AAP leader Atishi claims she's being pressurised to join BJP
ന്യൂഡല്‍ഹി: ബി.ജെ.പിയില്‍ ചേരാന്‍ തനിക്ക് കടുത്ത സമ്മര്‍ദ്ദമെന്ന് വെളിപ്പെടുത്തി എ.എ.പി നേതാവും ഡല്‍ഹി മന്ത്രിയുമായ അതിഷി മര്‍ലേന. ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് അവര്‍ ബി.ജെ.പിക്കെതിരെ രംഗത്തെത്തിയത്.
അടുത്ത സുഹൃത്ത് വഴിയാണ് ബി.ജെ.പി തന്നെ സമീപിച്ചതെന്നും ചേര്‍ന്നില്ലെങ്കില്‍ ഒരു മാസത്തിനകം താന്‍ അറസ്റ്റ് ചെയ്യപ്പെടുമെന്നും അതിഷി വ്യക്തമാക്കി.
തന്റെ വസതിയിലും ബന്ധപ്പെട്ട മറ്റു സ്ഥലങ്ങളിലും ഉടന്‍ റെയ്ഡ് ഉണ്ടാകുമെന്നും ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പായി തന്നെയും ദുര്‍ഗേജ് പാഠക്, രാഘവ് ഛദ്ദ എന്നിവരെയും അറസ്റ്റ് ചെയ്യുമെന്നും അതിഷി വ്യക്തമാക്കി.
ഇതോടൊപ്പം ബി.ജെ.പിക്കെതിരെ ഓപ്പറേഷന് താമര ആരോപണവുമായി മറ്റൊരു എ.എ.പി എം.എല്‍.എയും രംഗത്തെത്തി. എം.എല്‍.എ ഋതുരാജ് ഝാ ആണ് ബി.ജെ.പിയില്‍ ചേരാന്‍ പ്രവര്‍ത്തകര്‍ തന്നെ സമീപിച്ചുവെന്ന് നിയമസഭയില്‍ വ്യക്തമാക്കിയത്.
ഒരു വിവാഹത്തില്‍ പങ്കെടുക്കവേയാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ തന്നെ സമീപിച്ചതെന്നും 10 എം.എല്‍.എമാരെ കൂടെക്കൂട്ടി എ.എ.പിയെ തകര്‍ക്കുകയാണെങ്കില്‍ 25 കോടി വാഗ്ദാനം ചെയ്തതായും എം.എല്‍.എ പറഞ്ഞു.
ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുമെന്ന് അവര്‍ പറഞ്ഞതായും എം.എല്‍.എ ആരോപണം ഉന്നയിച്ചു. എന്നാല്‍ ആരോപണം തള്ളിയ ബി.ജെ.പി കെജരിവാളിന്റെ അറസ്റ്റില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് ഈ ആരോപണമെന്നും വ്യക്തമാക്കി.
COMMENTS