന്ന് മാത്രം.
ഇന്നലെ അലിഗഡിലെ റാലിയില്‍ നടത്തിയ പ്രസംഗത്തില്‍ സമ്പന്നരുടെ അധിക സ്വത്ത് കോണ്‍ഗ്രസ് കണ്ടുകെട്ടുകയും പുനര്‍ വിതരണം നടത്തുകയും ചെയ്യുമെന്ന ആരോപണത്തില്‍ മോദി ഉറച്ചുനിന്നു. എന്നാല്‍ കഴിഞ്ഞ ദിവസം പറഞ്ഞതുപോലെ അത് മുസ്ലീങ്ങള്‍ക്ക് കൊടുക്കും എന്ന് എടുത്ത് പറയാതെയാണ് മോദി പ്രസംഗിച്ചത്.
പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിന് അവരുടെ സ്വന്തം നേട്ടത്തിനായി പൗരന്മാരുടെ സ്വത്ത് പിടിച്ചെടുക്കാനുള്ള ഉദ്ദേശ്യമുണ്ടെന്നും കോണ്‍ഗ്രസിന്റെയും ഇന്ത്യാ ബ്ലോക്കിന്റെയും 'ഉദ്ദേശ്യങ്ങളെക്കുറിച്ച്' ജനങ്ങളെ 'ജാഗ്രതയാക്കാന്' താന്‍ ആഗ്രഹിക്കുന്നുവെന്നും മോദി പറഞ്ഞു.
'തന്റെ സര്‍ക്കാര്‍ വന്നാല്‍ ആരൊക്കെ എത്ര, എത്ര സ്വത്ത് സമ്പാദിക്കുന്നു എന്ന് അന്വേഷിക്കുമെന്ന് കോണ്‍ഗ്രസ് 'ഷാസാദേ' (രാജകുമാരന്) പറയുന്നു. മാത്രമല്ല, സര്‍ക്കാര്‍ സ്വത്ത് ഏറ്റെടുത്ത് പുനര്‍വിതരണം ചെയ്യുമെന്നും അദ്ദേഹം പറയുന്നു. അവരുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ അത് പറയുന്നുണ്ടെന്നും രാഹുല്‍ ഗാന്ധിയെ പരാമര്‍ശിച്ച് പ്രധാനമന്ത്രി അവകാശപ്പെട്ടു.
എന്നാല്‍, ഞായറാഴ്ച രാജസ്ഥാനില്‍ അദ്ദേഹം നടത്തിയ പ്രസംഗത്തില്‍ നിന്ന് വ്യത്യസ്തമായി. പുനര്‍വിതരണം ചെയ്യുന്ന സമ്പത്ത് മുസ്ലീങ്ങള്‍ക്ക് നല്‍കുമെന്ന് പ്രധാനമന്ത്രി പറഞ്ഞിട്ടില്ല.
'ഒന്ന് ചിന്തിക്കൂ, നമ്മുടെ അമ്മമാര്‍ക്കും പെണ്മക്കള്ക്കും സ്വര്‍ണ്ണമുണ്ട്. ഇത് 'സ്ത്രീധനം' (സ്ത്രീകളുടെ സ്വത്ത്) ആണ്, ഇത് പവിത്രമായി കണക്കാക്കപ്പെടുന്നു, നിയമം പോലും സംരക്ഷണം നല്കുന്നു. എന്നാല്‍ ഇപ്പോള്‍ അവര്‍ നിയമത്തില്‍ മാറ്റം വരുത്തുകയും നമ്മുടെ അമ്മയുടെയും സഹോദരിമാരുടെയും സ്വത്ത് തട്ടിയെടുക്കുകയും ചെയ്യുന്നു. മോദി പറഞ്ഞു.
'ഈ ആളുകള്‍ അവരുടെ 'താലി മാലകളില്‍' കണ്ണുവെച്ചിട്ടുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു, പ്രതിപക്ഷം സ്ത്രീകളുടെ സ്വര്‍ണം മോഷ്ടിക്കാന്‍ ശ്രമിക്കുന്നതായും മോദി ആരോപിച്ചു.
ശമ്പളക്കാരായ ആളുകളുടെ ഉടമസ്ഥതയിലുള്ള വസ്തുവിന്റെ സര്‍വേ നടത്താന്‍ പ്രതിപക്ഷം പദ്ധതിയിട്ടിരുന്നതായും 'നിങ്ങള്‍ക്ക് രണ്ട് വീടുണ്ടെങ്കില്‍, അതില്‍ ഒന്ന് കോണ്‍ഗ്രസ് തട്ടിയെടുക്കുമെന്നും മോദി പ്രസംഗിച്ചു. 'ഇത് മാവോയിസ്റ്റ് ചിന്തയാണെന്നും ഇതാണ് കമ്മ്യൂണിസ്റ്റ് ചിന്തയെന്നും ഇതുവഴി അവര്‍ നിരവധി രാജ്യങ്ങളെ നശിപ്പിച്ചുവെന്നും ഇപ്പോള്‍ കോണ്‍ഗ്രസും ഇന്ത്യന്‍ സഖ്യവും ഇതേ നയം ഇന്ത്യയില്‍ നടപ്പാക്കാന്‍ ആഗ്രഹിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
Key Words: Narendra Modi, BJP, Speech
COMMENTS