With weeks to go before the Lok Sabha elections, Election Commissioner Arun Goyal has resigned. The resignation was accepted by the President
അഭിനന്ദ്
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ ബാക്കിനില്‍ക്കെ, തിരഞ്ഞെടുപ്പ് കമ്മിഷണര്‍ അരുണ്‍ ഗോയല്‍ രാജിവച്ചു.
രാജി രാഷ്ട്രപതി സ്വീകരിച്ചു. മൂന്നംഗ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഒഫ് ഇന്ത്യയില്‍ ഇപ്പോള്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാര്‍ മാത്രമാണുള്ളത്. മറ്റൊരു തിരഞ്ഞെടുപ്പ് കമ്മീഷണറായ അനുപ് പാണ്ഡെ കഴിഞ്ഞ മാസം വിരമിച്ചിരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ അടുത്തയാഴ്ച പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്. ഇതിനിടെയുള്ള രാജി രാഷ്ട്രീയവൃത്തങ്ങളില്‍ അമ്പരപ്പുളവാക്കി.
വ്യക്തിപരമായ കാരണങ്ങളാണ് രാജിക്കു കാരണമായി ഗോയല്‍ പറുന്നത്. രാജിവെക്കരുതെന്ന് സര്‍ക്കാര്‍ തലത്തില്‍ സമ്മര്‍ദ്ദമുണ്ടായിട്ടും അദ്ദേഹം രാജി സമര്‍പ്പിക്കുകയായിരുന്നുവെന്ന് ഉന്നത വൃത്തങ്ങള്‍ പറയുന്നു.
ആരോഗ്യസ്ഥിതിയാണ് രാജിക്ക് കാരണമെന്ന് ഗോയല്‍ പറയുന്നുണ്ടെങ്കിലും അദ്ദേഹം പൂര്‍ണ ആരോഗ്യവാനാണെന്ന് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ പറയുന്നു. തിര്‌ഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‌ക്കെ പെട്ടെന്ന് പുതിയ കമ്മിഷണര്‍മാരെ നിയമിക്കാനാവുമോ എന്നു വ്്യക്തമല്ല.
1985 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ഗോയല്‍ 2022 നവംബര്‍ 18-ന് സ്വമേധയാ വിരമിക്കുകയായിരുന്നു. അതു കഴിഞ്ഞ് തൊട്ടടുത്ത ദിവസം അദ്ദേഹം തിരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിതനായിരുന്നു. അദ്ദേഹത്തിന്റെ നിയമനം സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടിരുന്നു. തിടുക്കപ്പെട്ടുള്ള നിയമനം എന്തിനായിരുന്നുവെന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചിരുന്നു.
'ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത പട്ടികയില്‍ നിന്ന് നിയമമന്ത്രി നാല് പേരുകള്‍ എടുക്കുകയായിരുന്നു. നവംബര്‍ 18 ന് ഫയല്‍ തയ്യാറാക്കി. അന്നു തന്നെ പ്രധാനമന്ത്രി ഗോയലിന്റെ പേര് ശുപാര്‍ശ ചെയ്യുന്നു. ഞങ്ങള്‍ക്ക് ഒരു ഏറ്റുമുട്ടലിനും താത്പര്യമില്ല. പക്ഷേ ഇത് എന്തെങ്കിലും തിടുക്കത്തില്‍ ചെയ്തതാണോ? എന്താണിതിന്റെ തിടുക്കം,'' എന്നായിരുന്നു അന്നു സുപ്രീം കോടതി ചോദിച്ചത്.
തിരഞ്ഞെടുപ്പു കമ്മിഷണറെ നിശ്ചയിക്കാനുള്ള ചട്ടങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി ചെയ്തിരുന്നു. ഇതു പ്രകാരം കേന്ദ്ര നിമയമന്ത്രിയും രണ്ടു കേന്ദ്ര സെക്രട്ടറിമാരുമടങ്ങുന്ന സെര്‍ച് കമ്മിറ്റി അഞ്ചു പേരുടെ പട്ടികയുണ്ടാക്കും. തുടര്‍ന്ന് പ്രധാനമന്ത്രിയും അദ്ദേഹം നിശ്ചയിക്കുന്ന ഒരു കേന്ദ്രമന്ത്രിയും പ്രതിപക്ഷ നേതാവുമടങ്ങുന്ന സമിതി പുതിയ തിരഞ്ഞെടുപ്പു കമ്മിഷണറെ നിശ്ചയിക്കുന്നു. സമിതിയില്‍ ഭൂരിപക്ഷം കേന്ദ്ര സര്‍ക്കാരിനായതിനാല്‍ പ്രതിപക്ഷ നേതാവിനു വലിയ റോളൊന്നുമുണ്ടായിരിക്കില്ല.
ഹര്‍ജി പിന്നീട് കഴിഞ്ഞ വര്‍ഷം രണ്ടംഗ ബെഞ്ച് തള്ളിയിരുന്നു, ഭരണഘടനാ ബെഞ്ച് വിഷയം പരിശോധിച്ചെങ്കിലും ഗോയലിന്റെ നിയമനം റദ്ദാക്കാന്‍ വിസമ്മതിച്ചിരുന്നു.
2027 വരെയായിരുന്നു ഗോയലിന്റെ കാലാവധി. അടുത്ത വര്‍ഷം രാജീവ് കുമാറിന്റെ വിരമിക്കലിന് ശേഷം അദ്ദേഹത്തെ ചീഫ് ഇലക്ഷന്‍ കമ്മിഷണറായി നിയമിക്കാനായിരുന്നു സാദ്ധ്യത.
ഗോയലിന്റെ രാജിക്ക് മുമ്പുതന്നെ, മൂന്നംഗ പാനലിനുപകരം അദ്ദേഹവും രാജീവ് കുമാറും മാത്രമായി ലോക്സഭാ തിരഞ്ഞെടുപ്പ് നടത്താനാവുമോ എന്ന ആശങ്കയുണ്ടായിരുന്നു. ഗോയലിന്റെ രാജി വളരെ ആശങ്കാജനകമാണെന്ന് പ്രതിപക്ഷ നേതാക്കള്‍ അഭിപ്രായപ്പെട്ടു.
COMMENTS