കോട്ടയം: സംസ്ഥാനസര്‍ക്കാരിന്റെ വിലയിരുത്തലെന്നും, ഉമ്മന്‍ചാണ്ടിക്ക് പുതുപ്പള്ളി നല്‍കുന്ന യാത്ര അയപ്പെന്നുമൊക്കെ നിരവധി വിശേഷണങ്ങളിലൂടെ കടന്...
കോട്ടയം: സംസ്ഥാനസര്‍ക്കാരിന്റെ വിലയിരുത്തലെന്നും, ഉമ്മന്‍ചാണ്ടിക്ക് പുതുപ്പള്ളി നല്‍കുന്ന യാത്ര അയപ്പെന്നുമൊക്കെ നിരവധി വിശേഷണങ്ങളിലൂടെ കടന്ന് ഒടുവില്‍ പുതുപ്പള്ളി പോളിംഗ് ബൂത്തിലെത്തി.
രാവിലെ ഏഴുമണി മുതല്‍ വൈകിട്ട് ആറുമണിവരെയാണ് പോളിംഗ്. പോളിങ് സ്റ്റേഷന്റെ 100 മീറ്റര്‍ പരിധിക്കുള്ളില്‍ മൊബൈല്‍ ഫോണുകള്‍ കൈയില്‍ കരുതാനോ ഉപയോഗിക്കാനോ അനുവദിക്കില്ല. തിരഞ്ഞെടുപ്പു കമ്മീഷന്‍ നിയോഗിച്ചിട്ടുള്ള നിരീക്ഷകര്‍ക്കും തിരഞ്ഞെടുപ്പ്, സുരക്ഷാ ജീവനക്കാര്‍ക്കും മാത്രമാണ് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ അനുമതിയുള്ളത്.
90,281 സ്ത്രീകളും 86,132 പുരുഷന്മാരും നാലു ട്രാന്‍സ്ജെന്‍ഡറുകളും ഉള്‍പ്പെടെ 1,76,417 വോട്ടര്‍മാരാണ് പുതുപ്പള്ളിയിലുള്ളത്. 182 പോളിങ് ബൂത്തുകളാണ് മണ്ഡലത്തില്‍ ക്രമീകരിച്ചിരിക്കുന്നത്. 182 ബൂത്തുകളിലും വെബ്കാസ്റ്റിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ 5.30 മുതല്‍ പോളിങ് അവസാനിക്കുന്നതുവരെയുള്ള നടപടികള്‍ കലക്ട്രേറ്റിലെ കണ്‍ട്രോള്‍ റൂമിലൂടെ തത്സമയം അറിയാം.
വൈകീട്ട് ആറു മണിയോടെ പോളിങ് പൂര്‍ത്തിയായാല്‍ പിന്നെ ഫലമറിയാനുള്ള കാത്തിരിപ്പാണ്. എട്ടിനാണു വോട്ടെണ്ണല്‍. കോട്ടയം ബസേലിയോസ് കോളജ് ഓഡിറ്റോറിയത്തില്‍ സജ്ജമാക്കിയിട്ടുള്ള കൗണ്ടിങ് കേന്ദ്രത്തില്‍ രാവിലെ എട്ടു മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും. 13 റൗണ്ടുകളായാണ് വോട്ടെണ്ണല്‍ നടക്കുക. വോട്ടെണ്ണലിന് 74 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തോടെയാണ് പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടത്. മകന്‍ ചാണ്ടി ഉമ്മനെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാക്കിയത് വിജയത്തില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കാതെ തന്നെയാണ്. രാഷ്ട്രീയ അധിക്ഷേപങ്ങള്‍ക്കും പോരാട്ടങ്ങള്‍ക്കുമപ്പുറം സ്ഥാനാര്‍ത്ഥികളുമായി ബന്ധപ്പെട്ട സ്ത്രീകളെയും സൈബര്‍ പോരാളികള്‍ തിരഞ്ഞെടുപ്പിലേക്ക് വലിച്ചിഴച്ചാണ് പുതുപ്പള്ളിയില്‍ തരംഗങ്ങളുണ്ടാക്കിയത്. ഉമ്മന്‍ ചാണ്ടിയുടെ മകളും ചാണ്ടി ഉമ്മന്റെ സഹോദരിയുമായ അച്ചു ഉമ്മനെയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക്കിന്റെ ഭാര്യ ഗീതു തോമസിനെയും സൈബര്‍ ഇടത്തിലേക്ക് വലിച്ചിഴച്ചിരുന്നു. ഗര്‍ഭിണിയായ ഗീതു വോട്ട് തേടിയിറങ്ങിയ ദൃശ്യങ്ങല്‍ പങ്കുവെച്ചായിരുന്നു സൈബര്‍ ആക്രമണം. ഇതിനെതിരെ ഗീതു എസ്.പി ക്ക് പരാതി നല്‍കിയിരുന്നു. അച്ചു ഉമ്മനും സൈബര്‍ അധിക്ഷേപങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചിരുന്നു.
Keywords: Polling , Started , Puthupally
COMMENTS