സിഡ്നി: അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ കുടിയേറ്റക്കാരെ പകുതിയായി കുറയ്ക്കാന്‍ കഴിയുന്ന വിസ നിയമങ്ങള്‍ കര്‍ശനമാക്കാന്‍ ഓസ്‌ട്രേലിയ തയ്യാറെടു...
സിഡ്നി: അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ കുടിയേറ്റക്കാരെ പകുതിയായി കുറയ്ക്കാന്‍ കഴിയുന്ന വിസ നിയമങ്ങള്‍ കര്‍ശനമാക്കാന്‍ ഓസ്‌ട്രേലിയ തയ്യാറെടുക്കുന്നു. അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കും കുറഞ്ഞ വൈദഗ്ധ്യമുള്ള തൊഴിലാളികള്‍ക്കുമുള്ള വിസ നിയമങ്ങള്‍ കര്‍ശനമാക്കുന്നതിലൂടെ രണ്ടു വര്‍ഷംകൊണ്ട് കുടിയേറ്റക്കാരെ പകുതിയായി കുറയ്ക്കാമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. രാജ്യത്തിന്റെ കുടിയേറ്റ സംവിധാനങ്ങള്‍ തകര്‍ച്ചയിലാണെന്നും കുടിയേറ്റ തോത് ഗണ്യമായി വര്‍ദ്ധിക്കുകയാണെന്നും ഈ വര്‍ഷം കുടിയേറ്റക്കാരുടെ എണ്ണം 510,000 എന്ന റെക്കോര്‍ഡിലേക്ക് ഉയരുമെന്നുള്ള വിലയിരുത്തലിനുശേഷമാണ് നിര്‍ണ്ണായക തീരുമാനം വന്നിരിക്കുന്നത്.
നിയന്ത്രണങ്ങള്‍ കടുപ്പിച്ചാല്‍ 2026 വരെയുള്ള കാലയളവില്‍ കുടിയേറ്റക്കാരുടെ എണ്ണം ഏകദേശം കാല്‍ ദശലക്ഷമായി കുറയുമെന്നാണ് കണക്കുകൂട്ടല്‍.
പുതിയ നയങ്ങള്‍ പ്രകാരം, അന്തര്‍ദേശീയ വിദ്യാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷ് പരീക്ഷകളില്‍ ഉയര്‍ന്ന റേറ്റിംഗ് നേടേണ്ടതുണ്ട്, ഒരു വിദ്യാര്‍ത്ഥിയുടെ രണ്ടാമത്തെ വിസ അപേക്ഷയില്‍ കൂടുതല്‍ സൂക്ഷ്മപരിശോധന ഉണ്ടായിരിക്കും. അത് അവരുടെ യാത്രയ്ക്ക് കാലതാമസം ഉണ്ടാക്കുമെന്നും വ്യക്തമാണ്.
ഓസ്ട്രേലിയയിലെ ആഭ്യന്തര വകുപ്പിന്റെ കണക്കനുസരിച്ച്, കോവിഡിന് ശേഷം അവരുടെ സര്‍വകലാശാലകളില്‍ പ്രവേശനം നേടുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം വളരെയധികം വര്‍ദ്ധിച്ചിട്ടുണ്ട്.
'2022 ജൂലൈയ്ക്കും 2023 ഫെബ്രുവരിക്കും ഇടയില്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോം അഫയേഴ്സ് (ഓസ്ട്രേലിയ) 3,82,000 വിദ്യാര്‍ത്ഥി വിസകള്‍ അനുവദിച്ചു. 2019-2020 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഇത് 41.3 ശതമാനം വര്‍ദ്ധനവാണ് കാണിക്കുന്നത്.
ഓസ്ട്രേലിയയില്‍ മികച്ച നിലവാരം പുലര്‍ത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം 2023 ജനുവരി-ഏപ്രില്‍ കാലയളവില്‍ 95,791 ആയി ഉയര്‍ന്നു, 2022 ലെ അതേ കാലയളവില്‍ 75,109 വിദ്യാര്‍ത്ഥികളായിരുന്നു ഇത്. '2023 ജനുവരി-മെയ് മാസങ്ങളില്‍ മാത്രം ഓസ്ട്രേലിയ 47,759 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ സ്വീകരിച്ചിട്ടുണ്ട്.
നിലവില്‍, ഓസ്‌ട്രേലിയയുടെ മണ്ണില്‍ ഉപരിപഠനവും ജോലിയും മികച്ച ഭാവിയും ജീവിതവും സ്വപ്‌നം കാണുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കനത്ത പ്രഹരമാണ് ഈ വാര്‍ത്ത സമ്മാനിക്കുന്നത്.
Key words:Australia, Migrants
COMMENTS