കൊല്‍ക്കത്ത : വിഖ്യാത ചലച്ചിത്ര സംവിധായകന്‍ കുമാര്‍ സഹാനി അന്തരിച്ചു. 83 വയസ്സായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊല്‍ക്കത്...
കൊല്‍ക്കത്ത : വിഖ്യാത ചലച്ചിത്ര സംവിധായകന്‍ കുമാര്‍ സഹാനി അന്തരിച്ചു. 83 വയസ്സായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊല്‍ക്കത്തയില്‍ ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു അന്ത്യം.
മായാ ദര്‍പണ്‍, ചാര്‍ അധ്യായ്, കസ്ബ തുടങ്ങി നിരവധി പ്രശംസ നേടിയ ചിത്രങ്ങള്‍ സഹാനി സംവിധാനം ചെയ്തു.
പുണെയിലെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയില്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം 1972-ല്‍ മായ ദര്‍പണിലൂടെ ചലച്ചിത്രജീവിതം ആരംഭിച്ചു. ഋതിക് ഘട്ടക്കിന്റെ ശിഷ്യനായിരുന്നു. നിര്‍മ്മല്‍ വര്‍മ്മയുടെ ഒരു ചെറുകഥയെ അടിസ്ഥാനമാക്കിയുള്ളതാണ് മായാദര്‍പണ്‍. ഈ ചിത്രത്തിന് ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ ദേശീയ ചലച്ചിത്ര അവാര്‍ഡ് ലഭിച്ചു. പിന്നീട് 1984ല്‍ തരംഗ് എന്ന ചിത്രവും ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടി.
''ഒരു മനുഷ്യന്‍ എന്ന നിലയിലും ഒരു ചലച്ചിത്രകാരന്‍ എന്ന നിലയിലും അതുല്യ വ്യക്തിത്വമായിരുന്നു അദ്ദേഹം. രാജ്യത്തെ ഏറ്റവും മികച്ച സംവിധായകരില്‍ ഒരാളായിരുന്നു അദ്ദേഹം. സമൂഹം, കല, സിനിമ എന്നിവയിലുള്ള അദ്ദേഹത്തിന്റെ ബോധവും സമാനതകളില്ലാത്തതായിരുന്നു. അദ്ദേന്റെ സിനിമകള്‍ പ്രചോദനം നല്‍കുന്നവയായിരുന്നു,'' സഹാനിക്കൊപ്പം നിരവധി പ്രോജക്ടുകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള മിത വസിഷ്ഠ് പറഞ്ഞു.
1940 ഡിസംബര്‍ ഏഴിന് പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ലര്‍ക്കാനയിലാണ് കുമാര്‍ സഹാനി ജനിച്ചത്. പിന്നീട് കുടുംബത്തോടൊപ്പം മുംബയിലേക്ക് മാറി. 1973-ല്‍ 'മായ ദര്‍പന്‍', 1990-ല്‍ 'ഖയാല്‍ ഗാഥ', 1991-ല്‍ 'കസ്ബ' എന്നീ ചിത്രങ്ങള്‍ക്ക് ഫിലിംഫെയര്‍ അവാര്‍ഡുകളും നേടി.
2019ല്‍ കേരള സംസ്ഥാന ചലച്ചിത്ര അക്കാഡമി അവാര്‍ഡ് സമിതി അദ്ധ്യക്ഷനായിരുന്നു.
COMMENTS