MDMA seized from tattoo studio in Thiruvananthapuram
തിരുവനന്തപുരം: തലസ്ഥാനത്ത് ടാറ്റൂ സ്റ്റുഡിയോയുടെ മറവില്‍ നടത്തിവന്നിരുന്ന എം.ഡി.എം.എ കച്ചവടം പിടികൂടി. തമ്പാനൂര്‍ എസ് എസ് കോവില്‍ റോഡില്‍ നടത്തിയിരുന്ന ടാറ്റൂ കേന്ദ്രത്തില്‍ നിന്നുമാണ് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് വലിയ തോതില്‍ എം.ഡി.എം.എ പിടിച്ചെടുത്തത്. 78.78 ഗ്രാം എംഡിഎംഎയുമായാണ് സ്ഥാപന നടത്തിപ്പുകാരന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ പിടിയിലായത്.
എക്‌സൈസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. വിവരം ലഭിച്ചതിനെ തുടര്‍ന്ന് എക്‌സൈസ് നിരീക്ഷണം നടത്തുകയായിരുന്നു.
സ്‌ക്വാഡിലുള്ളവര്‍ ടാറ്റൂ കുത്താനെന്ന വ്യാജേന ചെന്ന് ലഹരി വാങ്ങുകയും ചെയ്തു. തുടര്‍ന്ന് സ്ഥാപനത്തിലും ഉടമ മജീന്ദ്രന്റെ വീട്ടിലും എക്‌സൈസ് സംഘം റെയ്ഡ് നടത്തുകയും വന്‍ തോതില്‍ ലഹരി മരുന്ന് കണ്ടെത്തുകയുമായിരുന്നു.
ഇയാളുടെ സഹായി പെരിങ്ങമല സ്വദേശി ഷോണ്‍ അജിയെയും എക്‌സൈസ് സംഘം പിടികൂടി. ഇരുപതോളം കേസുകളില്‍ പ്രതിയാണ് ടാറ്റൂ സ്റ്റുഡിയോ ഉടമ മജീന്ദ്രന്‍. തുടര്‍ന്നും ടാറ്റൂ കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് പരിശോധന തുടരുമെന്ന് എക്‌സൈസ് അറിയിച്ചു.
സ്ഥലത്ത് റെയ്ഡ് നടക്കുമ്പോഴും ലഹരി വാങ്ങാനാളെത്തുന്നുണ്ടായിരുന്നു. പ്രതികളുടെ ഫോണുകളിലേക്ക് ലഹരിക്കായുള്ള വിളികളുമെത്തുന്നുണ്ടായിരുന്നു.
Keywords: MDMA, Tattoo studio, Thiruvananthapuram
COMMENTS