ന്യൂഡല്‍ഹി: എക്‌സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഇഡി കസ്റ്റഡി ഇന്ന് ...
ന്യൂഡല്‍ഹി: എക്‌സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഇഡി കസ്റ്റഡി ഇന്ന് അവസാനിക്കും. അതിനാല്‍ ആം ആദ്മി പാര്‍ട്ടി മേധാവിയെ രാവിലെ 11.30ന് ഡല്‍ഹി റോസ് അവന്യൂ കോടതിയില്‍ ഹാജരാക്കും.
കൂടുതല്‍ ചോദ്യം ചെയ്യേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി കെജ്രിവാളിന്റെ കസ്റ്റഡി ഏഴ് ദിവസത്തേക്ക് നീട്ടണമെന്ന് അന്വേഷണ ഏജന്‍സി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മാര്‍ച്ച് 28 ന്, മജിസ്റ്റീരിയല്‍ കോടതി കേജ്രിവാളിന്റെ ഇഡി കസ്റ്റഡി ഏപ്രില്‍ 1 വരെ നാല് ദിവസത്തേക്കാണ് നീട്ടി നല്‍കിയത്. മാര്‍ച്ച് 21 ന് ആണ് കേജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്.
തന്നെ മദ്യനയ കേസില്‍ കുടുക്കുക എന്നത് മാത്രമായിരുന്നു ഇഡിയുടെ ദൗത്യമെന്ന് കേജ്രിവാള്‍ അന്ന് തന്റെ കേസ് വാദിക്കവെ പറഞ്ഞിരുന്നു. 'ഇഡിയുടെ റിമാന്‍ഡ് ഹര്‍ജിയെ ഞാന്‍ എതിര്‍ക്കുന്നില്ല. ഇഡിക്ക് എന്നെ എത്ര ദിവസം വേണമെങ്കിലും കസ്റ്റഡിയില്‍ വയ്ക്കാം. പക്ഷേ ഇതൊരു തട്ടിപ്പാണ്. ഇഡിക്ക് രണ്ട് ലക്ഷ്യങ്ങളുണ്ടായിരുന്നു. ഒന്ന് എഎപിയെ തകര്‍ക്കുക, രണ്ടാമത്തേത് ഒരു പുകമറ സൃഷ്ടിച്ച് അതിന്റെ പിന്നില്‍ ഒരു കൊള്ള റാക്കറ്റ് നടത്തുകയും അതിലൂടെ അവര്‍ പണം പിരിക്കുകയും ചെയ്യുന്നു,'' കെജ്രിവാള്‍ പറഞ്ഞു.
Key Words: Arvind Kejriwal, Court, ED
COMMENTS