പ്രേക്ഷകരുടെ ഏറെനാളത്തെ കാത്തിരിപ്പിനൊടുവില്‍ തീയേറ്ററുകളിലെത്തിയ ലിജോ ജോസ് പെല്ലിശ്ശേരി- മോഹന്‍ലാല്‍ ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. ചിത്രം...
പ്രേക്ഷകരുടെ ഏറെനാളത്തെ കാത്തിരിപ്പിനൊടുവില്‍ തീയേറ്ററുകളിലെത്തിയ ലിജോ ജോസ് പെല്ലിശ്ശേരി- മോഹന്‍ലാല്‍ ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. ചിത്രം ഇറങ്ങുംമുമ്പേ തുടങ്ങിയ ആവേശം പക്ഷേ തീയേറ്ററുകളില്‍ കാണാതെ പോയി. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.
ഇപ്പോഴിതാ സിനിമയ്‌ക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ലിജോ ജോസ് പെല്ലിശ്ശേരി. മലയാളത്തില്‍ ഇതുവരെ ഉണ്ടായതില്‍വച്ച് മോശം സിനിമ എന്ന രീതിയിലാണ് ഒരു വിഭാഗം പ്രേക്ഷകര്‍ ചിത്രത്തോട് പെരുമാറിയതെന്ന് ലിജോ പറയുന്നു. ഗലാട്ടാ പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് ലിജോയുടെ പ്രതികരണം.
'എനിക്കാ സിനിമ ഇഷ്ടപ്പെട്ടില്ല, അതുകൊണ്ട് രാജ്യത്തുള്ളവരൊന്നും അത് കാണരുതെന്ന മട്ടിലായിരുന്നു ആദ്യ രണ്ടു ദിവസങ്ങളിലെ പ്രതികരണങ്ങള്‍. ഒന്നരവര്‍ഷം ഈ സിനിമയ്ക്കുവേണ്ടി രാപകലില്ലാതെ അധ്വാനിച്ചവരെല്ലാം പൊടുന്നനെ അപ്രത്യക്ഷരായി. മലയാളത്തില്‍ ഇന്നേവരെ വന്നതില്‍ ഏറ്റവും മോശം സിനിമ എന്ന ചര്‍ച്ചമാത്രം ബാക്കിയായി. അതെന്നെ വളരെ ദുഃഖിപ്പിച്ചതുകൊണ്ടാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്നത്. എന്തുകൊണ്ട് ഈ സിനിമ കാണണമെന്ന് വിശദീകരിക്കേണ്ടിവന്നതും അതുകൊണ്ടാണ്. എന്റെ മറ്റൊരു സിനിമയ്ക്കുവേണ്ടിയും ഇങ്ങനെ ചെയ്യേണ്ടിവന്നിട്ടില്ല. ഒരു സിനിമയുടെപേരില്‍ പ്രേക്ഷകര്‍ പരസ്പരം കല്ലേറു നടത്തുന്നത് അംഗീകരിക്കാനാവില്ല. സിനിമ നിങ്ങളുടേതായിക്കഴിഞ്ഞു. താത്പര്യമില്ലെങ്കില്‍ കാണേണ്ടകാര്യമില്ല. ഒരു കുഴപ്പവുമില്ല. പക്ഷേ ഈ സിനിമ കാണരുതെന്ന് മറ്റുള്ളവരെ നിര്‍ബന്ധിക്കരുത്. സിനിമയുടെ യഥാര്‍ത്ഥ താളം എന്താണെന്ന് മനസിലാക്കത്തക്കവിധമുള്ള മറ്റൊരു ട്രെയ്ലര്‍ ഇറക്കാമായിരുന്നു''- ലിജോ കൂട്ടിച്ചേര്‍ത്തു.
Key words: Lijo Jose Pellissery, Malaikkottai Valiban, Mohanlal
COMMENTS