The Kerala state government has decided to file an appeal against the judgment of the District Principal Section Court in Kasaragod, which acquitted
തിരുവനന്തപുരം: മുഹമ്മദ് റിയാസ് മൗലവി വധക്കേസിലെ പ്രതികളെ മൂന്നുപേരെയും വെറുതേവിട്ട കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെക്ഷന്‍ കോടതി വിധിക്കെതിരെ അപ്പീല്‍ നല്കാന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.
ഇതിന്റെ തുടര്‍നടപടികള്‍ക്ക് അഡ്വക്കേറ്റ് ജനറലിനെ ചുമതലപ്പെടുത്തിയെന്നും എത്രയും വേഗം അപ്പീല്‍ നല്കാന് നിര്‍ദ്ദേശം നല്‍കിയെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
കാസര്‍കോട് ജില്ലയിലെ കേളുഗുഡെ സ്വദേശികളായ അജേഷ്. നിതിന്‍ കുമാര്‍, അഖിലേഷ് എന്നിവരെയാണ് നിരപരാധിയെന്നു കണ്ട് വിചാരണക്കോടതി ജഡ്ജി കെ കെ ബാലകൃഷ്ണന് വെറുതേ വിട്ടത്.
പ്രതികള്‍ക്ക് സംഭവത്തിലുള്ള പങ്ക് തെളിയിക്കാനും പ്രതികളുടെ ആര്‍എസ്എസ് ബന്ധം സ്ഥാപിക്കാനും ആയില്ലെന്നു പറഞ്ഞാണ് കോടതി വെറുതേവിട്ടത്. എന്നാല്‍ കോടതിവിധി അത്ഭുതപ്പെടുത്തിയെന്ന് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പറഞ്ഞു. കേസില്‍ ഒരുതരത്തിലുള്ള ഒത്തുകളിയും നടന്നിട്ടില്ലെന്നും പ്രതിഭാഗം പോലും ഉന്നയിക്കാത്ത കാര്യങ്ങളാണ് കോടതി പറഞ്ഞതെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ ചൂണ്ടിക്കാട്ടി.
ഈ കേസിലെ അന്വേഷണം നിലവാരമില്ലാത്തതും ഏകപക്ഷീയവുമാണെന്ന് കോടതി വിമര്‍ശിച്ചിരുന്നു. സംഭവത്തില്‍ പ്രതികളുടെ പങ്ക് തെളിയിക്കാന്‍ പ്രോസിക്യൂഷന് പരാജയപ്പെട്ടെന്നും കോടതി വിലയിരുത്തിയിരുന്നു. പ്രതികള്‍ക്ക് മൗലവിയുടെ സമുദായത്തോടുള്ള വെറുപ്പാണ് കൊലപാതകത്തിനു പിന്നിലെന്നായിരുന്നു പ്രോസിക്യൂഷന്റെ ആരോപണം. ഇതും പക്ഷേ കോടതിയില്‍ തെളിയിക്കാനായില്ല.
കൊലപാതകം, ആരാധനാലയം അശുദ്ധമാക്കല്‍, തെളിവ് നശിപ്പിക്കല്‍, മതത്തിന്റെ പേരില്‍ ശത്രുത വളര്‍ത്തല്‍ തുടങ്ങിയ കുറ്റങ്ങളായിരുന്നു പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്. എന്നാല്‍ ഈ കുറ്റങ്ങള്‍ ഒന്നും തന്നെ കോടതിയില്‍ വേണ്ടവിധം സ്ഥാപിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല.
ചൂരുയി മുഹിയുദ്ദീന് പള്ളിയോട് ചേര്‍ന്ന മുറിയില്‍ ഉറങ്ങുകയായിരുന്ന കുടക് സ്വദേശിയായ മുഹമ്മദ് റിയാസ് മൗലവിയെ 2017 മാര്‍ച്ച് 20ന് അര്‍ദ്ധരാത്രിയോടെയാണ് കൊലപ്പെടുത്തിയത്. മൗലവിയെ കത്തിക്ക് കുത്തിക്കൊന്നു എന്നാരോപിച്ചായിരുന്നു മൂന്ന് പേരെ പൊലീസ് അറസ്റ്റുചെയ്തത്. അന്നുമുതല്‍ ഏഴു വര്‍ഷമായി പ്രതികള്‍ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ തന്നെയായിരുന്നു.
97 സാക്ഷികളെ കേസില്‍ വിസ്തരിച്ചിരുന്നു. 215 രേഖകളും 45 തൊണ്ടിമുതലുകളും കോടതി അടയാളപ്പെടുത്തിയിരുന്നു. അന്തിമ വാദം പൂര്‍ത്തിയായശേഷം കേസ് വിധി പറയുന്നതിനായി പലതവണ മാറ്റിവച്ചിരുന്നു. അതിനുശേഷമാണ് ശനിയാഴ്ച വിധിപ്രസ്താവം നടത്തിയത്.
Summary: The Kerala state government has decided to file an appeal against the judgment of the District Principal Section Court in Kasaragod, which acquitted all the three accused in the Muhammad Riaz Maulavi murder case. Government sources said that the Advocate General has been entrusted with the follow-up and has been instructed to file an appeal as soon as possible.
COMMENTS