High temperature alert in Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കനക്കുന്നു. ഇതേതുടര്‍ന്ന് പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്നു മുതല്‍ ഈ മാസം 26 വരെയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ജനങ്ങളോട് അത്യാവശ്യ കാര്യത്തിനല്ലാതെ വെയിലത്ത് പുറത്തിറങ്ങരുതെന്നും മുന്നറിയിപ്പില്‍ പറയുന്നുണ്ട്. മറ്റ് 11 ജില്ലകളില്‍ താപനില ഉയരുമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണ്. പൊതുജനങ്ങളും ഭരണ - ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത പാലിക്കണം. സൂര്യാഘാതവും സൂര്യാതപവും ഏല്‍ക്കാന്‍ സാധ്യത കൂടുതലാണ്. സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ഏപ്രില്‍ 24 മുതല്‍ 28 വരെ പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 41°C വരെയും കൊല്ലം ജില്ലയില്‍ 39°C വരെയും, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ 38°C വരെയും, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ 37°C വരെയും, തിരുവനന്തപുരം, മലപ്പുറം, കാസറഗോഡ് ജില്ലകളില്‍ 36°C വരെയുമായിരിക്കും.
സംസ്ഥാനത്ത് സാധാരണയെക്കാള്‍ 2 - 4 °C കൂടുതല്‍ ചൂട് അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.
Keywords: High temperature alert in Kerala, Palakkad, Heat wave
COMMENTS