A freight train stopped at Katwa railway station in Jammu and Kashmir ran for about 80 km without a driver
പത്താന്‍കോട്ട്: ജമ്മു കശ്മീരിലെ കത് വ റെയില്‍വേ സ്‌റ്റേഷനില്‍ നിറുത്തിയിട്ടിരുന്ന ചരക്കു ട്രെയിന്‍ ഡ്രൈവര്‍ ഇല്ലാതെ 80 കിലോ മീറ്ററോളം ഓടി. ഒരു അപകടവും സംഭവിക്കാതെ, പഞ്ചാബിലെ ഉച്ച ബസ്സി സ്റ്റേഷനില്‍ ട്രെയിന്‍ നിറുത്തനായപ്പോഴാണ് അധികൃതര്‍ക്കു ശ്വാസം കിട്ടിയത്.
ഒരുവേള ട്രെയിന്‍ നൂറു കിലോ മീറ്റര്‍ വരെ വേഗമാര്‍ജ്ജിച്ചത് അധികൃതരെ മുള്‍മുനയിലാക്കുകയും ചെയ്തു. അധികം ഗതാഗതമില്ലാത്ത റൂട്ടിലായതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
രാവിലെ ഏഴു മണിയോടെ കത് വ സ്‌റ്റേഷനിലായിരുന്നു സംഭവങ്ങളുടെ തുടക്കം. ലോകോ പൈലറ്റും കോ പൈലറ്റും ചായ കുടിക്കാനായി ഇറങ്ങിയതായിരുന്നു.
എന്‍ജിന്‍ ഓണായിരുന്ന ട്രെയിനില്‍ നിന്ന് ഇറങ്ങുന്നതിന് മുമ്പ് ഹാന്‍ഡ് ബ്രേക്ക് പ്രയോഗിക്കാന്‍ ലോകോ പൈലറ്റ് മറന്നതാണ് കുഴപ്പത്തിനെല്ലാം കാരണമെന്നാണ് പ്രാഥമിക നിഗമനം. ട്രാക്കിന് ചെറിയ ഇറക്കമുണ്ടായിരുന്നു. ഇതിലേക്ക് ഓടിയിറങ്ങിയ ട്രെയിന്‍ സ്വയം വേഗമാര്‍ജ്ജിക്കുകയായിരുന്നു. നിര്‍മാണ സ്ഥലത്തേയ്ക്കു കോണ്‍ക്രീറ്റുമായി പോവുകയായിരുന്നു ട്രെയിന്‍./p>
കത് വയില്‍ നിന്ന ഉച്ചി ബസ്സി സ്റ്റേഷനിലെത്തുന്നതിനു മുന്‍പ് ട്രെയിന്‍ അഞ്ചു സ്റ്റഷനുകള്‍ കടന്നുപോയി. ഉച്ചി ബസ്സി സ്‌റ്റേനില്‍ പാളത്തില്‍ മരക്കട്ടികള്‍ നിരത്തിയാണ് ട്രെയിന്‍ നിയന്ത്രിച്ചു നിറുത്തിയത്.
സംഭവത്തെക്കുറിച്ചു വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പാഞ്ഞുപോകുന്ന ട്രെയിനിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സുരക്ഷാ വീഴ്ചകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് അധികൃതര്‍ പറഞ്ഞു.
റെയില്‍വേ സുരക്ഷാ പ്രോട്ടോക്കോളുകളെക്കുറിച്ചും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സമഗ്രമായ അന്വേഷണത്തിന്റെ ആവശ്യകതയെക്കുറിച്ചും ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന സംഭവമാണ് ഇതെന്ന് സോഷ്യല്‍ മീഡിയ പൊതു അഭിപ്രായം ഉയരുന്നുണ്ട്.
COMMENTS