In the first match of the ODI World Cup, India came back from the pit of collapse and defeated Australia by six wickets. India won with 52 balls spare
സ്കോര്‍: ഓസ്ട്രേലിയ 199 (49.3), ഇന്ത്യ 201-4 (41.2)
ചെന്നൈ: ഏകദിന ലോകകപ്പിലെ ആദ്യ മത്സരത്തില്‍ തകര്‍ച്ചയുടെ പടുകുഴിയില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റ ഇന്ത്യ ആറു വിക്കറ്റിന് ഓസ്ട്രേലിയയെ പരാജയപ്പെടുത്തി. 52 പന്ത് ശേഷിക്കെയാണ് ഇന്ത്യന്‍ ജയം.
ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ഉയര്‍ത്തിയ 199 റണ്‍സ് ലക്ഷ്യം പിന്തുടരാനിറങ്ങിയ ഇന്ത്യയ്ക്കു കേവലം രണ്ടു റണ്‍സ് എടുത്തു നില്‍ക്കെ ഓപ്പണര്‍മാരായ ഇഷാന് കിഷനെയും രോഹിത് ശര്‍മയേയും പിന്നാലെ എത്തിയ ശ്രേയസ് അയ്യരേയും നഷ്്ടമായി. മൂവരും പൂജ്യത്തിനു മടങ്ങി.
ഇന്ത്യ പരാജയം മണത്ത നിമിഷങ്ങള്‍. ഓസ്ട്രേലിയന്‍ നിരയാകട്ടെ അതിരറ്റ ആത്മവിശ്വാസത്തിലേക്കുയരുന്നതും കാണാമായിരുന്നു. കളി തങ്ങളുടെ വരുതിയിലായെന്ന ഭാവമായിരുന്നു അപ്പോള്‍ ഓസീസ് കളിക്കാരുടെ മുഖത്ത്. മുപ്പതിനായിരത്തിനു പുറത്തു വരുന്ന ഇന്ത്യന്‍ കാണികളും നിശ്ശബ്ദരായി വീര്‍പ്പടക്കി.
ഇതോടെ കടുത്ത സമ്മര്‍ദ്ദത്തിലായ ഇന്ത്യയെ വിരാട് കോലിയും കെ എല്‍ രാഹുലും ചേര്‍ന്നു വിജയതീരത്ത് എത്തിക്കുകയായിരുന്നു. വളരെ ശ്രദ്ധാപൂര്‍വം പന്തുകള്‍ തിരഞ്ഞെടുത്ത ഇരുവരും സ്കോര്‍ പതുക്കെ ഉയര്‍ത്തി. ഇരുവരും ചേര്‍ന്ന് 165 റണ്‍സിന്റെ നിര്‍ണായക കൂട്ടുകെട്ട് പടുത്തുയര്‍ത്തുകയായിരുന്നു.
116 പന്തില്‍ കോലി 85 റണ്‍സെടുത്ത് പുറത്താകുമ്പോള്‍ ഇന്ത്യ വിജയം ഏതാണ്ട് ഉറപ്പിച്ചിരുന്നു. രാഹുല്‍ പുറത്താകാതെ 97 റണ്‍സ് നേടി. അര്‍ഹമായ സെഞ്ചുറി രാഹുലിനു നഷ്ടപ്പെട്ടു. 115 പന്തില്‍ നിന്നാണ് രാഹുല്‍ 97 റണ്‍സ് നേടിയത്. കോലിക്കു ശേഷമെത്തിയ ഹാര്‍ദിക് പാണ്ഡ്യ 11 റണ്‍സെടുത്തു. പാണ്ഡ്യ ആവേശം അല്പം കുറച്ചിരുന്നുവെങ്കില് രാഹുലിനു സെഞ്ചുറി തികയ്ക്കാന്‍ കഴിയുമായിരുന്നു.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ച ഓസ്ട്രേലിയയെ 199ന് ഇന്ത്യന്‍ ബോളര്‍മാര്‍ പുറത്താക്കി. രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ കുല്‍ദീപ് യാദവും ജസ്പ്രീത് ബുംറയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസീസിനായി സ്റ്റീവ് സ്മിത്തും (46) ഡേവിഡ് വാര്‍ണറുമാണ് (41) അല്പമെങ്കിലും ചെറുത്തുനിന്നത്. ഇന്ത്യന്‍ ബോളര്‍മാര്‍ ലോകോത്തര നിലവാരത്തില്‍ തന്നെയാണ് പന്തെറിഞ്ഞത്.
ബുധനാഴ്ച ന്യൂഡല്‍ഹിയില്‍ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ അഫ്ഗാനിസ്ഥാനെതിരേയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
Summary: In the first match of the ODI World Cup, India came back from the pit of collapse and defeated Australia by six wickets. India won with 52 balls to spare.
COMMENTS