നവകേരള സദസ്സിനുള്ള യാത്രക്കായി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമുള്ള യാത്രക്കായി 1.35 കോടി മുടക്കിയ ബസിനെച്ചൊല്ലിയാണ് ഇപ്പോള്‍ വിവാദവും ചര...
നവകേരള സദസ്സിനുള്ള യാത്രക്കായി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമുള്ള യാത്രക്കായി 1.35 കോടി മുടക്കിയ ബസിനെച്ചൊല്ലിയാണ് ഇപ്പോള്‍ വിവാദവും ചര്‍ച്ചയും ചൂടുപിടിക്കുന്നത്. സാമ്പത്തിക ബുദ്ധിമുട്ടില്‍ ജനം നെട്ടോട്ടമോടുമ്പോള്‍ ഖജനാവില്‍ നിന്നും കോടികള്‍ മുടക്കി വാങ്ങിയ ഈ ബസിന് എന്താണ് ഇത്ര വലിയ പ്രത്യേകത.
ആഡംബര വാഹന നിര്‍മ്മാതാക്കള്‍ കൂടിയായ ബെന്‍സിന്റെ ഷാസി ബസാണ് കേരളത്തിലെത്തിയത്. 25 പേര്‍ക്ക് യാത്ര ചെയ്യാനാകുന്ന തരത്തിലാണ് ബസിന്റെ യാത്രാ സൗകര്യം. ഈ ആഢംബര ബസിലായിരിക്കും മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസ്സിന്റെ ഭാഗമായി വിവിധ ജില്ലകളിലേക്ക് സഞ്ചരിക്കുക.
മുഖ്യമന്ത്രിക്കായി പ്രത്യേക മുറിയുണ്ട് ഈ വാഹനത്തില്‍. മാത്രമല്ല, ഓരോ മന്ത്രിമാര്‍ക്കും പ്രത്യേകം സീറ്റുകളും സജ്ജമാക്കിയിട്ടുണ്ട്. ദൂരയാത്രകള്‍ക്ക് ഉതകുന്ന തരത്തില്‍ ബയോ ടോയ്‌ലെറ്റ്, ഫ്രിഡ്ജ് എന്നിവയടക്കമുള്ള ആധുനിക സൗകര്യങ്ങളും ഈ ഷാസിക്ക് സ്വന്തം. കേരളത്തില്‍ നിന്നും അന്യ സംസ്ഥാനത്തേക്കും മറ്റും ജോലിക്കും പഠനത്തിനുമായി പോകുന്നവര്‍ ദീര്‍ഘദൂര യാത്രയില്‍ നേരിടുന്ന വലിയ ബുദ്ധിമുട്ടാണ് ടോയ്‌ലെറ്റിന്റെ അഭാവം. ബസ് നിര്‍ത്തുന്ന ഇടങ്ങളില്‍ ഇതിനുള്ള സൗകര്യം കണ്ടുപിടിച്ച് കാര്യം സാധിക്കുകയാണ് പതിവ്. എന്നാല്‍ ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ പോലും മന്ത്രിമാര്‍ക്ക് നേരിടേണ്ടി വരുന്നില്ല പുതിയ വാഹനത്തില്‍ .
കൂടാതെ, ഡ്രൈവര്‍ക്ക് അടുത്ത് മുഖ്യമന്ത്രിക്ക് ജനങ്ങളെ അഭിമുഖീകരിക്കാന്‍ സ്‌പോട് ലൈറ്റുള്ള സ്‌പെഷ്യല്‍ ഏരിയ കൊടുത്തിട്ടുണ്ട് എന്നൊക്കെയാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.
ബെംഗളൂരുവിലെ ലാല്‍ബാഗിലെ ബസ് ബോഡി നിര്‍മിക്കുന്ന സ്വകാര്യ കമ്പനിയുടെ ഓഫീസില്‍ നിന്ന് ഇന്നലെ വൈകിട്ട് 6.30 ഓടെയാണ് ബസ് കേരളത്തിലേക്ക് പുറപ്പെട്ടത്. ഇന്ന് നവകേരള സദസ്സ് ആരംഭിക്കുന്ന കാസര്‍കോടേക്കാണ് ബസ് എത്തിയത്.
ബെംഗളൂരുവിലെ എസ് എം കണ്ണപ്പ ഓട്ടോമൊബൈല്‍സ് പ്രൈവറ്റ് ലിമിറ്റഡ് (പ്രകാശ്) ആണ് അത്യാധുനിക സൗകര്യങ്ങളുള്ള ബസിന്റെ ബോഡി നിര്‍മിച്ചത്. കറുപ്പു നിറത്തില്‍ ഗോള്‍ഡന്‍ വരകളോടെയുള്ള ഡിസൈനാണ് ബസ്സിന് നല്‍കിയിരിക്കുന്നത്. ബസിന് പുറത്ത് കേരളം ദൈവത്തിന്റെ സ്വന്തം നാട് എന്ന കേരള ടൂറിസത്തിന്റെ ടാഗ് ലൈനും ഇംഗ്ലീഷില്‍ നല്‍കിയിട്ടുണ്ട്.
ആഢംബര ബസ് വാങ്ങാന്‍ കഴിഞ്ഞ ദിവസമാണ് ഒരു കോടി അഞ്ച് ലക്ഷം രൂപ അനുവദിച്ചത്. 1 കോടി അഞ്ച് ലക്ഷം ഷാസിക്ക് പുറത്തുള്ള തുകയാണെന്നും പറയുന്നു. ബെന്‍സിന്റെ ഷാസിക്ക് മാത്രം 35 ലക്ഷം വേറെ ഉണ്ടെന്നും വിവരമുണ്ട്.
പട്ടിണി പാവങ്ങളെ കാണാന്‍ കെ.എസ്.ആര്‍.ടി.സി.യുടെ തന്നെ ഏതെങ്കിലും മുന്തിയ സൗകര്യങ്ങളുള്ള വാഹനങ്ങള്‍ ഉപയോഗിച്ചാല്‍ പോരെ എന്നാണ് പ്രധാനമായും ഉയര്‍ന്നു വരുന്ന ചോദ്യം. എല്ലാ മന്ത്രിമാരും അവരവരുടെ ഔദ്യോഗിക വാഹനങ്ങള്‍ ഉപയോഗിച്ചാല്‍ ഉണ്ടാകുന്ന ചിലവിനേക്കാള്‍ കുറവാണ് പുതിയ ആഡംബര ബസിലുള്ള യാത്രയെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം.
വാഹനം ടെന്‍ഡര്‍ വിളിച്ച് വില്‍ക്കാന്‍ നിന്നാല്‍ ഇപ്പോള്‍ വാങ്ങിയതിന്റെ ഇരട്ടി വില കിട്ടുമെന്നാണ് മുതിര്‍ന്ന സിപിഎം നേതാവ് എ.കെ ബാലന്‍ പറയുന്നത്. ബസിന്റെ കാലാവധിക്ക് ശേഷം മ്യൂസിയത്തില്‍ വച്ചാല്‍ കേരള മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും സഞ്ചരിച്ച വാഹനം എന്ന നിലയില്‍ കാണാന്‍ വേണ്ടി ലക്ഷക്കണക്കിന് ആളുകള്‍ എത്തുമെന്നും ബാലന്‍ പറഞ്ഞു.
Key words: New Bus, Kerala
COMMENTS