ചെന്നൈ: സനാതന ധര്‍മ്മത്തെക്കുറിച്ചുള്ള തന്റെ പരാമര്‍ശത്തിന്റെ പേരില്‍ വിവാദത്തിലായ തമിഴ്നാട് കായിക യുവജനകാര്യ മന്ത്രി ഉദയനിധി സ്റ്റാലിന്‍, വ...
ചെന്നൈ: സനാതന ധര്‍മ്മത്തെക്കുറിച്ചുള്ള തന്റെ പരാമര്‍ശത്തിന്റെ പേരില്‍ വിവാദത്തിലായ തമിഴ്നാട് കായിക യുവജനകാര്യ മന്ത്രി ഉദയനിധി സ്റ്റാലിന്‍, വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി ഡിഎംകെ പ്രവര്‍ത്തകര്‍ക്ക് നാല് പേജുള്ള തുറന്ന കത്തെഴുതി. ഉദയനിധി ദ്രാവിഡ സമത്വ നിലപാടില്‍ ഉറച്ചുനില്‍ക്കുമ്പോള്‍, ഡിഎംകെ ഒരു മതത്തിനും എതിരല്ലെന്ന് ഉദയനിധി കത്തില്‍ പറഞ്ഞു.
അന്തരിച്ച ഡിഎംകെ സൈദ്ധാന്തികനും തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയുമായ സി.എന്‍. അണ്ണാദുരൈയെ ഉദ്ധരിച്ച് ഉദയനിധി പറഞ്ഞു, 'ഒരു മതം സമത്വവും ജാതിരഹിത സമൂഹവും പ്രഖ്യാപിക്കുകയാണെങ്കില്‍ അവന്‍ ഒരു ആത്മീയ വ്യക്തിയായി മാറും, എന്നാല്‍ ഒരു മതം ജാതീയത പ്രോത്സാഹിപ്പിക്കുകയാണെങ്കില്‍ അതിനെ ആദ്യം എതിര്‍ക്കുന്നത് അവനായിരിക്കും'.
തന്റെ തലവെട്ടുന്നവര്‍ക്ക് 10 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച അയോധ്യാ സ്വാമി പരമഹാന്മാര്‍ക്കെതിരെ നടപടിയെടുക്കരുതെന്നും ഉദയനിധി സ്റ്റാലിന്‍ സംസ്ഥാന സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. ദര്‍ശകനായ പരമഹാന്മാരുടെ കോലം കത്തിക്കുന്നതിലേക്ക് നീങ്ങരുതെന്നും അദ്ദേഹം അണികളോട് ആഹ്വാനം ചെയ്തു.
തന്റെ പ്രസ്താവന വളച്ചൊടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പോലും തന്റെ പരാമര്‍ശം വളച്ചൊടിച്ചെന്നും ഉദയനിധി പറഞ്ഞു.
കൊതുകും ഡെങ്കിയും മലേറിയയും കൊറോണയും പോലെ സനാതന ധര്‍മ്മവും തുടച്ചുനീക്കപ്പെടേണ്ടതുണ്ടെന്ന് ഉദയനിധി സ്റ്റാലിന്‍ ഒരു പൊതുപരിപാടിയില്‍ പറഞ്ഞിരുന്നു. ഇതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു. രാജ്യത്തെ ഹിന്ദുക്കളെ ഉന്മൂലനം ചെയ്യണമെന്ന് ഉദയനിധി ആഹ്വാനം ചെയ്തതായി പാര്‍ട്ടിയുടെ ഐടി സെല്‍ മേധാവി അമിത് മാളവ്യ സോഷ്യല്‍ മീഡിയ പോസ്റ്റിട്ടതോടെയാണ് ദേശീയ തലത്തില്‍ ബിജെപി വിഷയം ഏറ്റെടുത്തത്.
Keywords: Udayanidhi Stalin, Bjp, TamilNadu, Sanathana Dharma
COMMENTS