Elephant attack death at Kothamangalam
കോതമംഗലം: വയോധികയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തില്‍ പ്രതിഷേധം കടുപ്പിച്ച് കോണ്‍ഗ്രസ്. സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാനവ്യാപക പ്രതിഷേധത്തിനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. കൊല്ലപ്പെട്ട ഇന്ദിരയുടെ കുടുംബത്തിന് നീതി ലഭിക്കണമെന്നും വന്യജീവി ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് ഇന്നലെ മുതല്‍ എം.എല്‍.എമാര്‍ ഉപവാസ സമരം തുടങ്ങിയിരുന്നു.
സമരത്തില്‍ ഇന്നു മുതല്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കളും പങ്കാളികളാകും. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ഇന്ദിരയുടെ മൃതദേഹവുമായി നാട്ടുകാര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍ എന്നിവര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് വന്‍ സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു.
പൊലീസ് പ്രതിഷേധം തടയുകയും മൃതദേഹമടങ്ങിയ ഫ്രീസര്‍ റോഡിലൂടെ വലിച്ചിഴച്ച് ആംബുലന്‍സില്‍ കയറ്റുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മാത്യു കുഴല്‍നാടന്‍ എം.എല്‍.എ, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എറണാകുളം ജില്ലയില്‍ കോണ്‍ഗ്രസ് ഇന്ന് കരിദിനം ആചരിക്കുകയാണ്. കൊല്ലപ്പെട്ട ഇന്ദിരയുടെ സംസ്‌കാരം ഇന്ന് നടക്കും.
അതേസമയം മൃതദേഹത്തെ കോണ്‍ഗ്രസ് അനാദരിച്ചെന്നു കാട്ടി മന്ത്രിമാരടക്കം രംഗത്തെത്തിയിരുന്നു. കുടുംബത്തിന്റെ അനുമതിയോടെയല്ല മൃതദേഹവുമായി പ്രതിഷേധിച്ചതെന്ന് മരിച്ച ഇന്ദിരയുടെ സഹോദരന്‍ ആദ്യം പറഞ്ഞിരുന്നു.
എന്നാല്‍ തന്റെയും മകന്റെയും അറിവോടെയും സമ്മതത്തോടെയാണ് മൃതദേഹം കൊണ്ടുപോയതെന്ന് വ്യക്തമാക്കി ഇന്ദിരയുടെ ഭര്‍ത്താവ് രാമകൃഷ്ണന്‍ രംഗത്തെത്തുകയായിരുന്നു. അങ്ങനെ പ്രതിഷേധിച്ചതുകൊണ്ടാണ് സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ടതെന്നും അദ്ദേഹം പറഞ്ഞു.
Keywords: Elephant attack death, Police, Congress, March
COMMENTS