Governor against Kerala government
ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷമായി പ്രതികരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സര്‍ക്കാരിന്റെ നയങ്ങളാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനാപരമായ കര്‍ത്തവ്യം നിര്‍വ്വഹിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും ഒരു വശത്ത് പണം ധൂര്‍ത്തടിക്കുകയാണെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചു.
ഇപ്പോഴത്തെ നവ കേരള സദസിന്റെ ഉദ്ദേശ്യമെന്താണെന്നു ചോദിച്ച അദ്ദേഹം മൂന്നര ലക്ഷത്തിലധികം പരാതികള്‍ കിട്ടിയെന്നു പറഞ്ഞിട്ട് എത്രയെണ്ണം പരിഹരിച്ചെന്നു ചോദിച്ചു. ഇത്തരം പരാതികള്‍ കളക്ട്രേറ്റുകളിലോ മറ്റോ സ്വീകരിക്കാവുന്നതേയുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളം ഇത്രത്തോളം മികച്ച സംസ്ഥാനമാകാന്‍ കാരണം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ സംഭാവനയാണെന്നും അല്ലാതെ സര്‍ക്കാരിന്റെ സംഭാവനയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധിയിലും വലിയ ആഘോഷങ്ങള്‍ നടത്തുകയാണെന്നും സ്വിമ്മിങ് പൂളിനടക്കം കോടികള്‍ ചെലവഴിക്കുകയാണെന്നും 35 വര്‍ഷത്തോളം ജോലി ചെയ്യുന്നവര്‍ക്ക് പെന്‍ഷനില്ലെന്നും അതേസമയം രണ്ടു വര്‍ഷം മന്ത്രിമാരുടെ സ്റ്റാഫായിരുന്നവര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: Governor, Government, Nava Kerala sadas
COMMENTS