തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന് 13 സംസ്ഥാനങ്ങളിലെ 88 സീറ്റുകളില്‍ നടക്കും. കേരളത്തിലെ 20 ലോക്സഭാ സീറ...
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന് 13 സംസ്ഥാനങ്ങളിലെ 88 സീറ്റുകളില്‍ നടക്കും. കേരളത്തിലെ 20 ലോക്സഭാ സീറ്റുകളിലും കര്‍ണാടകയിലെ 28 സീറ്റുകളില്‍ 14 സീറ്റുകളിലും രാജസ്ഥാനിലെ 13 സീറ്റുകളിലും മഹാരാഷ്ട്രയിലും ഉത്തര്‍പ്രദേശിലും എട്ട് സീറ്റുകള്‍ വീതവും മധ്യപ്രദേശില്‍ ആറ് സീറ്റുകളും അസമിലും ബീഹാറിലും അഞ്ച് സീറ്റുകളിലേക്കും ഛത്തീസ്ഗഡിലും പശ്ചിമ ബംഗാളിലും മൂന്ന് സീറ്റുകള്‍ വീതവും മണിപ്പൂര്‍, ത്രിപുര, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ ഓരോ സീറ്റിലേക്കും ഇന്ന് വോട്ടെടുപ്പ് നടക്കും. വൈകീട്ട് ആറ് മണിവരെയാണ് പോളിങ്.
നേരത്തെ 89 മണ്ഡലങ്ങളിലാണ് ഈ ഘട്ടത്തില്‍ വോട്ടെടുപ്പ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയുടെ മരണത്തെത്തുടര്‍ന്ന് മധ്യപ്രദേശിലെ ബേട്ടൂളില്‍ വോട്ടെടുപ്പ് മാറ്റി. മേയ് ഏഴിന് മൂന്നാം ഘട്ടത്തില്‍ ബെതുല്‍ വോട്ട് ചെയ്യും.
കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍, ബിജെപിയുടെ തേജസ്വി സൂര്യ, ഹേമമാലിനി, അരുണ്‍ ഗോവില്‍, കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, ശശി തരൂര്‍, കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ജെഡിഎസിലെ എച്ച്ഡി കുമാരസ്വാമി എന്നിവരും പ്രധാന മത്സരാര്‍ത്ഥികളാണ്.
2,77,49,159 വോട്ടര്‍മാരാണ് ഇക്കുറി സംസ്ഥാനത്തുള്ളത്. ഇവരില്‍ 1,43,33,499 പേര്‍ സ്ത്രീകളാണ്. ആകെ വോട്ടര്‍മാരില്‍ 5,34,394 പേര്‍ 18-19 പ്രായക്കാരായ കന്നിവോട്ടര്‍മാര്‍മാരാണ്. കൂടാതെ 2,64,232 ഭിന്നശേഷി വോട്ടര്‍മാരും 367 ഭിന്നലിംഗ വോട്ടര്‍മാരും സംസ്ഥാനത്തുണ്ട്. പ്രായ, ലിംഗ ഭേദമന്യേ മുഴുവന്‍ വോട്ടര്‍മാരും സമ്മതിദാന അവകാശം വിനിയോഗിച്ച് രാഷ്ട്ര നിര്‍മാണപ്രക്രിയയില്‍ പങ്കാളികളാണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലായി 194 സ്ഥാനാര്‍ഥികളാണ് ഇക്കുറി മല്‍സര രംഗത്തുള്ളത്.
പോളിങ് ബൂത്തുകളില്‍ സുഗമമായ വോട്ടെടുപ്പ് ഉറപ്പുവരുത്തുന്നതിനും വോട്ടെടുപ്പിന് ശേഷം വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമായി സ്ട്രോങ് റൂമുകളില്‍ എത്തിച്ച് സൂക്ഷിക്കുന്നതിനും എല്ലാവിധ ക്രമീകരങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ 13,272 കേന്ദ്രങ്ങളിലായി ഒരുക്കിയ 25,231 ബൂത്തുകളില്‍ വോട്ടെടുപ്പ് പ്രക്രിയകള്‍ക്കായി 1,01176 പോളിങ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. ഒരു ബൂത്തില്‍ പ്രിസൈഡിങ് ഓഫീസര്‍ അടക്കം നാല് ഉദ്യോഗസ്ഥരാണ് വോട്ടെടുപ്പ് പ്രക്രിയ നിയന്ത്രിക്കുക.
സ്ത്രീകള്‍ മാത്രം നിയന്ത്രിക്കുന്ന 437 ബൂത്തുകളും 30 വയസില്‍ താഴെയുള്ള യുവജനങ്ങള്‍ നിയന്ത്രിക്കുന്ന 31 ബൂത്തുകളും ഭിന്നശേഷിയുള്ള ജീവനക്കാര്‍ നിയന്ത്രിക്കുന്ന ആറ് ബൂത്തുകളും സംസ്ഥാനത്തുണ്ട്. കൂടാതെ 316 എത്നിക് പോളിങ് ബൂത്തുകളും 131 തീം അടിസ്ഥാനമാക്കിയുള്ള ബൂത്തുകളും ഉണ്ട്.
ഇക്കുറി ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഉപയോഗിക്കുന്നത് 30,238 ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളാണ്. ഏതെങ്കിലും യന്ത്രങ്ങള്‍ക്ക് പ്രവര്‍ത്തന തകരാര്‍ സംഭവിച്ചാല്‍ പകരം അതത് സെക്ടര്‍ ഓഫീസര്‍മാര്‍ വഴി റിസര്‍വ് മെഷീനുകള്‍ എത്തിക്കും. രാവിലെ ആറിന് പോളിങ് ബൂത്തുകളില്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ വീണ്ടും മോക്പോള്‍ നടത്തി യന്ത്രങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കിയിട്ടുണ്ട്. അതിനു ശേഷമാണ് വോട്ടെടുപ്പ് ആരംഭിക്കുക. അതേസമയം, രണ്ടാം ഘട്ടത്തിന് ശേഷം കേരളം, രാജസ്ഥാന്‍, ത്രിപുര എന്നിവിടങ്ങളില്‍ വോട്ടെടുപ്പ് പൂര്‍ത്തിയാകും. ഏപ്രില്‍ 19നാണ് ആദ്യഘട്ട വോട്ടെടുപ്പ് നടന്നത്.
Key Words: Loksabha Election, Second Phase, Vote
COMMENTS