Congress reaction about SDPI issue
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ പ്രഖ്യാപിച്ച പിന്തുണ വേണ്ടെന്ന് കോണ്‍ഗ്രസ്. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എം.എം ഹസനും വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മറ്റു പാര്‍ട്ടികള്‍ എസ്.ഡി.പി.ഐയുടെ പ്രഖ്യാപനം വന്‍ വിവാദമാക്കിയ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമായ പ്രതികരണം നടത്തിയത്. ബി.ജെ.പി ദേശീയ തലത്തിലും ഇതിനെതിരെ രംഗത്തെത്തിയിരുന്നു.
എസ്.ഡി.പി.ഐ പിന്തുണ സ്വീകരിക്കില്ലെന്നും അതേസമയം ആര്‍ക്കുവേണമെങ്കിലും വ്യക്തിപരമായി തങ്ങള്‍ക്ക് വോട്ടുചെയ്യാമെന്നുമായിരുന്നു കോണ്‍ഗ്രസ് പ്രതികരണം. ഭൂരിപക്ഷ - ന്യൂനപക്ഷ വര്‍ഗീയതയെ ഒരുപോലെ എതിര്‍ക്കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.
വര്‍ഗ്ഗീയ ശക്തികളുടെ പിന്തുണ വേണ്ടെന്നും അത് കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നിലപാടാണെന്നും എം.എം ഹസ്സനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ആവര്‍ത്തിച്ച് വ്യക്തമാക്കി.
ബിജെപിയെ പ്രതിരോധിക്കാന്‍ ബദല്‍ നീക്കങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്നത് കോണ്‍ഗ്രസാണെന്നും അതിനാല്‍ കോണ്‍ഗ്രസിനെയും യുഡിഎഫിനെയും തങ്ങള്‍ പിന്തുണയ്ക്കുമെന്നായിരുന്നു എസ്ഡിപിഐ നിലപാട്. ഇതിനെതിരെ കോണ്‍ഗ്രസ് യാതൊരു പ്രഖ്യാപനവും നടത്തിയതുമില്ല.
ഇത് മറ്റ് പാര്‍ട്ടികള്‍ പ്രചാരണായുധമാക്കുകയായിരുന്നു. കോണ്‍ഗ്രസിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് പത്രസമ്മേളനം വിളിച്ചുകൂട്ടി ശക്തമായ ആരോപണം ഉന്നയിച്ചിരുന്നു. എങ്ങനെ പ്രചാരണം നടത്തണമെന്ന് മുഖ്യമന്ത്രി തങ്ങള്‍ക്ക് ക്ലാസ് എടുക്കേണ്ടെന്നായിരുന്നു പ്രതിപക്ഷ നേതാവ് ഇതിന് പ്രതികരിച്ചത്.
Keywords: Congress, SDPI, Election, BJP, V.D Satheesan, M.M Hassan
COMMENTS