ആലപ്പുഴ: മറ്റപ്പള്ളിയില്‍ നിന്ന് മണ്ണെടുക്കാനുള്ള കരാറുകാരന്റെ നീക്കത്തിനെതിരെ ജനകീയ പ്രക്ഷോഭം ഉയര്‍ന്നതോടെ വിഷയത്തില്‍ പ്രതികരിച്ച് കൃഷി മ...
ആലപ്പുഴ: മറ്റപ്പള്ളിയില്‍ നിന്ന് മണ്ണെടുക്കാനുള്ള കരാറുകാരന്റെ നീക്കത്തിനെതിരെ ജനകീയ പ്രക്ഷോഭം ഉയര്‍ന്നതോടെ വിഷയത്തില്‍ പ്രതികരിച്ച് കൃഷി മന്ത്രി പി പ്രസാദ്. മറ്റപ്പള്ളിയില്‍ നിന്ന് മണ്ണെടുക്കാനുള്ള ഏകപക്ഷീയമായ നീക്കം അംഗീകരിക്കാനാവില്ലെന്ന് മന്ത്രി പറഞ്ഞു.
2008 മുതല്‍ പ്രദേശത്ത് മണ്ണെടുക്കുന്നതിനുള്ള നീക്കം നാട്ടുകാര്‍ എതിര്‍ത്തുവരികയാണ്. ദേശീയ പാത നിര്‍മാണത്തിനായാണ് പാലമേല്‍ പഞ്ചായത്തിലെ മറ്റപ്പള്ളിയില്‍ കുന്നിടിച്ച് മണ്ണെടുക്കാന്‍ തുടങ്ങിയത്.
ജനകീയ പ്രക്ഷോഭം രൂക്ഷമായപ്പോള്‍ കഴിഞ്ഞ 16-ന് മന്ത്രി പി പ്രസാദിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തില്‍ മണ്ണെടുപ്പ് നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇത് മറികടന്ന് ഇന്നു രാവിലെ രാവിലെ അഞ്ചരയോടെയാണ് ജെസിബികളും ടിപ്പര്‍ ലോറികളുമായി കരാര്‍ കമ്പനിയെത്തി മറ്റപ്പള്ളി മലയില്‍ നിന്നും മണ്ണെടുക്കാനുള്ള ശ്രമം വീണ്ടും തുടങ്ങിയത്. ഇതോടെ ജനങ്ങള്‍ വീണ്ടും പ്രതിഷേധിക്കുകയായിരുന്നു.
എന്നാല്‍, മണ്ണെടുക്കാന്‍ കോടതി അനുമതി ഉണ്ടെന്നും സര്‍ക്കാര്‍ സ്റ്റോപ് മെമോ നല്‍കിയിട്ടില്ലെന്നുമാണ് കരാറുകാരന്റെ നിലപാട്.
അതേസമയം, ജനങ്ങളുടെ ആവശ്യം ന്യായമാണെന്നും സമരം വിജയിക്കേണ്ടത് അനിവാര്യമാണെന്നും മന്ത്രി വ്യക്തമാക്കി. അതിനുള്ള എല്ലാ പിന്തുണയും ഉറപ്പു നല്‍കുന്നതായി മന്ത്രി കൂട്ടിച്ചേര്‍ത്തു.
Key words: Soil, Excavation, Mattapally, P Prasad
COMMENTS