ചെന്നൈ: ബിജെപി നേതാവും ദേശീയ വനിതാ കമ്മീഷന്‍ (എന്‍സിഡബ്ല്യു) അംഗവുമായ ഖുശ്ബു സുന്ദറിനെതിരെ പരാതി. ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) അനുഭാവിയോട...
ചെന്നൈ: ബിജെപി നേതാവും ദേശീയ വനിതാ കമ്മീഷന്‍ (എന്‍സിഡബ്ല്യു) അംഗവുമായ ഖുശ്ബു സുന്ദറിനെതിരെ പരാതി. ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) അനുഭാവിയോട് നിങ്ങള്‍ ഉപയോഗിക്കുന്ന 'ചേരി ഭാഷ' എനിക്കറിയില്ല എന്ന പ്രതികരണമാണ് ഖുശ്ബുവിനെ കുടുക്കിലാക്കിയത്.
ചേരി എന്ന വാക്ക് ഉപയോഗിച്ചതിന് വിടുതലൈ സിരുതൈകള്‍ കച്ചി (വിസികെ) പോലീസില്‍ പരാതി നല്‍കി. പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയല്‍ നിയമം (പിഒഎ) പ്രകാരം ഖുശ്ബുവിനെതിരെ കേസെടുക്കണമെന്നാണ് വിസികെ ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
തൃഷയെ പരാമര്‍ശിച്ചുകൊണ്ടുള്ള മന്‍സൂര്‍ അലി ഖാന്റെ സ്ത്രീവിരുദ്ധ പ്രസ്താവനകളില്‍ നടപടിയെടുക്കുന്നതില്‍ ദേശീയ വനിതാ കമ്മിഷന്‍ ഇരട്ടത്താപ്പ് കാണിക്കുന്നുവെന്ന് ആരോപിച്ചുകൊണ്ടുള്ള ഒരു ഡിഎംകെ പ്രവര്‍ത്തകന്റെ എക്സ് പോസ്റ്റിന് മറുപടിയായി ഖുഷ്ബു എഴുതിയ കുറിപ്പിലാണ് വിവാദ പരാമര്‍ശനം.
''ഡി.എം.കെ. ഗുണ്ടകള്‍ ഇതാണ് ചെയ്യുന്നത്. ഇവരും ഒരു സ്ത്രീയെ അപമാനിക്കുകയാണ്. ക്ഷമിക്കണം. നിങ്ങളുടെ ചേരി ഭാഷയില്‍ എനിക്ക് സംസാരിക്കാനാവില്ല. വിഷയത്തില്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നറിയാന്‍ നിങ്ങളൊന്ന് ഉണര്‍ന്നെണീറ്റ് നോക്കണം. ഡി.എം.കെ. നിങ്ങളെ നിയമങ്ങള്‍ പഠിപ്പിക്കുന്നില്ലെങ്കില്‍ ഞാന്‍ നിങ്ങളെയോര്‍ത്ത് ലജ്ജിക്കുന്നു. നിങ്ങളെപ്പോലെയുള്ള വിഡ്ഢികളാണ് ചുറ്റുമുള്ളതെന്നോര്‍ത്ത് നിങ്ങളുടെ നേതാവിനും ലജ്ജിക്കാം'', തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ ടാഗ് ചെയ്തുകൊണ്ട് ഖുഷ്ബു എക്സില്‍ കുറിച്ചു.
തമിഴിലെ ചേരി എന്ന പദം ഒരു ഗ്രാമത്തില്‍ നിന്നോ പട്ടണത്തില്‍ നിന്നോ വേര്‍തിരിക്കുന്ന ദളിത് കോളനികളെ സൂചിപ്പിക്കുന്നു. ചെന്നൈ പോലുള്ള വലിയ നഗരങ്ങളില്‍ ചേരിയെ സൂചിപ്പിക്കാനും ചേരി എന്ന വാക്ക് തന്നെ ഉപയോഗിക്കാറുണ്ട്. കൂടാതെ, ഈ പദം പലപ്പോഴും അസംസ്‌കൃതമോ മോശമോ ആയ എന്തിനെയും അപകീര്‍ത്തികരമായി സൂചിപ്പിക്കാനും ഉപയോഗിക്കുന്നു.
ചേരി ഭാഷ സംസാരിക്കാനറിയില്ലെന്ന അവരുടെ പരാമര്‍ശം എന്നെയും എന്റെ ദലിത് ജനതയെയും 2000 വര്‍ഷമായി ഞങ്ങള്‍ സംസാരിക്കുന്ന ഭാഷയെയും അപമാനിക്കുന്നതാണെന്ന് പോലീസില്‍ പരാതി നല്‍കിയ വിസികെ ഭാരവാഹി ഐ കാര്‍ത്തിക് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ''അവരുടെ അഭിപ്രായങ്ങള്‍ തനിക്ക് കടുത്ത മാനസിക വിഷമമുണ്ടാക്കിയെന്നും പ്രസ്താവനയില്‍ പറയുന്നു.
Key words: Khusbhu, Case
COMMENTS