ന്യൂഡല്‍ഹി : ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി അധ്യക്ഷനുമായ അരവിന്ദ് കെജ്രിവാളിനെ ഇ.ഡി ഇന്ന് അറസ്റ്റ് ചെയ്തേക്കുമെന്ന് അഭ്യൂഹങ്ങള്‍...
ന്യൂഡല്‍ഹി : ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി അധ്യക്ഷനുമായ അരവിന്ദ് കെജ്രിവാളിനെ ഇ.ഡി ഇന്ന് അറസ്റ്റ് ചെയ്തേക്കുമെന്ന് അഭ്യൂഹങ്ങള്‍. വ്യാഴാഴ്ച രാവിലെ അറസ്റ്റ് ചെയ്യുമെന്ന് വിവരം ലഭിച്ചതായി ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ അറിയിച്ചിട്ടുണ്ട്.
കെജ്രിവാളിന്റെ വീട്ടില്‍ ഇഡി ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയ ശേഷമാകും അറസ്റ്റെന്നും വിവരമുണ്ട്. നേരത്തെ ഡല്‍ഹി മദ്യനയം അഴിമതിക്കേസില്‍ മൂന്ന് തവണ കെജ്രിവാളിന് ഇ.ഡി സമന്‍സ് അയച്ചിരുന്നു. എന്നാല്‍ അദ്ദേഹം ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. ഈ സാഹചര്യത്തിലാണ് പാര്‍ട്ടി നേതാക്കള്‍ അറസ്റ്റ് സംബന്ധിച്ച ആശങ്ക എക്സിലൂടെ പങ്കുവെച്ചത്.
പാര്‍ട്ടി നേതാക്കളായ അതിഷി, സൗരഭ് ഭരദ്വാജ്, ജാസ്മിന്‍ ഷാ എന്നിവരാണ് അറസ്റ്റ് നടന്നേക്കുമെന്ന സൂചന പങ്കുവെച്ചത്.
'നാളെ രാവിലെ ഇ.ഡി അരവിന്ദ് കെജ്രിവാളിന്റെ വസതി റെയ്ഡ് ചെയ്യാന്‍ പോകുന്നതായി വാര്‍ത്തകള്‍ വരുന്നു. അറസ്റ്റിന് സാധ്യതയുണ്ട്,' എന്നാണ് ബുധനാഴ്ച രാത്രി അതിഷി ട്വീറ്റ് ചെയ്തത്. ഇതോടെ നേതാക്കള്‍ക്കിടയിലും പ്രവര്‍ത്തകര്‍ക്കിടയിലും വലിയ ആശങ്കകള്‍ ഉടലെടുത്തിട്ടുണ്ട്.
കഴിഞ്ഞ ഏപ്രിലില്‍ സിബിഐ കെജ്രിവാളിനെ ഒമ്പത് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ കേസില്‍ പ്രതി ചേര്‍ത്തിട്ടില്ല.
എക്‌സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാന്‍ ബുധനാഴ്ച കെജ്രിവാളിനെ ഇഡി വിളിപ്പിച്ചിരുന്നു. എന്നാല്‍ സമന്‍സ് തള്ളിയ അദ്ദേഹം അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി മറുപടി അയക്കുകയാണ് ചെയ്തത്. നോട്ടീസ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കഴിയില്ലെന്ന് അറിയിച്ചത്.
ഡല്‍ഹി മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാനാണ് ഇഡി ഉദ്ദേശിക്കുന്നതെന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് അദ്ദേഹത്തെ തടയാന്‍ അവര്‍ ആഗ്രഹിക്കുന്നുവെന്നും എഎപി ആരോപിച്ചു. പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്യാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ അഴിമതിക്കാരായ നേതാക്കള്‍ക്കെതിരെ നടപടിയൊന്നും അവര്‍ എടുത്തിട്ടില്ലെന്നും ആം ആദ്മി പാര്‍ട്ടി ആരോപിച്ചു.
അതേസമയം, ഗുജറാത്തില്‍ 12.91 ശതമാനം വോട്ട് നേടി ദേശീയ പാര്‍ട്ടിയായി നിലയുറപ്പിച്ച എഎപി വലിയ തോതിലുള്ള പ്രചാരണത്തിന് ഈ അഴിമതിയില്‍ നിന്നുള്ള വരുമാനം ഉപയോഗിച്ചുവെന്ന് ബിജെപി ആരോപിച്ചു. ഡല്‍ഹി മുഖ്യമന്ത്രി ഭയന്ന് വിറയ്ക്കുകയാണെന്നും ആരോപണവിധേയനായ മദ്യനയ കുംഭകോണത്തിന്റെ 'രാജാവ്' താനാണെന്ന് അറിയാവുന്നതിനാലാണ് ഏജന്‍സിക്ക് മുന്നില്‍ ഹാജരാകാത്തതെന്നും പബിജെപി കെജ്രിവാളിനെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചിരുന്നു.
Key words: Kejriwal, Arrest, ED
COMMENTS