കൊച്ചി: കരുവന്നൂര്‍ ബാങ്ക് സാമ്പത്തിക തട്ടിപ്പ് കേസില്‍ പിടിയിലായ സി.പി.എം. കൗണ്‍സിലര്‍ പി.ആര്‍. അരവിന്ദാക്ഷനെയും ബാങ്ക് മുന്‍ ജീവനക്കാരന്‍...
കൊച്ചി: കരുവന്നൂര്‍ ബാങ്ക് സാമ്പത്തിക തട്ടിപ്പ് കേസില്‍ പിടിയിലായ സി.പി.എം. കൗണ്‍സിലര്‍ പി.ആര്‍. അരവിന്ദാക്ഷനെയും ബാങ്ക് മുന്‍ ജീവനക്കാരന്‍ സി.കെ. ജില്‍സിനെയും ഇഡിയുടെ കസ്റ്റഡിയില്‍ വിട്ടു. കലൂരിലെ പ്രത്യേക സാമ്പത്തിക കുറ്റാന്വേഷണ കോടതിയുടേതാണ് നടപടി. നാളെ വൈകിട്ട് നാല് വരെയാണ് കസ്റ്റഡിയില്‍ വിട്ടത്.
രണ്ടു ദിവസത്തേക്കാണു എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇരുവരെയും കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഒരു ദിവസത്തെ കസ്റ്റഡി കലൂരിലെ പ്രത്യേക സാമ്പത്തിക കുറ്റാന്വേഷണ കോടതി അനുവദിക്കുകയായിരുന്നു. അറസ്റ്റിലായ ശേഷം ഇത് രണ്ടാം തവണയാണ് രണ്ടുപേരെയും ഇഡി കസ്റ്റഡിയില്‍ വാങ്ങുന്നത്.
കേസിലെ ഒന്നാം പ്രതി സതീഷ് കുമാറുമായി പി.ആര്‍. അരവിന്ദാക്ഷന്‍ നടത്തിയ വിദേശയാത്രകള്‍, കൂടുതല്‍ ബാങ്ക് അക്കൗണ്ടുകള്‍ വഴിയുള്ള സാമ്പത്തിക ഇടപാടുകള്‍ എന്നീ കാര്യങ്ങളില്‍ വ്യക്തത വരുത്തുകയാണ് ഇ.ഡിയുടെ ലക്ഷ്യം.
ജില്‍സ് കരുവന്നൂര്‍ ബാങ്കില്‍ നിന്നും നാലരക്കോടി രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ട്. ഇതിലും വ്യക്തത വേണമെന്ന് ഇ.ഡി കോടതിയെ അറിയിച്ചു. കരുവന്നൂരുമായി ബന്ധപ്പെട്ട് ഇ.ഡി അറസ്റ്റ് ചെയ്യുന്ന ആദ്യ രാഷ്ട്രീയ നേതാവാണ് അരവിന്ദാക്ഷന്‍.
അതേസമയം, കരുവന്നൂര്‍ കേസില്‍ ഇ.ഡി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്ന ചന്ദ്രമതി തന്റെ അമ്മയല്ലെന്ന് സി.പി.എം നേതാവ് പി ആര്‍ അരവിന്ദാക്ഷന്‍. ഇ.ഡി വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നാണ് അരവിന്ദാക്ഷന്‍ കോടതിയില്‍ പറഞ്ഞത്. തന്റെ അമ്മയ്ക്ക് അങ്ങനെ ഒരു അക്കൗണ്ടോ, ബാങ്ക് നിക്ഷേപമോ ഇല്ലെന്നും അരവിന്ദാക്ഷന്‍ കോടതിയെ അറിയിച്ചു.
എന്നാല്‍, അക്കൗണ്ട് അരവിന്ദാക്ഷന്റെ അമ്മ ചന്ദ്രമതിയുടെത് തന്നെയെന്ന് ഇ.ഡി പറഞ്ഞു. ആദ്യഘട്ട ചോദ്യം ചെയ്യലില്‍ അരവിന്ദാക്ഷന്‍ ഇക്കാര്യം സമ്മതിച്ചതാണെന്നും ബാങ്കും വിവരങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ഇഡി കോടതിയെ അറിയിച്ചു. എന്നാല്‍, സര്‍ക്കാര്‍ സംവിധാനങ്ങള്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും ഇഡി കുറ്റപ്പെടുത്തി. അന്വേഷണത്തിന് ആവശ്യമായ രേഖകള്‍ ക്രൈംബ്രാഞ്ച് കൈമാറുനില്ലെന്നും ഇ.ഡി കോടതിയെ അറിയിച്ചു.
Keywords: PR Arvindakshan, ED Custody
COMMENTS