ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം 2024 രാജ്യത്ത് പ്രാബല്യത്തിലെത്തി. പൗരത്വ നിയമ ഭേദഗതി നിയമം 2024 ലെ ചട്ടങ്ങള്‍ അടക്കം വ്യക്തമാക്കിക്കൊണ്ടാണ്...
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം 2024 രാജ്യത്ത് പ്രാബല്യത്തിലെത്തി. പൗരത്വ നിയമ ഭേദഗതി നിയമം 2024 ലെ ചട്ടങ്ങള്‍ അടക്കം വ്യക്തമാക്കിക്കൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കിയിരിക്കുന്നത്. പൗരത്വ നിയമ ഭേദഗതി നിയമം 2024 എന്നാണ് പുതിയ നിയമം അറിയപ്പെടുക.
അതേസമയം, പൗരത്വ നിയമ ഭേദഗതി നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ നാളെ ) യു.ഡി.എഫ് മണ്ഡലതലങ്ങളില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിക്കും. സംസ്ഥാന വ്യാപകമായി പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നാളത്തെ മണ്ഡലതല പ്രതിഷേധം. നിയമം നടപ്പാക്കാന്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്നും വ്യാപകമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും യു ഡി എഫ് ചെയര്‍മാനും പ്രതിപക്ഷ നേതാവുമായ വി ഡി സതീശന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
സംഘപരിവാറിന്റെ ഹിന്ദുത്വ വര്‍ഗ്ഗീയ അജണ്ടയുടെ ഭാഗമായി മാത്രമേ ഇതിനെ കാണാന്‍ കഴിയൂവെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചത്. പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് 2014 ഡിസംബര്‍ 31 നോ അതിന് മുമ്പോ ഇന്ത്യയിലേക്ക് കുടിയേറിയ മുസ്ലിം ഇതര മത വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് പൗരത്വം നല്‍കുകയും ഇസ്ലാം മതവിശ്വാസികള്‍ക്കു മാത്രം പൗരത്വം നിഷേധിക്കുകായും ചെയ്യുന്നത് ഭരണഘടനയുടെ നഗ്‌നമായ ലംഘനമാണ്. മതാടിസ്ഥാനത്തില്‍ ഇന്ത്യന്‍ പൗരത്വത്തെ നിര്‍വ്വചിക്കുകയാണ്. ഇത് മാനവികതയോടും രാജ്യത്തിന്റെ പാരമ്പര്യത്തോടും ജനങ്ങളോടുമുള്ള തുറന്ന വെല്ലുവിളിയാണെന്നും മുഖ്യമന്ത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ഈ നിയമം പ്രകാരം പൗരത്വത്തിനായുള്ള അപേക്ഷ സ്വീകരിക്കുന്നത് ഓണ്‍ലൈനിലൂടെ മാത്രമായിരിക്കും. ഇതിനായി പ്രത്യേകം വെബ് പോര്‍ട്ടല്‍ സജ്ജമാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വലിയ തോതില്‍ പ്രക്ഷോഭങ്ങള്‍ക്ക് കാരണമായതായിരുന്നു പൗരത്വ നിയമ ഭേദഗതി. തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ണായക നീക്കം.
കൊവിഡ് കാരണമാണ് പൗരത്വ ഭേദഗതി നിയമത്തിന്റെ നടപടി ക്രമങ്ങള്‍ വൈകിയതെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം. മൂന്ന് രാജ്യങ്ങളില്‍ നിന്ന് പീഡനം അനുഭവിക്കുന്ന മത ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടിയാണ് നിയമമെന്നും അഭയാര്‍ത്ഥികള്‍ക്ക് പുനരധിവാസത്തിനുള്ള നിയമ തടസങ്ങള്‍ നീങ്ങുമെന്നും സര്‍ക്കാര്‍ പറയുന്നു. വിദ്യാഭ്യാസം നേടാനും, വ്യാപര സ്വാതന്ത്ര്യത്തിനും, വസ്തുവകകള്‍ വാങ്ങാനും പൗരത്വം നേടുന്നവര്‍ക്ക് അവകാശമുണ്ടാകും. ഇന്ത്യാക്കാര്‍ക്ക് വേണ്ടിയുള്ളതല്ല നിയമമെന്ന വിശദീകരണവും ഇത് സംബന്ധിച്ച് പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ കേന്ദ്രം വ്യക്തമാക്കുന്നുണ്ട്.
Key words: CAA, Narendra Modi, Amith Shah
COMMENTS