Azolla farming class by Amrita Agriculture College
കോയമ്പത്തൂര്‍: റൂറല്‍ അഗ്രിക്കള്‍ച്ചറല്‍ വര്‍ക്ക് എക്‌സ്പീരിയന്‍സിന്റെ ഭാഗമായി അമൃത കാര്‍ഷിക കോളേജിലെ വിദ്യാര്‍ത്ഥികള്‍ കുറുനല്ലിപാളയം പഞ്ചായത്തിലെ കര്‍ഷകര്‍ക്കായി അസോളയുടെ സാധ്യതകള്‍ പരിചയപ്പെടുത്തി ക്ലാസ് സംഘടിപ്പിച്ചു.
അസോളയില്‍ അടങ്ങിയിരിക്കുന്ന അനബേന എന്ന സയനോ ബാക്ടീരിയ നൈട്രജന്‍ സ്ഥിരീകരണത്തിന് സഹായിക്കുന്നു. പയര്‍ വര്‍ഗങ്ങളെക്കാള്‍ മൂന്നിരട്ടി അന്തരീക്ഷ നൈട്രജന്‍ സ്ഥിരീകരണം നടത്താന്‍ അസോളയ്ക്ക് കഴിയും. മാത്രമല്ല പ്രോട്ടീന്‍, അവശ്യ അമിനോ ആസിഡുകള്‍, വിവിധതരം വിറ്റാമിനുകള്‍ എന്നിവയുടെ സ്രോതസായ അസോള കന്നുകാലികള്‍ക്കുള്ള തീറ്റയായും ഉപയോഗിക്കുന്നു.
ചെറിയ കുളങ്ങളില്‍ അസോള സമൃദ്ധമായി വളര്‍ത്താന്‍ കഴിയും. നിരപ്പായ തറയില്‍ 2 മീറ്റര്‍ നീളത്തിലും 1 മീറ്റര്‍ വീതിയിലും ചതുരാകൃതിയില്‍ ഇഷ്ടികകള്‍ അടുക്കുക. ഇതിനുള്ളില്‍ ഷീറ്റ് വിരിച്ച ശേഷം വശങ്ങളില്‍ ഇഷ്ടികകള്‍ വയ്ക്കണം. 25 കിലോ മണ്ണ്, 5 കിലോ പച്ച ചാണകം എന്നിവ വെള്ളത്തില്‍ കലര്‍ത്തുക, ടാങ്കില്‍ 10 സെന്റീമീറ്റര്‍ ഉയരത്തില്‍ ഈ മിശ്രിതം നിറയ്ക്കണം.
ചതുരശ്ര മീറ്ററിന് 500 ഗ്രാം എന്ന തോതിലാണ് ടാങ്കില്‍ അസോള നിറയ്‌ക്കേണ്ടത്. ഒരാഴ്ച കഴിയുമ്പോള്‍ ടാങ്ക് നിറയെ അസോള വളരുന്നത് കാണാന്‍ കഴിയും. വളരെ പെട്ടെന്ന് തന്നെ വളരാനുള്ള കഴിവ് ഇതിനുണ്ട്. ദിവസവും അര കിലോ മുതല്‍ ഒരു കിലോ വരെ അസോള വിളവെടുക്കാന്‍ സാധിക്കും. അസോള നേരിട്ട് മണ്ണില്‍ ചേര്‍ക്കുകയോ ഉണക്കിപ്പൊടിച്ച് ചേര്‍ക്കുകയോ ചെയ്യാം.
കോളേജ് ഡീന്‍ ഡോ.സുധീഷ് മണാലില്‍, റാവെ കോ-ഓര്‍ഡിനേറ്റര്‍ ഡോ. ശിവരാജ്.പി എന്നിവര്‍ പരിപാടിയില്‍ സന്നിഹിതരായിരുന്നു. വിദ്യാര്‍ത്ഥികളായ ഐഫ, ആതിര, നേഹ, ആയിഷ, ദേവനന്ദന, ജയശ്രീ, പാര്‍വതി, കൃഷ്ണ നക്ഷത്ര, വരദ, അഭിജിത്, ശ്രീകാന്ത്, അക്ഷത്, സോന, ദീചന്യ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.
COMMENTS