ന്യൂഡല്‍ഹി: ഇന്ത്യ ആതിഥ്യം വഹിക്കുന്ന ജി-20 ഉച്ചകോടിയുടെ പതിനെട്ടാം പതിപ്പിന് ഡല്‍ഹിയില്‍ ഇന്ന് തുടക്കമാകും. പ്രഗതി മൈതാനത്തെ പ്രത്യേകം സജ്ജ...
ന്യൂഡല്‍ഹി: ഇന്ത്യ ആതിഥ്യം വഹിക്കുന്ന ജി-20 ഉച്ചകോടിയുടെ പതിനെട്ടാം പതിപ്പിന് ഡല്‍ഹിയില്‍ ഇന്ന് തുടക്കമാകും. പ്രഗതി മൈതാനത്തെ പ്രത്യേകം സജ്ജമാക്കിയ ഭാരത് മണ്ഡപത്തില്‍ ഇരുപതോളം രാഷ്ട്രത്തലവന്മാരും യൂറോപ്യന്‍ യൂണിയന്‍, ആഫ്രിക്കന്‍ യൂണിയന്‍ തലവന്മാരും യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറെസും പങ്കെടുക്കും. നിലവിലെ കാബിനറ്റിലെ വിദേശ പ്രതിനിധികളായ പാര്‍ലമെന്റേറിയന്‍മാര്‍ക്കും മന്ത്രിമാര്‍ക്കും പുറമേ, ജി20 ഉച്ചകോടി അത്താഴവിരുന്നില്‍ രാജ്യത്തെ മുന്‍ മുതിര്‍ന്ന നേതാക്കളില്‍ ചിലരും പങ്കെടുക്കും.
ആദ്യമായാണ് ജി-20 ഉച്ചകോടി ഇന്ത്യയില്‍ നടക്കുന്നത്. ഇതിന്റെ ഭാഗമായി പ്രധാനവേദിക്ക് പുറമേ ഡല്‍ഹി നഗര ഹൃദയത്തിലെ വന്‍ സൗന്ദര്യവല്‍ക്കരണ പ്രവര്‍ത്തനവും പൂര്‍ത്തിയായി. പ്രധാന വേദിക്ക് മുന്നില്‍ നടരാജ വിഗ്രഹവും സ്ഥാപിച്ചിട്ടുണ്ട്.
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, ചൈനീസ് പ്രധാനമന്ത്രി ലി ചിയാങ് അടക്കമുള്ളവര്‍ ഡല്‍ഹിയിലെത്തി.
ഇന്ന് രാവിലെ പത്തരയോടെ നേതാക്കള്‍ ഭാരത് മണ്ഡലത്തിലെത്തും. പത്തര മുതല്‍ പതിനൊന്നര വരെ 'ഒരു ഭൂമി ' എന്ന സന്ദേശമുയര്‍ത്തിയുള്ള ആദ്യ സെഷന്‍ നടക്കും. ഉച്ചഭക്ഷണത്തിന് പിരിയുന്ന നേതാക്കള്‍ അനൗദ്യോഗിക കൂടിക്കാഴ്ചകള്‍ മൂന്നരവരെ നടത്തും. മൂന്നുമുതല്‍ 4.45വരെ രണ്ടാം സെഷന്‍ നടക്കും.
നാളെ രാവിലെ 8.15 ന് ഗാന്ധി സമാധി, നേതാക്കള്‍ സന്ദര്‍ശിക്കും. പത്തരയ്ക്കാണ് അവസാന സെഷന്‍ തുടങ്ങുക. സംയുക്ത പ്രസ്താവന സാധ്യമായാല്‍ അത് പാസാക്കി ഉച്ചകോടിക്ക് തിരശ്ശീല വീഴും.
കഴിഞ്ഞ വര്‍ഷം നവംബറില്‍ ഇന്ത്യ ജി 20 പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തു, ജി 20 യുടെ അടുത്ത പ്രസിഡന്റ് സ്ഥാനം അടുത്ത വര്‍ഷം ബ്രസീലിനും തുടര്‍ന്ന് 2025 ല്‍ ദക്ഷിണാഫ്രിക്കയ്ക്കും കൈമാറും.
COMMENTS