Uma Thomas MLA about Vinayakan issue
കൊച്ചി: നടന് വിനായകന് പൊലീസ് സ്റ്റേഷനില്‍ അപമര്യാദയായി പെരുമാറിയ വിഷയത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി തൃക്കാക്കര എം.എല്‍.എ ഉമ തോമസ്.
വിനായകന് ഇത്രയും മോശമായി പൊലീസ് സ്റ്റേഷനില്‍ പെരുമാറിയിട്ടും അയാള്‍ക്കെതിരെ ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തി സ്റ്റേഷന് ജാമ്യത്തില്‍ വിട്ടത് സഖാവിന്റെ പ്രിവിലേജിലോ അതോ ക്ലിഫ് ഹൗസില്‍ നിന്നു ലഭിച്ച നിര്‍ദ്ദേശത്തെ തുടര്‍ന്നാണോയെന്ന് ഉമ തോമസ് ചോദിച്ചു.
രാത്രിയില്‍ ലഹരിക്കടിമയായി പൊലീസുകാര്‍ക്കെതിരെ ഇത്രയും മോശമായി പെരുമാറിയിട്ടും അവരുടെ ഡ്യൂട്ടി തടസപ്പെടുത്തിയിട്ടും നടനെതിരെ നിസാര കേസെടുത്തത് അന്തസായി ജോലിചെയ്യുന്ന ഒരു വിഭാഗം പൊലീസുകാരുടെ മനോവീര്യംകെടുത്തുന്ന തരത്തിലായിപ്പോയിയെന്നും അവര്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം രാത്രി 7.30 യോടെയാണ് വിനായകന് മദ്യപിച്ച് ബോധമില്ലാതെ പൊലീസ് സ്റ്റേഷനിലെത്തി ബഹളംവയ്ക്കുകയും പൊലീസുകാര്‍ക്കെതിരെ അസഭ്യവര്‍ഷം ചൊരിയുകയും ചെയ്തത്.
അതേസമയം വിനായകനെതിരെ മതിയായ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ടെന്നും ഒരു സ്വാധീനത്തിനും വഴങ്ങിയിട്ടില്ലെന്നും കൊച്ചി ഡി.സി.പി എസ്.ശശിധരന് പറഞ്ഞു.
പൊലീസ് സ്റ്റേഷനില്‍ ബഹളമുണ്ടാക്കിയതിനും ഡ്യൂട്ടി തടസപ്പെടുത്തിയതിനും കേരള പൊലീസ് ആക്ട് പ്രകാരം മൂന്നു വര്‍ഷം വീതം തടവ് ലഭിക്കാവുന്ന രണ്ടു വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നും പൊലീസുകാര്‍ക്കെതിരെ കയ്യേറ്റ ശ്രമമുണ്ടായിട്ടുണ്ടെങ്കില്‍ കൂടുതല്‍ വകുപ്പുകള്‍ കൂടി ചുമത്തി കേസെടുക്കുമെന്നും ഡി.സി.പി വ്യക്തമാക്കി.
COMMENTS