V.D Satheesan about lokayukta verdict
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വിഷയത്തില്‍ ലോകായുക്ത വിധിയില്‍ യാതൊരു അദ്ഭുതവുമില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. ഇപ്രകാരമുള്ള വിധി പ്രതീക്ഷിരുന്നതായും ഭരിക്കുന്നവരുടെ തന്നിഷ്ടപ്രകാരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഉപയോഗിക്കാമെന്നാണ് വിധി നല്‍കുന്ന സന്ദേശമെന്നും പ്രതിപക്ഷനേതാവ് വ്യക്തമാക്കി.
അഴിമതിയും സ്വജനപക്ഷപാതവും നടന്നെന്നതിന് തെളിവുകളില്ലെന്ന ലോകയുക്ത വിധി പക്ഷപാതപരമാണെന്നും സര്‍ക്കാരിന്റെ ഇഷ്ടക്കാരായ ആര്‍ക്ക് വേണമെങ്കിലും ദുരിതാശ്വാസ നിധിയില്‍ നിന്ന് പണം നല്‍കാമെന്ന അപകടകരമായ സാഹചര്യം ഈ വിധി മൂലം ഉണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നീതി നടപ്പാക്കുന്നതിന് പകരം മുഖ്യമന്ത്രിയോടുള്ള വിധേയത്വം പ്രകടിപ്പിക്കാനാണ് ഓരോ സിറ്റിങിലും ലോകായുക്ത ശ്രമിച്ചതെന്നും പരാതിക്കാരനെ പേപ്പട്ടിയോട് ഉപമിച്ച ലോകായുക്തയില്‍ നിന്നും ഇത്തരമൊരു വിധിയല്ലാതെ മറിച്ചൊന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ലെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
പരാതിയില്‍ ഉള്‍പ്പെട്ട മുന്‍ എം.എല്‍.എ കെ.കെ രാമചന്ദ്രന്‍നായരുടെ ജീവചരിത്രം പ്രകാശനം ചെയ്ത ഉപലോകായുക്തമാരും ഈ വിധി പ്രസ്താവനത്തിന്റെ ഭാഗമായെന്നത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി.
വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് വ്യക്തമാക്കിയ പരാതിക്കാരന് യു.ഡി.എഫ് എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. അഴിമതി വിരുദ്ധ നിയമ സംവിധാനത്തിന്റെ വിശ്വാസ്യതയാണ് ഈ വിധിയിലൂടെ ലോകായുക്ത ഇല്ലാതാക്കിയതെന്നും പ്രതിപക്ഷനേതാവ് വിമര്‍ശനം ഉന്നയിച്ചു.
നിയമസംവിധാനങ്ങളെ പോലും അഴിമതിക്ക് വേണ്ടി ദുരുപയോഗം ചെയ്യുന്ന ഫാസിസ്റ്റ് ഭരണമാണ് പിണറായി വിജയന്‍ സംസ്ഥാനത്ത് നടത്തുന്നത്. സംസ്ഥാനത്തെ എല്ലാതരത്തിലും ഗുരുതര ധനപ്രതിസന്ധിയിലാക്കിയിട്ടും ഏതുവിധേനയും അഴിമതി നടത്തുകയെന്നതു മാത്രമാണ് മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും ലക്ഷ്യമെന്നും അദ്ദേഹം ആവര്‍ത്തിച്ച് വ്യക്തമാക്കി.
Keywords: V.D Satheesan, Lokayukta verdict, CMDRF, Misuse
COMMENTS