V.D Satheesan is against CM Pinarayi Vijayan
തിരുവനന്തപുരം: സഹകരണ തട്ടിപ്പ് വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. തട്ടിപ്പുകാരായ സി.പി.എം നേതാക്കളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് അപഹാസ്യമാണെന്നും കൊളളക്കാര്‍ക്ക് കുട പിടിക്കുന്ന മുഖ്യമന്ത്രി സഹകരണ മേഖലയുടെ വിശ്വാസ്യതയെ പിന്നില്‍ നിന്ന് കുത്തുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിച്ചു.
പാത്രത്തിലാകെ കറുത്ത വറ്റുകളാണെന്ന് മുഖ്യമന്ത്രി മനസിലാക്കണമെന്നും സംസ്ഥാനത്തെ സഹകരണ മേഖലയ്ക്ക് ഒരു കോട്ടവും സംഭവിക്കരുതെന്ന് പ്രതിപക്ഷം ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നതുകൊണ്ടാണ് കൊള്ളക്കാരെ തള്ളിപ്പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കൊളളക്കാരെ ന്യായീകരിക്കുന്ന മുഖ്യമന്ത്രി നിക്ഷേപകരുടെ കണ്ണീര് കാണാത്തത് എന്തുകൊണ്ടാണെന്നു ചോദിച്ച അദ്ദേഹം സഹകരണ മേഖലയിലെ കള്ളനാണയങ്ങളെ പുറത്താക്കി ശുദ്ധീകരണം നടത്തുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും ചൂണ്ടിക്കാട്ടി.
കേരളത്തിലെ സഹകരണ മേഖലയുടെ ചരിത്രത്തിലെ സമാനതകളില്ലാത്ത കൊള്ളയാണ് കരുവന്നൂരില്‍ നടന്നത്. തൃശൂരിലെ സഹകരണ ബാങ്കുകളില്‍ മാത്രം 500 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ട്.
സംസ്ഥാനത്തെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയുടെ പ്രത്യാഘാതം ജനജീവിതത്തെ ബാധിച്ചുതുടങ്ങിയെന്നു പറഞ്ഞ പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടേയും മണ്ഡല പര്യടനവും കേരളീയം പരിപാടിയും ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പ് പ്രചരണമാണെന്നും അതുമായി സഹകരിക്കില്ലെന്നും വ്യക്തമാക്കി.
Keywords: V.D Satheesan, Pinarayi Vijayan, Co operative bank scam
COMMENTS