ഒസാക്ക: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ സ്ത്രീയും ജപ്പാനിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയുമായ ഫുസ ടാറ്റ്‌സുമി വിടപറഞ്ഞു. 116-ആം വയ...
ഒസാക്ക: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ സ്ത്രീയും ജപ്പാനിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയുമായ ഫുസ ടാറ്റ്‌സുമി വിടപറഞ്ഞു. 116-ആം വയസ്സില്‍ കാശിവാരയിലെ ഒരു നഴ്‌സിംഗ് ഹോമില്‍ വച്ചാണ് അവര്‍ തന്റെ പ്രായത്തെ തോല്‍പ്പിച്ച മരണത്തിന് കീഴടങ്ങിയത്.
മരിക്കുംമുമ്പ് കഴിച്ചത് തന്റെ പ്രിയപ്പെട്ട ഭക്ഷണമായ ബീന്‍-പേസ്റ്റ് ജെല്ലിയാണെന്ന് അവരെ പരിചരിക്കുന്നവര്‍ പറഞ്ഞു.
രണ്ട് ലോകമഹായുദ്ധങ്ങളിലൂടെയും ഒന്നിലധികം പകര്‍ച്ചവ്യാധികളിലൂടെയും ജീവിച്ച ടാറ്റ്സുമി, കഴിഞ്ഞ വര്‍ഷം 119 വയസ്സുള്ള കെയ്ന്‍ തനക അന്തരിച്ചതിന് ശേഷം ജപ്പാനിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി മാറിയിരുന്നു. 2022 ഏപ്രിലില്‍ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന പദവി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് ഔദ്യോഗികമായി നല്‍കിയിരുന്നു.
116 വയസ്സ് തികയുന്ന 27-ാമത്തെ വ്യക്തിയും ഏഴാമത്തെ ജാപ്പനീസ് വ്യക്തിയുമാണ് ഈ മുത്തശ്ശി.
1907-ല്‍ ജനിച്ച ഇവര്‍, ഒസാക്കയില്‍ കര്‍ഷകനായ ഭര്‍ത്താവിനും മൂന്ന് മക്കള്‍ക്കുമൊപ്പമായിരുന്നു ജീവിതം. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ടാറ്റ്‌സുമിക്ക് മുന്‍കാല ആരോഗ്യപ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും 70-ാം വയസ്സില്‍ വീഴ്ചയില്‍ തുടയെല്ല് ഒടിഞ്ഞതൊഴിച്ചാല്‍ ഗുരുതരമായ അസുഖമോ പരിക്കോ ഉണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്. 106-ാം വയസ്സിലാണ് ഇവര്‍ വൃദ്ധസദനത്തില്‍ പ്രവേശിപ്പിക്കപ്പെടുന്നത്.
ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യമുള്ള രാജ്യങ്ങളിലൊന്നാണ് ജപ്പാന്‍. ജപ്പാന്‍ ജനതയുടെ ആയുര്‍ദൈര്‍ഘ്യം ഇതിനുമുമ്പ് പലപ്പോഴും ചര്‍ച്ചയായിട്ടുണ്ട്.
Keywords: Tatsumi, Oldest Person
 

 
							     
							     
							     
							    
 
 
 
 
 
COMMENTS