ന്യൂഡല്‍ഹി: വരുന്ന 2024-25 അധ്യയന വര്‍ഷം മുതല്‍ രാജ്യത്ത് ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനം നേടാനുള്ള ചുരുങ്ങിയ പ്രായം ആറ് വയസാക്കുമെന്ന് കര്...
ന്യൂഡല്‍ഹി: വരുന്ന 2024-25 അധ്യയന വര്‍ഷം മുതല്‍ രാജ്യത്ത് ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനം നേടാനുള്ള ചുരുങ്ങിയ പ്രായം ആറ് വയസാക്കുമെന്ന് കര്‍ശന നിര്‍ദേശവുമായി കേന്ദ്രം. വിദ്യാഭ്യാസ മന്ത്രാലയം ഈ ആശയം നേരത്തെ മുന്നോട്ടുവച്ചിരുന്നുവെങ്കിലും കഴിഞ്ഞവര്‍ഷം അടക്കം കേരളം ഉള്‍പ്പെടെ ഇത് പാലിച്ചിരുന്നില്ല.
അതേസമയം, 2024-25 അധ്യയന വര്‍ഷം മുതല്‍ നിര്‍ദേശം കര്‍ശനമായി നടപ്പാക്കണമെന്ന് മന്ത്രാലയം സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
2023ലാണ് ആദ്യമായി ഈ നിര്‍ദേശം വിദ്യാഭ്യാസ മന്ത്രാലയം മുന്നോട്ടുവയ്ക്കുന്നത്. അടുത്ത സ്‌കൂള്‍ പ്രവേശനത്തില്‍ കുട്ടികളുടെ കുറഞ്ഞ പ്രായം ആറോ അതില്‍ കൂടുതലോ ആണെന്ന് ഉറപ്പുവരുത്തണമെന്ന് സ്‌കൂള്‍ വിദ്യാഭ്യാസ സാക്ഷരതാ വകുപ്പ് ജോയിന്റ് സെക്രട്ടറി അര്‍ച്ചന ശര്‍മ വ്യക്തമാക്കി. ഫിന്‍ലാന്റ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അവരുടെ വിദ്യാഭ്യാസ നയത്തില്‍ ഈ പ്രായനിബന്ധന കര്‍ശനമായി നടപ്പാക്കാറുണ്ട്. ഇന്ത്യയില്‍, ദേശീയ വിദ്യാഭ്യാസ നയം 2020ഉം സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസത്തിനുള്ള കുട്ടികളുടെ അവകാശം (ആക്ട് 2009) എന്നിവ നിര്‍ദേശത്തെ പിന്തുണയ്ക്കുന്നുണ്ട്.
ഒരു കുട്ടിയുടെ തലച്ചോറിന്റെ 90 ശതമാനവും ആറ് വയസ്സാകുമ്പോഴേക്കും വികസിക്കുന്നുവെന്ന ശാസ്ത്രീയ പഠനത്തെ കൂടി അടിസ്ഥാനമാക്കിയാണ് നിര്‍ദേശം എത്തിയിരിക്കുന്നത്. കുട്ടിയുടെ സാമൂഹിക-വൈകാരിക പഠനം, സംഖ്യാശാസ്ത്രം, സാക്ഷരത, കല, വൈകാരിക നിയന്ത്രണം, സമപ്രായക്കാരുമായുള്ള ഇടപെടല്‍ എന്നിവയെല്ലാം ആറ് വയസ്സാകുമ്പോഴേക്കും വികസിക്കുന്നുവെന്നും ചൂണ്ടിക്കാട്ടുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് വീണ്ടും ശക്തമായ കേന്ദ്ര നിര്‍ദേശം എത്തുന്നത്.
എന്നാല്‍ കേന്ദ്ര നിര്‍ദേശം കേരളം ഇക്കൊല്ലം നടപ്പാക്കില്ലെന്ന് മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. കേന്ദ്ര വിദ്യാഭ്യാസ നയം പൂര്‍ണമായി ഇവിടെ നടപ്പാക്കാന്‍ സാധിക്കില്ലെന്നും പല നിര്‍ദേശങ്ങളിലും വിയോജിപ്പുണ്ടെന്നും മുന്‍പും അക്കാര്യം കേന്ദ്രത്തെ അറിയിച്ചിട്ടുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി.
പായപരിധി 6 വയസ്സാക്കണമെന്ന നിര്‍ദേശം പെട്ടെന്നു നടപ്പാക്കിയാല്‍ പ്രത്യാഘാതങ്ങളുണ്ടാകാമെന്നും കേന്ദ്രം അയച്ചെന്നു പറയുന്ന കത്ത് ഇതുവരെ ലഭിച്ചിട്ടില്ലെന്നും വിദ്യാഭ്യാസ കാര്യത്തില്‍ സ്വയം തീരുമാനമെടുക്കാന്‍ സംസ്ഥാനങ്ങള്‍ക്കു സ്വാതന്ത്ര്യമുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കേരളം മുന്‍ വര്‍ഷങ്ങളിലെ രീതി തന്നെയാണ് ഇക്കൊല്ലവും നടപ്പിലാക്കുക.
Key words: Six Years, First Standard Admission, Center , Strict Instructions
COMMENTS