Thalaivar 170
തിരുവനന്തപുരം: ജയിലറിന്റെ മെഗാ വിജയത്തിനു ശേഷം പുതിയ സിനിമയുടെ ചിത്രീകരണത്തിനായി സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് തിരുവനന്തപുരത്ത്.
ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ രജനീകാന്തിന് ആരാധകരും ചലച്ചിത്രപ്രവര്‍ത്തകരും വന്‍ വരവേല്‍പ്പാണ് ഒരുക്കിയത്. കോവളത്തെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് താരത്തിന് താമസമൊരുക്കിയിരിക്കുന്നത്. പത്തു ദിവസത്തെ ചിത്രീകരണത്തിനായാണ് താരമെത്തിയതെന്നാണ് റിപ്പോര്‍ട്ട്.
ടി.ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന തലൈവര്‍ 170 എന്ന് താത്ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായാണ് താരം എത്തിയത്. വെള്ളായണി കാര്‍ഷിക കോളേജ്, ശംഖുമുഖം എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നത്.
നീണ്ട ഇടവേളയ്ക്ക് ശേഷം അമിതാഭ് ബച്ചന്‍ രജനീകാന്തിനൊപ്പം അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. മഞ്ജു വാര്യര്‍, ഫഹദ് ഫാസില്‍, റിതിക സിങ്, ദുഷാര വിജയന്‍, റാണ ദഗുബാട്ടി തുടങ്ങി ഒരു നീണ്ട താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.
ജയിലറിന്റെ വന്‍ വിജയത്തിനു ശേഷം രജനീകാന്ത് വ്യത്യസ്തമായ വേഷത്തില്‍ അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. സോഷ്യല്‍ മെസേജുള്ള എന്റര്‍ടെയ്‌നറായ ബ്രഹ്മാണ്ഡ ചിത്രമായിരിക്കും ഇതെന്നാണ് രജനീകാന്ത് മാധ്യമങ്ങളോട് വിമാനത്താവളത്തില്‍ വച്ച് ചിത്രത്തെക്കുറിച്ച് പ്രതികരിച്ചത്. ലൈക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരനാണ് ചിത്രം നിര്‍മ്മിക്കുന്നത്.
COMMENTS