ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ പഴയ മന്ദിരത്തോട് വിട പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. പുതിയ മന്ദിരത്തിലേക്ക് പോകുന്ന...
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ പഴയ മന്ദിരത്തോട് വിട പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. പുതിയ മന്ദിരത്തിലേക്ക് പോകുന്നതിന് മുമ്പ് രാജ്യത്തിന്റെ 75വര്‍ഷത്തെ പാര്‍ലമെന്ററി യാത്രയെക്കുറിച്ച് ഓര്‍മ്മിച്ചുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗിച്ചത്. പണ്ഡിറ്റ് നെഹ്റു 'അര്‍ദ്ധരാത്രിയില്‍' സംസാരിച്ചത് ഈ പാര്‍ലമെന്റിലാണ്, അത് ഇന്നും എല്ലാവരെയും പ്രചോദിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
7,500ലധികം അംഗങ്ങള്‍ ഇതുവരെ ഇരുസഭകളിലേക്കും സംഭാവന നല്‍കിയിട്ടുണ്ട്. ഏകദേശം 600 വനിതാ എംപിമാര്‍ ഇരുസഭകളുടെയും അന്തസ്സ് ഉയര്‍ത്തിയെന്നും പ്രധാനമന്ത്രി. ഈ സഭയുടെ 75 വര്‍ഷത്തെ ഏറ്റവും വലിയ നേട്ടം പാര്‍ലമെന്റില്‍ ജനങ്ങളുടെ വര്‍ദ്ധിച്ചുവരുന്ന വിശ്വാസമാണെന്നും മോദി. പാര്‍ലമെന്റിന്റെ സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കുന്നതില്‍ ചേംബര്‍ അറ്റന്‍ഡന്റുകളുടെയും ഹൗസ് ഉദ്യോഗസ്ഥരുടെയും സംഭാവനകളെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു.
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ കാലത്ത് നടന്ന വോട്ടിന് വേണ്ടിയുള്ള പണമിടപാട് അഴിമതിമുതല്‍ 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നത് അടക്കമുള്ള എല്ലാത്തിനും ഈ പാര്‍ലമെന്റ് സാക്ഷിയാണെന്ന് അദ്ദേഹം ഓര്‍മ്മപ്പെടുത്തി.
ഈ പാര്‍ലമെന്റില്‍ വെറും നാല് എംപിമാരുള്ള പാര്‍ട്ടി അധികാരത്തില്‍ ഇരിക്കുന്നത് കണ്ടു, നൂറിലധികം എംപിമാരുള്ള പാര്‍ട്ടി പ്രതിപക്ഷത്തിരിക്കുന്നതും എന്നും മോദി.
ചന്ദ്രയാന്‍ 3ന്റെ വിജയത്തെ അഭിമാനപൂര്‍വ്വം ചൂണ്ടിക്കാണിച്ച പ്രധാനമന്ത്രി രാജ്യത്തിന്റെ സാങ്കേതിക മുന്നേറ്റത്തിന്റെ നേട്ടം ഭാരതത്തിന്റെ പുതിയ അവതാരപ്പിറവിയെയാണ് കാണിക്കുന്നതെന്നും പറഞ്ഞു. നേട്ടത്തില്‍ രാജ്യത്തെ ശാസ്ത്രജ്ഞരെ അഭിനന്ദിക്കുന്നതായും പ്രധാനമന്ത്രി വ്യക്തമാക്കി. ജി20 ഉച്ചകോടിയുടെ വിജയത്തെ എല്ലാവരും ഐക്യകണ്ഠേന അഭിനന്ദിച്ചു. ഇത് ഭാരതത്തിന്റെ ആകെ വിജയമാണ്. ഇത് ഏതെങ്കിലും വ്യക്തിയുടെയോ പാര്‍ട്ടിയുടെയോ വിജയമല്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
നമ്മളെല്ലാവരും ഈ ചരിത്ര മന്ദിരത്തോട് വിടപറയുകയാണ്. സ്വാതന്ത്ര്യത്തിന് മുമ്പ് ഈ മന്ദിരം സാമ്രാജ്യത്വ ലെജിസ്ലേറ്റീവ് കൗണ്‍സിലായിരുന്നു. സ്വാതന്ത്ര്യത്തിന് ശേഷം ഈ മന്ദിരം പാര്‍ലമെന്റ് മന്ദിരം എന്ന അസ്ഥിത്വം സ്വന്തമാക്കി. ഈ കെട്ടിടം നിര്‍മ്മിക്കാനുള്ള തീരുമാനം എടുത്തത് വിദേശികളാണ് എന്നത് സത്യമാണ് എന്നാല്‍ ഈ കെട്ടിടത്തിനായി നഷ്ടപ്പെടുത്തിയ വിയര്‍പ്പും വിനിയോഗിച്ച പണവും അധ്വാനം എന്റെ രാജ്യത്തെ ജനങ്ങളുടേതാണെന്ന് അഭിമാനത്തോടെ പറയാന്‍ സാധിക്കും. നമ്മള്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് പോകുകയാണ്. പക്ഷേ പഴയ പാര്‍ലമെന്റ് മന്ദിരം വരുന്ന തലമുറയെയും പ്രചോദിപ്പിച്ച് നിലനില്‍ക്കുമെന്നും സൂചിപ്പിച്ചായിരുന്നു മോദിയുടെ പ്രസംഗം.
Keywords: Modi, Parliament, India, Delhi
 

 
							     
							     
							     
							    
 
 
 
 
 
COMMENTS