കൊച്ചി: പിണറായി വിജയന്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന നവ കേരള സദസിനായി സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ എത്തിച്ചതില്‍ കടുത്ത അതൃപ്തി പ...
കൊച്ചി: പിണറായി വിജയന്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന നവ കേരള സദസിനായി സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ എത്തിച്ചതില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി. കാഴ്ച വസ്തുക്കളാക്കാന്‍ ഉള്ളവരല്ല കുട്ടികളെന്നാണ് കോടതി സര്‍ക്കാരിനെ വിമര്‍ശിച്ച് പറഞ്ഞത്.
എല്ലാ കുട്ടികളെയും വി.ഐ.പികളായി പരിഗണിക്കണം. ഹെഡ് മാസ്റ്റര്‍മാര്‍ എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്നും കോടതി വിമര്‍ശിച്ചു.
നവകേരള സദസില്‍ കുട്ടികളെ പങ്കെടുപ്പിക്കില്ല എന്ന സര്‍ക്കാരിന്റെ ഉറപ്പ് ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി എംഎസ്.എഫ് നല്‍കിയ ഉപഹര്‍ജിയിലാണ് സിംഗിള്‍ ബഞ്ചിന്റെ പരാമര്‍ശങ്ങള്‍.
മലപ്പുറത്ത് നവകേരള സദസിന് വിദ്യാര്‍ഥികളെ അണിനിരത്തിയ ദൃശ്യങ്ങള്‍ ഹര്‍ജിക്കാര്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഹര്‍ജിയില്‍ സര്‍ക്കാരിനോട് വിശദീകരണം തേടിയ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉപഹര്‍ജി മറ്റന്നാള്‍ പരിഗണിക്കും.
മുഖ്യമന്ത്രിക്കും നവ കേരള യാത്രയ്ക്കും അഭിവാദ്യം അര്‍പ്പിക്കാന്‍ കുട്ടികള്‍ പൊരിവെയിലത്ത് ഒരു മണിക്കൂര്‍ നിന്നത് വന്‍ വിവാദമായിരുന്നു. രക്ഷിതാക്കളും അധ്യാപരുമുള്‍പ്പെടെ ഇതിനെതിരെ രംഗത്തുവന്നിരുന്നു.
COMMENTS