തിരുവനന്തപുരം: എങ്ങനെയെങ്കിലും ഒരു ലൈസന്‍സ് തരപ്പെടുത്തിയാല്‍ മതിയെന്ന് കരുതി നടക്കുന്നവരാണ് പലരും. അതിന് എത്ര പണം ചിലവഴിക്കാനും കുറുക്കുവ...
തിരുവനന്തപുരം: എങ്ങനെയെങ്കിലും ഒരു ലൈസന്‍സ് തരപ്പെടുത്തിയാല്‍ മതിയെന്ന് കരുതി നടക്കുന്നവരാണ് പലരും. അതിന് എത്ര പണം ചിലവഴിക്കാനും കുറുക്കുവഴികള്‍ തേടാനും മടി കാണിക്കാറുമില്ല. എന്നാല്‍ ഇനി അതൊന്നും അത്ര ഈസിയായി നടക്കില്ലെന്ന് ഗതാഗതമന്ത്രി ഗണേഷ്.
നിയമങ്ങള്‍ കര്‍ശനമാവുകയാണെന്നും ഈ ആഴ്ച മുതല്‍ അവ പ്രാബല്യത്തിലാകുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഈ ആഴ്ച മുതല്‍ ഡ്രൈവിംഗ് ടെസ്റ്റ് കര്‍ശനമാക്കുമ്പോള്‍ നിരവധി മാറ്റങ്ങളുണ്ടാകും. സംസ്ഥാനത്ത് അനുവദിക്കുന്ന ലൈസന്‍സുകളുടെ എണ്ണം കുറയുമെന്നുള്ളതാണ് അതിലൊരു കാര്യം. വാഹനം ശരിയായ രീതിയിലും ഗൗരവത്തിലും ഓടിക്കാന്‍ അറിയാവുന്നവര്‍ക്കു മാത്രമേ ഇനിമുതല്‍ ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
വാഹനം ഓടിക്കുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും തെറ്റുകുറ്റങ്ങള്‍ കാണിച്ചാല്‍ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നത് കൊണ്ട് കാര്യമില്ലെന്നും അദ്ദേഹം പറയുന്നു. വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കി വീണ്ടും ലൈസന്‍സ് എടുക്കുന്ന പ്രവണത വര്‍ദ്ധിച്ചു വരികയാണ്. ഈ രീതി തുടരുന്ന കാലത്തോളം ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തതുകൊണ്ട് കാര്യമില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.
ഡ്രൈവിംഗ് ടെസ്റ്റ് കുറ്റമറ്റ രീതിയില്‍ നടത്തി ലൈസന്‍സ് കൊടുക്കുന്ന നടപടി കര്‍ശനമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇനി മുതല്‍ 'എച്ച്' മാത്രമെടുത്തിട്ട് കാര്യമില്ലെന്നുള്ളതാണ് വസ്തുത. വണ്ടി റിവേഴ്‌സ് എടുക്കുകയും പാര്‍ക്ക് ചെയ്ത് കാണിക്കുകയും വേണമെന്ന് മന്ത്രി പറഞ്ഞു. അത്തരത്തിലാണ് ഗള്‍ഫ് രാജ്യങ്ങള്‍ ലൈസന്‍സ് നല്‍കുന്നത്. താന്‍ ഗള്‍ഫില്‍ പോയി ലൈസന്‍സ് എടുത്തപ്പോള്‍ ഇതെല്ലാം ചെയ്തിട്ടാണ് ലൈസന്‍സ് ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
ടെസ്റ്റ് നടത്തുന്ന വാഹനങ്ങളില്‍ ക്യാമറ സ്ഥാപിക്കുമെന്നും അതിനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഗണേഷ് പറഞ്ഞു. സ്ത്രീകളോട് മോശമായി ഉദ്യോഗസ്ഥര്‍ പെരുമാറുന്നുവെന്ന പരാതിയില്‍ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വ്യാപകമായി ലൈസന്‍സ് കൊടുക്കുന്നവര്‍ ആ സ്ഥാനത്തുണ്ടാകില്ലെന്നുറപ്പണെന്നും ഗണേഷ് കുമാര്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് താക്കീത് നല്‍കി. ഡ്രൈവിംഗ് ടെസ്റ്റില്‍ തെറ്റുവരുത്തിയാല്‍ ലൈസന്‍സ് കിട്ടില്ലെന്നുറപ്പാണ്. കേരളത്തിലെ ലൈസന്‍സിന് അന്തസുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇത് മനുഷ്യ ജിവന്റെ പ്രശ്‌നമാണ്. പലര്‍ക്കും ലൈസന്‍സുണ്ട്. പക്ഷേ വണ്ടി ഓടിക്കാന്‍ അറിയില്ലെന്നും ഗണേഷ് പറഞ്ഞു.
Key words: Ganesh, Driving License, Strict
COMMENTS