State wide Inspection conducted by food safety wing
തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാവകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ഷവര്‍മ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു.
43 സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ 502 വ്യാപാര കേന്ദ്രങ്ങളിലാണ് പരിശോധന പൂര്‍ത്തിയാക്കിയത്. കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തനം നടത്തിയ 54 സ്ഥാപനങ്ങളിലെ ഷവര്‍മയുടെ നിര്‍മ്മാണവും വില്‍പനയും നിര്‍ത്തിവയ്പ്പിച്ചു.
88 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിങ് നോട്ടീസും 61 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസും നല്‍കി. ഇതുകൂടാതെ വേനല്‍ക്കാലം മുന്‍നിര്‍ത്തിയുള്ള പ്രത്യേക പരിശോധനകളും നടന്നുവരുന്നതായി മന്ത്രി വ്യക്തമാക്കി. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ഷവര്‍മ നിര്‍മ്മാണം നടത്തുന്നുയെന്ന പരാതിയെതുടര്‍ന്നായിരുന്നു പരിശോധന.
ഷവര്‍മ നിര്‍മ്മാണവും വില്‍പ്പനയും നടത്തുന്ന സ്ഥാപനങ്ങള്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കേണ്ടതാണ്. ഷവര്‍മ നിര്‍മ്മിക്കുന്നവര്‍ ശാസ്ത്രീയമായ പാചകരീതിയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതും വകുപ്പിന്റെ ബോധവത്ക്കരണ ക്ലാസുകളില്‍ പങ്കെടുത്ത് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നടപ്പില്‍വരുത്തേണ്ടതുമാണ്.
പ്രാഥമികഘട്ട ഉത്പാദന സ്ഥലം മുതല്‍ ഉപയോഗിക്കുന്ന സ്റ്റാന്‍ഡ്, ടേബിള്‍ എന്നിവ പൊടിയും അഴുക്കും ആകുന്ന തരത്തില്‍ തുറന്നുവയ്ക്കാതെ വൃത്തിയുള്ളതായിരിക്കണം. ഷവര്‍മ സ്റ്റാന്‍ഡില്‍ കോണില്‍ നിന്നുള്ള ഡ്രിപ് കളക്ട് ചെയ്യാനുള്ള ട്രേ സജ്ജീകരിച്ചിരിക്കണം.
ഷവര്‍മ ഉത്പാദനത്തിന് ഉപയോഗിക്കുന്ന ഫ്രീസറുകള്‍ (-18 ഡിഗ്രി C), ചില്ലറുകള്‍ (4 ഡിഗ്രി C) വൃത്തിയുള്ളതും കൃത്യമായ ഊഷ്മാവില്‍ സൂക്ഷിക്കേണ്ടതുമാണ്. പെഡല്‍ ഓപ്പറേറ്റഡ് വേസ്റ്റ് ബിന്നുകള്‍ ഉപയോഗിക്കേണ്ടതാണ്. കൃത്യമായ ഇടവേളകളില്‍ വേസ്റ്റ് മാറ്റേണ്ടതാണ്.
ഭക്ഷണം കൈകാര്യം ചെയ്യുന്നവര്‍ ഹെയര്‍ ക്യാപ്, കൈയുറ, വൃത്തിയുള്ള ഏപ്രണ്‍ എന്നിവ ധരിച്ചിരിക്കണം. ഇതില്‍ ഏര്‍പ്പെടുന്നവര്‍ക്കും കൈകാര്യം ചെയ്യുന്നവര്‍ക്കും മെഡിക്കല്‍ ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം.
4 മണിക്കൂര്‍ തുടര്‍ച്ചായ ഉത്പാദനത്തിനു ശേഷം കോണില്‍ ബാക്കിവരുന്ന ഇറച്ചി ഉപയോഗിക്കുവാന്‍ പാടുള്ളതല്ല. ഷവര്‍മ പാര്‍സലായി നല്‍കുമ്പോള്‍ ഉണ്ടാക്കിയ തീയതി, സമയം, ഒരു മണിക്കൂറിനുള്ളില്‍ ഭക്ഷിക്കണം എന്നീ നിര്‍ദ്ദേശങ്ങളടങ്ങിയ ലേബല്‍ ഒട്ടിച്ചശേഷം ഉപഭോക്താവിന് നല്‍കുക.
എല്ലാ ഹോട്ടലുകളും റസ്‌റ്റോറന്റുകളും ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ ഹൈജീന്‍ റേറ്റിങ് സ്വമേധയാ കരസ്ഥമാക്കേണ്ടതാണ്. ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ ജാഫര്‍ മാലിക്കിന്റെ നേതൃത്വത്തില്‍ ഭക്ഷ്യ സുരക്ഷാ ജോയിന്റ് കമ്മീഷണര്‍ തോമസ് ജേക്കബ്, ഡപ്യൂട്ടി കമ്മീഷണര്‍മാരായ എസ്.അജി, ജി.രഘുനാഥ കുറുപ്പ്, വി.കെ പ്രദീപ്കുമാര്‍ എന്നിവര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി.
Keywords: Food safety wing, Inspection, Shawarma
COMMENTS