ന്യൂഡല്‍ഹി: വിവാഹമെന്ന സ്ഥാപനം സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് സുപ്രീം കോടതി. അവിവാഹിതരായ സ്ത്രീകള്‍ക്ക് വാടക ഗര്‍ഭധാരണം അനുവദിക്കുന്നത് സംബന്...
ന്യൂഡല്‍ഹി: വിവാഹമെന്ന സ്ഥാപനം സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് സുപ്രീം കോടതി. അവിവാഹിതരായ സ്ത്രീകള്‍ക്ക് വാടക ഗര്‍ഭധാരണം അനുവദിക്കുന്നത് സംബന്ധിച്ച ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. വിവാഹത്തിന് പുറത്ത് കുട്ടികള്‍ ജനിക്കുന്നത് പാശ്ചാത്യ രാജ്യങ്ങളിലെ സംസ്‌കാരമാണെന്നും കോടതി പറഞ്ഞു. വാടക ഗര്‍ഭധാരണത്തിലൂടെ അമ്മയാകണമെന്ന് ആവശ്യപ്പെട്ട് 44 വയസുള്ള അവിവാഹിത സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നിലപാട് വ്യക്തമാക്കിയത്. ഇത്തരം അഭിപ്രായങ്ങളിലൂടെ തങ്ങള്‍ പഴയ ചിന്താഗതിക്കാരാണെന്ന് തോന്നുകയാണെങ്കില്‍ അത് അംഗീകരിക്കാന്‍ തയ്യാറാണെന്നും ജസ്റ്റിസ് ബി.വി. നാഗരത്‌ന പറഞ്ഞു.
ഇന്ത്യയിലെ വാടക ഗര്‍ഭധാരണ നിയമം സെക്ഷന്‍ 2(എസ്) പ്രകാരം വിധവയോ, വിവാഹമോചനം നേടിയതോ ആയ 35നും 45 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് വാടക ഗര്‍ഭധാരണത്തിലൂടെ അമ്മയാകം. എന്നാല്‍ അവിവാഹിതരായവര്‍ക്ക് ഇത് സാധിക്കില്ല.
''വിവാഹം എന്ന സ്ഥാപനത്തിനുള്ളില്‍ അമ്മയാകുന്നത് ഇവിടെ ഒരു പതിവാണ്. വിവാഹം കഴിക്കാതെ അമ്മയാകുന്നത് സാധാരണമല്ല. ഞങ്ങള്‍ അതിനെക്കുറിച്ച് ആശങ്കാകുലരാണ്. കുട്ടികളുടെ ക്ഷേമത്തിന്റെ വീക്ഷണകോണില്‍ നിന്നാണ് ഞങ്ങള്‍ സംസാരിക്കുന്നത്. വിവാഹം എന്ന സ്ഥാപനം രാജ്യത്ത് നിലനില്‍ക്കണമോ ഇല്ലയോ? നമ്മള്‍ പാശ്ചാത്യ രാജ്യങ്ങളെപ്പോലെയല്ല. വിവാഹമെന്ന സ്ഥാപനം സംരക്ഷിക്കപ്പെടണം. നിങ്ങള്‍ക്ക് ഞങ്ങളെ യാഥാസ്ഥിതികരെന്ന് വിളിക്കാം, ഞങ്ങള്‍ അത് അംഗീകരിക്കുന്നു,'' ജസ്റ്റിസ് നാഗരത്‌ന നിരീക്ഷിച്ചു.
COMMENTS