കൊച്ചി: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ കെ.എസ്.ആര്‍.ടി.സിയില്‍ കോടതി ഇടപെട്ടാലേ ജീവനക്കാര്‍ക്ക് ശമ്പളംപോലും ലഭിക്കൂ എന്ന സ്ഥിതിയാണ് ഇപ്പോഴുള്...
കൊച്ചി: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ കെ.എസ്.ആര്‍.ടി.സിയില്‍ കോടതി ഇടപെട്ടാലേ ജീവനക്കാര്‍ക്ക് ശമ്പളംപോലും ലഭിക്കൂ എന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. എന്നാല്‍ ഇത്തവണ ഓണം അടുത്തിട്ടുപോലും ശമ്പളത്തിന്റെ പേരില്‍ ജീവനക്കാര്‍ക്ക് അനുകൂല നിലപാട് അധികൃതര്‍ കാണിക്കുന്നില്ല.
കെഎസ്ആര്‍ടിസിയില്‍ ശമ്പളം പണം ആയി തന്നെ കൊടുക്കണമെന്നും കൂപ്പണ്‍ വിതരണം അനുവദിക്കില്ലെന്നും ഇന്ന് ഹൈക്കോടതി വ്യക്തമാക്കി. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം വൈകുന്നതില്‍ കടുത്ത വിമര്‍ശനമുന്നയിച്ച ഹൈക്കോടതി കഴിഞ്ഞ മാസത്തെ ശമ്പളമെങ്കിലും കൊടുക്കൂ എന്ന് സര്‍ക്കാരിനോട് നിര്‍ദേശിച്ചു.
ശമ്പളവിതരണ കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാട് എന്തെന്ന് ആരാഞ്ഞ കോടതി, ആഗസ്റ്റിലെ ശമ്പളം കൊടുത്താലേ ജീവനക്കാര്‍ക്ക് ശരിക്കും ഓണം ആഘോഷിക്കാനാകുവെന്നും പറഞ്ഞു.
കഴിഞ്ഞവര്‍ഷവും ഓണത്തിന് ശമ്പളം നല്‍കണമെന്ന ഉത്തരവ് കോടതിയില്‍ നിന്നുണ്ടായിരുന്നു. എന്നാല്‍ ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോവുകയും തുടര്‍ന്ന് ശമ്പളം പണമായും കൂപ്പണമായും നല്‍കാമെന്ന തീരുമാനത്തിലെത്തുകയുമായിരുന്നു. എന്നാല്‍ ഇത്തവണ അത് അനുവദിക്കില്ലെന്നും കൂപ്പണ്‍ നല്‍കേണ്ട, പണമായി നല്‍കിയാല്‍ മതിയെന്നുമാണ് കോടതിയുടെ നിലപാട്.
ശമ്പളം നല്‍കണമെന്ന കാര്യം എപ്പോഴും കോടതിയെക്കൊണ്ട് ഓര്‍മിപ്പിക്കുന്നത് എന്തിനെന്ന് കോടതിചോദിച്ചു.
COMMENTS