എസ് ജഗദീഷ് ബാബു വടി കുത്തി നടക്കുന്ന നമ്മുടെ മാധ്യമപ്രവര്‍ത്തകര്‍ തൊണ്ണൂറിലും നട്ടെല്ലോടെ നിവര്‍ന്നു നില്ക്കുന്ന എം.ടിയെ കണ്ടുപഠിക്കട്ടെ സ...
എസ് ജഗദീഷ് ബാബു
വടി കുത്തി നടക്കുന്ന നമ്മുടെ മാധ്യമപ്രവര്‍ത്തകര്‍ തൊണ്ണൂറിലും നട്ടെല്ലോടെ നിവര്‍ന്നു നില്ക്കുന്ന എം.ടിയെ കണ്ടുപഠിക്കട്ടെ
സഖാവ് എന്നു മലയാളി വിളിക്കുന്ന പി കൃഷ്ണപിള്ളയെ പോലെ അവര്‍ സ്‌നേഹിക്കുന്ന രണ്ടക്ഷരമാണ് എം ടി. ലോകത്ത് മലയാളി എവിടെയുണ്ടെങ്കിലും എംടി എഴുതുന്നതും പറയുന്നതും അവര്‍ക്കു വേദവാക്യം തന്നെ. മഹാമൗനത്തിന്റെ കാലത്തെ ഭേദിച്ചുകൊണ്ട്, എംടി പറഞ്ഞ വാക്കുകള്‍ ഇടിമുഴക്കം പോലെ മലയാളിയുടെ മനസ്സില്‍ പതിയുകയാണ്. രാഷ്ട്രീയകേരളത്തില്‍ പുതിയൊരു ചര്‍ച്ചയ്ക്കും തിരിച്ചറിവിനും എം ടി വഴിമരുന്നിടുകയാണ്.
മുഖ്യമന്ത്രി പിണറായി വിജയനെ മുന്നിലിരുത്തിക്കൊണ്ട് എം ടി നടത്തിയ പ്രസംഗം കേട്ടപ്പോള്‍ ഓര്‍മ്മ വന്നത് രാജാവ് നഗ്‌നനാണെന്നു വിളിച്ചുപറഞ്ഞ കുട്ടിയുടെ കഥയാണ്. സത്യം പറയാന്‍ ഭയപ്പെടുന്ന കേരളത്തിലെ പത്രാധിപന്‍മാര്‍ തൊണ്ണൂറു കഴിഞ്ഞ എം.ടി എന്ന പത്രാധിപരില്‍ നിന്ന് എന്തെങ്കിലും പഠിക്കുമെന്നു കരുതാം.
'അധികാരമെന്നാല്‍ ആധിപത്യമോ, സര്‍വ്വാധിപത്യമോ ആണെന്നാണ് നേതാക്കള്‍ കരുതുന്നത്. രാഷ്ട്രീയ പ്രവര്‍ത്തനം അവര്‍ക്ക് അധികാരത്തിലെത്താനുള്ള ഒരു വഴി മാത്രമാണെ'ന്നും എം.ടി മുഖ്യമന്ത്രിയുടെ മുഖത്തു നോക്കിപ്പറഞ്ഞു. കോഴിക്കോട് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിലായിരുന്നു പിണറായി വിജയനെ ഇരുത്തിക്കൊണ്ട് എം.ടിയുടെ തുറന്നുപറച്ചില്‍.
'അധികാരമെന്നാല്‍ ജനസേവനത്തിനു കിട്ടുന്ന മെച്ചപ്പെട്ട അവസരമാണെന്ന സിദ്ധാന്തത്തെ പണ്ടെന്നോ നമ്മള്‍ കുഴിവെട്ടി മൂടി. അതു മറന്നുകൊണ്ട് ആള്‍ക്കൂട്ടത്തെ അടിച്ചമര്‍ത്താന്‍ നോക്കിയതാണ് റഷ്യയിലെ പരാജയത്തിന്റെ കാരണമെന്നും എംടി അടിവരയിടുന്നു. ശിഥിലീകരണത്തിന്റെ കാരണങ്ങളെ അപഗ്രഥിക്കുകയാണ് അതിനെ നിഷേധിച്ച് ഇല്ലെന്നു പറയുന്നതിനു പകരണം ജാഗ്രതയോടെ ചെയ്യേണ്ടതെന്നു ഉദ്ധരണിയിലൂടെ എംടി ഓര്‍മിപ്പിക്കുന്നു. തെറ്റുപറ്റിയെന്ന് തോന്നിയാല്‍ അത് സമ്മതിക്കുകയെന്നത് ഒരു മാന്യതയാണ്. അത് ചെയ്യുന്ന ഒരു മഹാരഥനെയും ഇവിടെ കാണാനില്ല. ജനാധിപത്യമെന്നാല്‍ നയിക്കാന്‍ ഏതാനും പേരും നയിക്കപ്പെടാന്‍ അനേകം പേരുമെന്ന രീതി മാറ്റാനാണ് ഇഎംഎസ് ശ്രമിച്ചത്.
ആചാര ഉപചാരങ്ങളിലോ, നേതൃത്വ പൂജകളിലോ അദ്ദേഹത്തെ കണ്ടിരുന്നില്ല. ഉത്തരവാദിത്വങ്ങളെ ആദരവോടെ സ്വീകരിച്ച് എല്ലാവിധത്തിലുമുള്ള അടിച്ചമര്‍ത്തലുകളില്‍ നിന്ന് മോചനം നേടാന്‍ വെമ്പുന്ന ഒരു സമൂഹത്തിന്റെ സൃഷ്ടിയാണ് ഇഎംഎസ് ലക്ഷ്യമിട്ടിരുന്നത്. അത്തരം നേതാക്കള്‍ക്ക് പുതിയ പഥങ്ങളിലേക്ക് ചിന്തയെയും പുതിയ ചക്രവാളങ്ങളിലേക്ക് വീക്ഷണങ്ങളെയും എത്തിക്കാന്‍ കഴിയും. അപ്പോള്‍ നേതാവ് ഒരു നിമിത്തം അല്ലാതെ ചരിത്രപരമായ ഒരു ആവശ്യകതയായി മാറുന്നു. ഇതായിരുന്നു ഇഎംഎസ്. ഇത് കാലത്തിന്റെ ആവശ്യമാണെന്ന് അധികാരത്തിലുള്ളവര്‍ ഉള്‍ക്കൊള്ളണം. അങ്ങനെ പ്രവര്‍ത്തിക്കാന്‍ ഇന്നത്തെ നേതാക്കള്‍ തയ്യാറാകുമെന്ന് പ്രത്യാശിക്കുന്നു'വെന്നും എംടി മുഖമടച്ചു പറഞ്ഞു.
'ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ലക്ഷ്യം നേടിയെന്ന അലംഭാവത്തില്‍ എത്തിപ്പെട്ടവരുണ്ടാകാം. അത് ഒരു ആരംഭം മാത്രമാണെന്നും ജാഥ നയിച്ചും മൈതാനങ്ങളില്‍ ഇരമ്പിക്കൂടിയും വോട്ടുപെട്ടികള്‍ നിറച്ചും സഹായിച്ച ആള്‍ക്കൂട്ടത്തെ ഉത്തരവാദിത്വമുള്ള ഒരു സമൂഹമായി മാറ്റാനുള്ള തുടക്കം മാത്രമാണ് അധികാരത്തിന്റെ അവസരമെന്നു വിശ്വസിച്ചതുകൊണ്ടാണ് ഇഎംഎസ് സമാരാധ്യനും മഹാനുമായ നേതാവാകുന്ന'തെന്ന് എംടി പറയുമ്പോള്‍ അമ്പ് ചെന്നു കൊള്ളുന്നത് എവിടെയെന്നു വ്യക്തം.
'തെറ്റുപറ്റിയെന്ന് തോന്നിയാല്‍ അത് സമ്മതിക്കാനുള്ള ആര്‍ജ്ജവമാണ് നേതാക്കള്‍ക്ക് വേണ്ടത്. എന്നാല്‍ ആ ഗുണം രാഷ്ട്രീയ മണ്ഡലത്തിലെ ഒരു മഹാരഥനും ഇവിടെ കാണിക്കാറില്ല. രാഷ്ട്രീയത്തിന്റെ മൂല്യച്യുതിയെപ്പറ്റി കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. അധികാരത്തിലെത്താനുള്ള മാര്‍ഗ്ഗമായി മാത്രം രാഷ്ട്രീയത്തെ കാണുന്നതാണ് ഇതിന് കാരണം. ആള്‍ക്കൂട്ടത്തെ എളുപ്പം ക്ഷോഭാകുലരാക്കാനോ, ആരാധകരാക്കാനോ ആര്‍ക്കും കഴിയും. എന്നാല്‍ തെറ്റായ ആ മാര്‍ഗ്ഗത്തിലേക്ക് പോകാതിരിക്കുകയാണ് വേണ്ടത്'. ഇത്തരത്തില്‍ മുഖ്യമന്ത്രിയെ ഇരുത്തിക്കൊണ്ട് ഇന്നുണ്ടായിരിക്കുന്ന രാഷ്ട്രീയ അപചയത്തിലേക്കും ധാര്‍മ്മിക തകര്‍ച്ചയിലേക്കും വിരല്‍ ചൂണ്ടുകയായിരുന്നു എംടി.
ഇഎംഎസ് മുഖ്യമന്ത്രിയായിരിക്കേ അദ്ദേഹത്തെ ഇരുത്തിക്കൊണ്ട് ചരിത്രപ്രസിദ്ധമായ കുളത്തൂര്‍ പ്രസംഗം നടത്തിയ ഒരു പത്രാധിപര്‍ നമുക്കുണ്ടായിരുന്നു. പത്മഭൂഷണ്‍ കെ.സുകുമാരന്‍. അന്ന് ആ വേദിയില്‍ പ്രസംഗിച്ചുകഴിഞ്ഞ് മുഖ്യമന്ത്രി ഇ എം എസ് ഇറങ്ങിപ്പോകാന്‍ തുടങ്ങുമ്പോള്‍, അദ്ദേഹത്തോട് അവിടെ ഇരിക്കാനും ഇതുകൂടി കേട്ടിട്ടു പോകാനും പറയാന്‍ തക്ക ആര്‍ജവം ആ പത്രാധിപര്‍ക്കുണ്ടായിരുന്നു. മുഖ്യമന്ത്രിക്ക് ആ വാക്കുകള്‍ കേളക്കാതിരിക്കാനും കഴിയുമായിരുന്നില്ല. വളര്‍ന്നുവളര്‍ന്ന് സാംസ്‌കാരിക ഔന്നത്യത്തിന്റെ വലിയ കൊമ്പുകളിലെത്തിയെന്ന് ഊറ്റംകൊള്ളുന്ന കേരളത്തില്‍ ഇന്ന് അത്തരമൊരു ക്യാരം സങ്കല്പിക്കാനാവുമോ? കാരണം ആ പത്രാധിപരുടെ നട്ടെല്ലിന്റെ സ്ഥാനത്തുണ്ടായിരുന്നത് വാഴപ്പിണ്ടി അല്ലായിരുന്നു.
മുഖ്യമന്ത്രിയായിരുന്ന അച്ഛന്‍ സി. കേശവനെതിരെ എഡിറ്റോറിയല്‍ എഴുതിയ മറ്റൊരു പത്രാധിപരായിരുന്നു കൗമുദി ബാലകൃഷ്ണന്‍. ആ പത്രാധിപന്‍മാരുടെ പാരമ്പര്യമാണ് ഈ തുറന്നുപറച്ചിലിലൂടെ എംടി ഉയര്‍ത്തിപ്പിടിക്കുന്നത്.
എംടി ഇങ്ങനെ പൊട്ടിത്തെറിച്ചിട്ടുള്ളത് അപൂര്‍വം ചില സമയങ്ങളില്‍ മാത്രമാണ്. അപ്പോഴെല്ലാം ആ വാക്കുകള്‍ക്ക് വെടിയുണ്ടയെക്കാള്‍ ശക്തിയുണ്ടായിരുന്നു. മുത്തങ്ങയില്‍ നിരപരാധികളായ ആദിവാസികളെ വെടിവച്ചു കൊന്നപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി എകെ ആന്റണിക്കു നേരേ എംടി പൊട്ടിത്തെറിച്ചിരുന്നു. നോട്ടു നിരോധനം പ്രഖ്യാപിച്ച് ജനത്തെ പൊരിവെയിലിട്ടു ബോധം കെടുത്തി കൊന്നപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കു നേരേയും എംടിയുടെ വാക് ശരങ്ങള്‍ തൊടുക്കപ്പെട്ടിരുന്നു. പിന്നെ, ഇപ്പോഴിതാ അധികാര കേരളത്തിനു മുമ്പെങ്ങുമില്ലാത്ത വിധം ഭ്രാന്തുപിടിച്ചിരിക്കെ, എംടി തിരുത്തല്‍ ശക്തിയാവുകയാണ്. ഇനിയൊരു വട്ടം കൂടി അധികാരം കിട്ടിയാല്‍ കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇല്ലാതാകുമെന്നു പറഞ്ഞ് പിറ്റേ ദിവസം അതു തിരുത്തിയ സാഹിത്യ അക്കാഡമി മുന്‍ സെക്രട്ടറി കെ സച്ചിദാനന്ദനെയും മുഖ്യമന്ത്രിയുടെ നിഴലായ മരുമകന്‍ മന്ത്രിയേയും കൂടി സാക്ഷിനിറുത്തിക്കൊണ്ടായിരുന്നു എംടിയുടെ ശരവര്‍ഷം എന്നതും കൗതുകരമായി.
പരിണിതപ്രജ്ഞനായ എംടിക്ക് സാമൂഹ്യ വിമര്‍ശനം നടത്താന്‍ വലിയ തയ്യാറെടുപ്പിന്റെയൊന്നും ആവശ്യമില്ല. ആ കണ്ഠത്തില്‍ നിന്ന് വാക്കുകള്‍ അനര്‍ഗളം വരാറുണ്ട്. പക്ഷേ, ഇവിടെ എഴുതി തയ്യാറാക്കി കൊണ്ടുവന്ന പ്രസംഗമാണ് അദ്ദേഹം വായിച്ചത്. അതിനര്‍ത്ഥം ചിലതു പറയാന്‍ അദ്ദേഹം നേരത്തേ ഉറപ്പിച്ചിരുന്നുവെന്നും പറയേണ്ടത് പറയേണ്ട വേദിയില്‍ കേള്‍ക്കേണ്ടവരുടെ മുന്നില്‍ തന്നെ വേണമെന്നും അദ്ദേഹത്തിനു നിഷ്‌കര്‍ഷയുണ്ടായിരുന്നു. അതു മനസ്സിലാവാത്ത ചിലര്‍ എം ടി പറഞ്ഞത് കേന്ദ്ര സര്‍ക്കാരിനെക്കുറിച്ചാണെന്നൊക്കെ പറയുന്നുണ്ടാവും. പക്ഷേ, ഇ എം എസിനെയും റഷ്യന്‍ വിപ്‌ളവത്തെയും കൂട്ടുപിടിച്ച് എംടി ഉന്നയിക്കുന്ന ആശങ്ക എന്തിനെക്കുറിച്ചാണെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്ക് അറിയാം.'കടക്ക് പുറത്ത്' എന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ എന്തിനെന്നുചോദിക്കാന്‍ തലസ്ഥാനത്തെ ഒരു മാധ്യമപ്രവര്‍ത്തകനും നട്ടെല്ലുണ്ടായിരുന്നില്ല. ചെമ്മരിയാടുകളെ പോലെ തല കുനിച്ച് ഇറങ്ങിപ്പോയ മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് എം.ടിയുടെ പ്രസംഗം. ജ്ഞാനപീഠം ഉള്‍പ്പെടെ ഉന്നത ബഹുമതികള്‍ നല്‍കി രാജ്യം ആദരിച്ച എം.ടി എഴുത്തുകാരന്‍ മാത്രമല്ല, മാതൃഭൂമിയുടെ മുന്‍ പത്രാധിപര്‍ കൂടിയായിരുന്നു. അതുകൊണ്ടുതന്നെയാകണം തൊണ്ണൂറ് പിന്നിട്ട എം.ടിയുടെ വാക്കുകള്‍ക്ക് യുവത്വത്തിന്റെ ഗാംഭീര്യം. വടി കുത്തി നടക്കുന്ന നമ്മുടെ മാധ്യമപ്രവര്‍ത്തകര്‍ തൊണ്ണൂറിലും നട്ടെല്ലോടെ നിവര്‍ന്നു നില്ക്കുന്ന എം.ടിയെ കണ്ടുപഠിക്കട്ടെ.
#
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍ എം.ടി.വാസുദേവന്‍ നായര്‍ നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണരൂപം
ചരിത്രപരമായ ഒരാവശ്യത്തെക്കുറിച്ച് ഇവിടെ പറയാന്‍ ആഗ്രഹിക്കുന്നു. രാഷ്ട്രീയത്തിലെ മൂല്യച്യുതിയെപ്പറ്റി കേള്‍ക്കാന്‍ തുടങ്ങിയിട്ടു വളരെക്കാലമായി. എന്തുകൊണ്ട് എന്ന സംവാദങ്ങള്‍ക്കു പലപ്പോഴും അര്‍ഹിക്കുന്ന വ്യക്തികളുടെ അഭാവം എന്ന ഒഴുക്കന്‍ മറുപടികൊണ്ട് തൃപ്തിപ്പെടേണ്ടി വരുന്നു. രാഷ്ട്രീയപ്രവര്‍ത്തനം അധികാരത്തിലെത്താനുള്ള ഒരംഗീകൃത മാര്‍ഗമാണ്.
എവിടെയും അധികാരമെന്നാല്‍ ആധിപത്യമോ സര്‍വാധിപത്യമോ ആവാം. അസംബ്ലിയിലോ പാര്‍ലമെന്റിലോ മന്ത്രിസഭയിലോ ഒരുസ്ഥാനം എന്നുവച്ചാല്‍ ആധിപത്യത്തിനുള്ള തുറന്ന അവസരമാണ്. അധികാരമെന്നാല്‍ ജനസേവനത്തിനു കിട്ടുന്ന ഒരവസരമെന്ന സിദ്ധാന്തത്തെ പണ്ടെന്നോ നമ്മള്‍ കുഴിവെട്ടി മൂടി.
ഐതിഹാസിക വിപ്ലവത്തിലൂടെ സാറിസ്റ്റ് ഭരണത്തെ നീക്കിയ റഷ്യയിലും പഴയ സേവനസിദ്ധാന്തം വിസ്മരിക്കപ്പെടുന്നു. അവിടെ ശിഥിലീകരണം സംഭവിക്കാന്‍ പോകുന്നു എന്ന് ഫ്രോയ്ഡിന്റെ ശിഷ്യനും മാര്‍ക്‌സിയന്‍ തത്വചിന്തകനുമായ വില്‍ഹെം റീഹ് 1944ല്‍ത്തന്നെ മുന്നറിയിപ്പു നല്‍കിയിരുന്നു.
ശിഥിലീകരണത്തിന്റെ കാര്യകാരണങ്ങളെ അപഗ്രഥിക്കുക എന്നതാണ് അതിനെ നിഷേധിച്ച് ഇല്ലെന്നു സങ്കല്‍പിക്കുന്നതിനു പകരം ജാഗ്രതയോടെ ചെയ്യേണ്ടതെന്നു റീഹ് വീണ്ടും വീണ്ടും ഓര്‍മിപ്പിച്ചു. വ്യവസായം, സംസ്‌കാരം, ശാസ്ത്രം എന്നീ മേഖലകളുടെ പ്രവര്‍ത്തനത്തെ അമിതാധികാരമുള്ള മാനേജ്‌മെന്റുകളെ ഏല്‍പിക്കുമ്പോള്‍ അപചയത്തിന്റെ തുടക്കംകുറിക്കുമെന്ന് അദ്ദേഹം അപായസൂചന നല്‍കി.
വിപ്ലവത്തില്‍ പങ്കെടുത്ത ജനാവലി ആള്‍ക്കൂട്ടമായിരുന്നു. ഈ ആള്‍ക്കൂട്ടത്തെ എളുപ്പം ക്ഷോഭിപ്പിക്കാം, ആരാധകരാക്കാം, പടയാളികളുമാക്കാം. ആള്‍ക്കൂട്ടം ഉത്തരവാദിത്തമുള്ള ഒരു സമൂഹമായി മാറുകയും സ്വയം കരുത്തുനേടി സ്വാതന്ത്ര്യം ആര്‍ജിക്കുകയും വേണം. ഭരണാധികാരി എറിഞ്ഞുകൊടുക്കുന്ന ഔദാര്യത്തുണ്ടുകളല്ല സ്വാതന്ത്ര്യം. ആള്‍ക്കൂട്ടം സമൂഹമായി മാറണമെന്നും എങ്കിലേ റഷ്യയ്ക്കു നിലനില്‍പുള്ളൂ എന്നും റീഹിനെക്കാള്‍ മുന്‍പു രണ്ടുപേര്‍ റഷ്യയില്‍ പ്രഖ്യാപിച്ചു: എഴുത്തുകാരായ ഗോര്‍ക്കിയും ചെക്കോവും.
തിന്മകളുടെ മുഴുവന്‍ ഉത്തരവാദിത്തവും സാറിസ്റ്റ് വാഴ്ചയുടെമേല്‍ കെട്ടിവച്ച് പൊള്ളയായ പ്രശംസകള്‍ നല്‍കിയും നേട്ടങ്ങളെ പെരുപ്പിച്ചുകാണിച്ചും ആള്‍ക്കൂട്ടത്തെ തൃപ്തിപ്പെടുത്തുന്നതിന് അവര്‍ എതിരായിരുന്നു. സ്വാതന്ത്ര്യത്തിന്റെ പ്രകാശം ഉള്ളിലേന്തുന്ന ഒരു റഷ്യന്‍ സമൂഹമാണ് അവര്‍ സ്വപ്നം കണ്ടത്. ഭരണകൂടം കയ്യടക്കുക എന്നതുമാത്രമാണ് വിപ്ലവത്തിന്റെ ലക്ഷ്യമെന്നു മാര്‍ക്‌സ് ഒരിടത്തും പറഞ്ഞിട്ടില്ലെന്നും അവര്‍ ഓര്‍മിപ്പിച്ചു.
സമൂഹമായി റഷ്യന്‍ ജനത മാറണമെങ്കിലോ? ചെക്കോവിന്റെ വാക്കുകള്‍ ഗോര്‍ക്കി ഉദ്ധരിക്കുന്നു: ''റഷ്യക്കാരന്‍ ഒരു വിചിത്രജീവിയാണ്. അവന്‍ ഒരീച്ച പോലെയാണ്. ഒന്നും അധികം പിടിച്ചുനിര്‍ത്താന്‍ അവനാവില്ല. ഒരാള്‍ക്ക് ഒരു നല്ല ജീവിതം വേണമെങ്കില്‍ അവന്‍ അധ്വാനിക്കണം. സ്‌നേഹത്തോടെയും വിശ്വാസത്തോടെയുമുള്ള അധ്വാനം. അതു നമുക്കു ചെയ്യാനറിയില്ല. വാസ്തുശില്‍പി രണ്ടോ മൂന്നോ നല്ല വീടുകള്‍ പണിതുകഴിഞ്ഞാല്‍ ശേഷിച്ച ജീവിതകാലം തിയറ്റര്‍ പരിസരത്ത് ചുറ്റിത്തിരിഞ്ഞുകഴിക്കുന്നു.
ഡോക്ടര്‍ പ്രാക്ടിസ് ഉറപ്പിച്ചുകഴിഞ്ഞാല്‍ സയന്‍സുമായി ബന്ധം വിടര്‍ത്തുന്നു. സ്വന്തം ജോലിയുടെ പ്രാധാന്യത്തെപ്പറ്റി ബോധമുള്ള ഒരു ഗവണ്‍മെന്റ് ഉദ്യോഗസ്ഥനെയും ഞാന്‍ കണ്ടിട്ടില്ല. വിജയകരമായ ഒരു ഡിഫന്‍സ് നടത്തി പ്രശസ്തനായിക്കഴിഞ്ഞാല്‍ പിന്നെ സത്യത്തെ ഡിഫന്‍ഡ് ചെയ്യാനുള്ള മനഃസ്ഥിതിയില്ല അഭിഭാഷകന്''.
1957ല്‍ ബാലറ്റുപെട്ടിയിലൂടെ കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍വന്നു. അതോടെ ലക്ഷ്യം നേടി എന്ന അലംഭാവത്തില്‍ എത്തിപ്പെട്ടവരുണ്ടാവാം. അത് ഒരാരംഭമാണെന്നും ജാഥ നയിച്ചും മൈതാനങ്ങളില്‍ ഇരമ്പിക്കൂടിയും വോട്ടുപെട്ടികള്‍ നിറച്ചും സഹായിച്ച ആള്‍ക്കൂട്ടത്തെ ഉത്തരവാദിത്തമുള്ള ഒരു സമൂഹമായി മാറ്റിയെടുക്കാനുള്ള ഒരു മഹാപ്രസ്ഥാനത്തിന്റെ തുടക്കം മാത്രമാണ് അധികാരത്തിന്റെ അവസരം എന്നും വിശ്വസിച്ചതുകൊണ്ടാണ് ഇഎംഎസ് സമാരാധ്യനാവുന്നത്; മഹാനായ നേതാവാകുന്നത്.
അധികാരവികേന്ദ്രീകരണത്തിലൂടെ സമൂഹത്തിന്റെ പങ്കാളിത്തത്തെപ്പറ്റി ചിന്തിക്കുമ്പോഴും അദ്ദേഹത്തിനു കേരളത്തെപ്പറ്റി, മലയാളികളുടെ മാതൃഭൂമിയെപ്പറ്റി സമഗ്രമായ ഉത്കണ്ഠയുണ്ടായിരുന്നു. ഭാഷ, സാഹിത്യം, സംസ്‌കാരം എന്നിവയെപ്പറ്റി നിരന്തരം ചിന്തിച്ചുകൊണ്ടിരുന്നു. സമൂഹത്തിന്റെ പണിത്തരവും പണിയായുധവും ഭാഷയാണെന്നു വിശ്വാസമുള്ളതുകൊണ്ടാണ് അദ്ദേഹം മലയാളത്തിന്റെ തനിമയും ചാരുതയും ലാളിത്യവും നിലനിര്‍ത്തണമെന്നു ശഠിച്ചുകൊണ്ടിരുന്നത്.
സാഹിത്യസമീപനങ്ങളില്‍ തങ്ങള്‍ക്കു തെറ്റുപറ്റിയെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ ചിലര്‍ പരിഹസിച്ചു. അദ്ദേഹത്തിന്റെ ആദ്യകാല സാഹിത്യസിദ്ധാന്തങ്ങളോട് ഒരിക്കലും എനിക്കു യോജിപ്പുണ്ടായിരുന്നില്ല. പക്ഷേ, തെറ്റുപറ്റിയെന്നു തോന്നിയാല്‍ അതു സമ്മതിക്കുകയെന്നത് നമ്മുടെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക ജീവിതമണ്ഡലങ്ങളില്‍ ഒരു മഹാരഥനും ഇവിടെ പതിവില്ല.
അഹംബോധത്തെ കീഴടക്കി പരബോധത്തിന്റെ പ്രാധാന്യം അംഗീകരിക്കുക എന്ന ലക്ഷ്യമാണ് ഞാനിവിടെ കാണുന്നത്. എതിരഭിപ്രായക്കാരെ നേരിടാന്‍ പറ്റിയ വാദമുഖങ്ങള്‍ തിരയുന്നതിനിടയ്ക്കു സ്വന്തം വീക്ഷണം രൂപപ്പെടുത്തുന്നതിനു തുടക്കമിടാന്‍ കഴിഞ്ഞുവെന്ന് ഇഎംഎസ് പറയുമ്പോള്‍ ഞാന്‍ അദ്ഭുതപ്പെടുന്നു. രൂപപ്പെടുത്തി എന്നല്ല പറയുന്നത്; രൂപപ്പെടുത്താനുള്ള തുടക്കമിടുന്നു എന്നാണ്. ഇഎംഎസിന് ഒരിക്കലും അന്വേഷണം അവസാനിക്കുന്നില്ല.
സമൂഹത്തിന്റെ സ്വാതന്ത്ര്യത്തെയും വികാസത്തെയുംപറ്റി എന്നോ രൂപംകൊണ്ട ചില പ്രമാണങ്ങളില്‍ത്തന്നെ മുറുകെപ്പിടിക്കുന്നവരെ കാലം പിന്തള്ളുന്നു. മാറിക്കൊണ്ടിരിക്കുന്ന സമൂഹത്തിന്റെ സ്വാതന്ത്ര്യസങ്കല്‍പങ്ങള്‍ നിരന്തരമായ വിശകലനത്തിനും തിരുത്തലിനും വിധേയമാക്കേണ്ടിവരുന്നു. എന്റെ പരിമിതമായ കാഴ്ചപ്പാടില്‍, നയിക്കാന്‍ ഏതാനുംപേരും നയിക്കപ്പെടാന്‍ അനേകരും എന്ന പഴയ സങ്കല്‍പത്തെ മാറ്റിയെടുക്കാനാണ് ഇഎംഎസ് എന്നും ശ്രമിച്ചത്. ആചാരോപചാരമായ നേതൃത്വപൂജകളിലൊന്നും അദ്ദേഹത്തെ കാണാതിരുന്നതും അതുകൊണ്ടുതന്നെയാണ്.
കാലം സമൂഹത്തെ എത്തിക്കുന്ന ചില അവസ്ഥകളില്‍ ചില നിമിത്തങ്ങളായി ചിലര്‍ നേതൃത്വത്തിലെത്തുന്നു. ഉത്തരവാദിത്തത്തെ ഭയത്തോടെയല്ലാതെ ആദരവോടെ സ്വീകരിച്ച, എല്ലാവിധത്തിലുമുള്ള അടിച്ചമര്‍ത്തലുകളില്‍നിന്നു മോചനം നേടാന്‍ വെമ്പുന്ന ഒരു സമൂഹത്തിന്റെ സൃഷ്ടി ലക്ഷ്യമാക്കുന്ന ഒരു നേതാവിന് എന്നും പുതിയ പഥങ്ങളിലേക്കു ചിന്തയും പുതിയ ചക്രവാളങ്ങളിലേക്കു വീക്ഷണവും അയച്ചുകൊണ്ടേയിരിക്കണം. അപ്പോള്‍ ഒരു നേതാവ്, ഒരു നിമിത്തമല്ലാതെ ചരിത്രപരമായ ഒരാവശ്യകതയായി മാറുന്നു. അതായിരുന്നു ഇഎംഎസ്. ഇതു കാലത്തിന്റെ ആവശ്യമാണെന്ന് അധികാരത്തിലുള്ളവര്‍ ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കാന്‍ തയാറാകുമെന്നു പ്രത്യാശിക്കുന്നു.Keywords: M.T. Vasudevan Nair, ritualistic worship, Marxist ideologue, Chief Minister, E.M.S. Namboodiripad, Kerala Literature Festival, Kozhikode beach
COMMENTS