ന്യൂഡല്‍ഹി: ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ പാര്‍ലമെന്റംഗത്വത്തില്‍ നിന്ന് വീണ്ടും അയോഗ്യനാക്കി. ലോക്സഭാ സെക്രട്ടറിയേറ്റ് ഇത് സംബന്ധിച്ച് വ...
ന്യൂഡല്‍ഹി: ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ പാര്‍ലമെന്റംഗത്വത്തില്‍ നിന്ന് വീണ്ടും അയോഗ്യനാക്കി. ലോക്സഭാ സെക്രട്ടറിയേറ്റ് ഇത് സംബന്ധിച്ച് വിജ്ഞാപനമിറക്കി. ഇത് രണ്ടാം വട്ടമാണ് എന്‍സിപി നേതാവ് മുഹമ്മദ് ഫൈസലിനെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കുന്നത്.
വധശ്രമക്കേസില്‍ കുറ്റകാരനാണെന്നുള്ള വിധി കേരളാ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നില്ല. ഇതേ തുടര്‍ന്നാണ് ലോക്സാഭാംഗത്വം റദ്ദാക്കിയത്. വധശ്രമക്കേസില്‍ കവരത്തിയിലെ സെഷന്‍സ് കോടതി 10 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചതിനെ തുടര്‍ന്ന് ഈ വര്‍ഷം ജനുവരി 11 ന് അദ്ദേഹത്തെ എംപി സ്ഥാനത്തുനിന്ന് ആദ്യം അയോഗ്യനാക്കുകയായിരുന്നു. പിന്നീട് എംപി സുപ്രീം കോടതിയെ സമീപിച്ച് ശിക്ഷാ വിധിക്ക് സ്റ്റേ നേടിയെങ്കിലും കേസ് പിന്നീട് ഹൈക്കോടതിയുടെ പരിഗണനയില്‍ വന്നു.
എന്നാല്‍ ശിക്ഷാ വിധി സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി തയ്യാറാകാതെ വന്നതോടെയാണ് ഇന്നലെ ലോക്‌സഭാ സെക്രട്ടേറിയേറ്റ് അയോഗ്യനാക്കി ഉത്തരവിറക്കിയത്.
ലോക്‌സഭാംഗമായിരിക്കെ ഒരു കേസില്‍ രണ്ടു വര്‍ഷത്തിനു മുകളില്‍ ശിക്ഷിക്കപ്പെട്ടാല്‍ അയോഗ്യനാക്കപ്പെടുമെന്നാണ് നിലവിലെ ചട്ടം.
ഹൈക്കോടതിയുടെ പുതിയ ഉത്തരവനുസരിച്ച് മുഹമ്മദ് ഫൈസല്‍ അടക്കമുളള പ്രതികള്‍ തത്കാലം ജയിലില്‍ പോകേണ്ട. എങ്കിലും കുറ്റക്കാരായി തുടരും. അയോഗ്യനാക്കപ്പെട്ട സാഹചര്യത്തില്‍ മുഹമ്മദ് ഫൈസല്‍ വീണ്ടും സുപ്രീം കോടതിയെ സമീപിച്ചേക്കും.
എന്‍സിപി അംഗമായ ഫൈസല്‍ 2014ലും 2019ലും ലക്ഷദ്വീപില്‍ നിന്ന് എംപിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
Keywords: Lakshadweep, MP Muhammad Faisal, Disqualified, NCP
COMMENTS